Sunday, 6 Oct 2024

ഷിർദ്ദി സായിനാഥൻ സമ്മാനിച്ച ജീവിത വിജയ മന്ത്രം ഇതാണ്

കാരുണ്യത്തിന്റെ കടലാണ് ശ്രീഷിർദ്ദി സായിനാഥൻ. ആ പദാരവിന്ദങ്ങളിൽ തികഞ്ഞ ഭക്തിയോടെ, വിശ്വാസത്തോടെ ശിരസ് കുമ്പിട്ട് നമ്മൾ ജീവിത ദുഃഖങ്ങൾ കൊണ്ടു വയ്ക്കുക മാത്രം ചെയ്താൽ മതി ബാക്കിയെല്ലാം ഭഗവാൻ നോക്കിക്കൊള്ളും. നിങ്ങളുടെ ഹൃദയത്തിൽ ഞാനുള്ളപ്പോൾ എന്തിന് ഭയപ്പെടണം എന്ന് ചോദിക്കുന്ന ഷിർദ്ദി സായിനാഥൻ സദാസമയവും തന്റെ ഭക്തരെ കാത്തു രക്ഷിക്കുക മാത്രമല്ല അവർക്ക് വേണ്ടത് എന്താണെന്ന് അറിഞ്ഞ് നൽകി അനുഗ്രഹിക്കുകയും ചെയ്യും. ഭൗതിക ജീവിത ക്ഷേമത്തിന് വേണ്ടതും മാനസികമായ നിലനിൽപ്പിന് ആവശ്യമുളളതും യാതൊരു ലോപവും കൂടാതെ തന്ന് ബാബ അനുഗ്രഹിക്കും. ഇത് ഭക്തിയും വിശ്വാസവുമുളള എല്ലാ ഭക്തരുടെയും അനുഭവമാണ്. അമ്മ വിളിക്കാതെ ആർക്കും മൂകാംബികയിൽ എത്താൻ കഴിയില്ല എന്ന് പറയാറില്ലെ, അതുപോലെയാണ് ബാബയുടെ ഭക്തർ ആകുന്നതും. അപാരമായ ജന്മപുണ്യം ഉള്ളവർക്ക് മാത്രമേ ബാബയുടെ ഭക്തരാകാൻ പോലും കഴിയൂ. ആരെ ഭക്തരാക്കണം എന്ന് ബാബയാണ് നിശ്ചയിക്കുക. എത്ര ശ്രമിയാലും ആ തീരുമാനത്തിൽ നിന്നും കുതറി മാറാനും ഒരാൾക്കും കഴിയില്ല. എത്ര ഓടി മാറിയാലും ബാബ അപ്പോൾ തന്നോട് ചേർത്ത് പിടിച്ച് കാരുണ്യം ചൊരിയും. ആ സ്നേഹ പാശത്തിൽ ബന്ധിതരായാൽ പിന്നെ ഒന്നും ഭയക്കേണ്ട വേണ്ടതെല്ലാം നമ്മെ തേടി വരും.അതെ, എ‌പ്പോഴും കരുണാപൂർണ്ണനാണ് ബാബ. നമ്മുടെ ചുമതല മനസ്‌ നിറയെ ഭക്തിയും വിശ്വസവും ബാബയ്ക്ക് നൽകുക മാത്രമാണ്.

ഈ ലോകത്ത് നിന്നും ഷിർദ്ദി സായിബാബ ഭൗതിക ദേഹം ഉപേക്ഷിച്ച് പോയിട്ട് ഈ വിജയദശമി ദിവസം 102 സംവത്സരങ്ങൾ പൂർത്തിയാകുന്നു . 1918 ലെ വിജയദശമി നാളിലായിരുന്നു ബാബയുടെ ദിവ്യ സമാധി. ശരീരം ഉപേക്ഷിച്ച് പോയാലും എപ്പോഴും തന്റെ ഭക്തരുടെ കൂടെയുണ്ടാകുമെന്ന് ബാബതന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ സാന്നിദ്ധ്യം എല്ലാ ഭക്തരുടെയും അനുഭവമാണ്. ബാബയിൽ ഉറച്ച വിശ്വാസവും ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും. ജീവിത യാത്രയില്‍ വിജയം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ബാബയുടെ വാക്കുകൾ ശിരസാ വഹിക്കുക ആണ് – ശ്രദ്ധാ സബൂരി എന്നാണ് ബാബ പറയുന്നത്. വിശ്വാസം, ഭക്തി – ഈ രണ്ട് സദ്ഗുണങ്ങൾ ആർജ്ജിക്കാൻ കഴിയുന്നതോടെ ഒരു ഭക്തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും. ഭക്തിയിലൂടെ നമുക്ക് വിശ്വാസത്തിലേക്കും വിശ്വാസത്തിലൂടെ ഭക്തിയിലേക്കും സഞ്ചരിക്കാൻ കഴിയും. രണ്ടും അത്രമാത്രം പരസ്പര പൂരകങ്ങളാണ്. ഇതിൽ ഒന്നിലൂടെ സഞ്ചരിച്ചാൽ മറ്റേതിൽ എത്തും. യാത്ര ഏതിൽ നിന്നും ആരംഭിക്കണം എന്ന് ഒരോ ഭക്തർക്കും സ്വന്തം അനുഭവങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സ്വയം തിരഞ്ഞെടുക്കാം. ഈ സഞ്ചാരം സഫലമാകുമ്പോൾ ഈശ്വരേച്ഛയ്ക്ക് കീഴടങ്ങാനുള്ള ക്ഷമ നമ്മൾ ആര്‍ജ്ജിച്ചിരിക്കും. ക്ഷമ എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പെട്ടെന്ന് വേണം എന്ന ആഗ്രഹത്തെയും മനസിന്റെ തിടുക്കത്തെയും അടക്കമില്ലായ്മകളെയും അതിജീവിക്കുക മാത്രമല്ല – എല്ലാം സ്വാഭാവികമായി തന്നെ സംഭവിക്കുന്നതിന് കാത്തിരിക്കാനുള്ള കഴിവ് ആര്‍ജ്ജിക്കുകയാണ്. ഇങ്ങനെ ആർജ്ജിക്കുന്ന ക്ഷമ നമ്മെ പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കാന്‍ പ്രാപ്തരാക്കും. അതോടെ നമുക്ക് എന്തിനെയും ക്ഷോഭവും കോപവും ഇല്ലാതെ സ്വീകരിക്കാന്‍ സാധിക്കും. വിശ്വാസത്തെയും ക്ഷമയെയും വിലയിരുത്താന്‍ കഴിയുമ്പോഴാണ് ഒരു വ്യക്തിയിൽ വിവേകം ഉദിക്കുന്നത്. ക്ഷമ വിശ്വാസത്തില്‍ നിന്നാണ് ഉറവപൊട്ടുന്നത്. കാലങ്ങളെടുത്തത്താണ് അത് ദൃഢമായി മാറുന്നത്. ക്ഷമയും വിശ്വാസവും പരസ്പരം ബന്ധിതങ്ങളാണെങ്കില്‍ എന്തിനാണ് രണ്ടിനെയും കുറിച്ച് പറയുന്നത്. ഒന്നു മാത്രം പോരെ എന്ന് ചിലർ ചോദിച്ചേക്കാം. പോരാ എന്നാണ് ഇതിനുള്ള മറുപടി. നമ്മള്‍ വിശ്വാസം മാത്രം ദൃഢീകരിച്ചാല്‍ അത് അന്ധവിശ്വാസത്തെയാകും പ്രോത്സാഹിപ്പിക്കുക. മറുവശത്ത് ക്ഷമയെ മാത്രം ആശ്രയിച്ചാൽ, അലസതയിലേക്കും കർമ്മവിമുഖതയിലേക്കും നയിക്കും. ഉത്തരവാദിത്വങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. അവിടെയാണ് വിവേകത്തോടെയുള്ള സമീപനത്തിന്റെ പ്രസക്തി. അതിനാൽ തികഞ്ഞ ഭക്തിയോടെ വിശ്വാസത്തോടെ നമുക്ക് എല്ലാ സങ്കടങ്ങളും മോഹങ്ങളും സായിനാഥന്റെ പാദങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. കർമ്മ നിരതരാകാം. എല്ലാത്തിനും ബാബ പോംവഴി കാണും.

ഓം സായി നമോ നമ:
ശ്രീസായി നമോ നമ:
ജയ് ജയ് സായി നമോ നമ:
സദ്ഗുരു സായി നമോ നമ:

ശിവ നാരായണൻ

error: Content is protected !!
Exit mobile version