ജപിക്കുന്നവർക്കും കേൾക്കുന്നവർക്കും മികച്ച രക്ഷാ കവചം ഭദ്രകാളിപ്പത്ത്
മംഗള ഗൗരി
കഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ, പല തരത്തിലെ കഷ്ടപ്പാടുകൾ തുടങ്ങിയവ നേരിടുന്നവർക്ക് മാത്രമല്ല എല്ലാവിധത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ നിന്നുമുള്ള മികച്ച ഒരു രക്ഷാകവചമാണ് ഭദ്രകാളിപ്പത്ത് ജപം.
പരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളി ദേവിയെ സ്തുതിക്കുന്ന ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന പത്ത് ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ സർവമംഗളമാണ് ഫലം. എല്ലാ ദിവസവും ജപിക്കാമെങ്കിലും ഭദ്രകാളി ഭക്തർ ചൊവ്വ, വെള്ളി, അമാവാസി, മകരഭരണി, കുംഭഭരണി, മീനഭരണി ദിവസങ്ങളിൽ ഒരു കാരണവശാലും ഈ ജപം മുടക്കരുത്. ദേവീ ഉപാസനയ്ക്ക് അതിവേഗത്തിൽ ഫലം
കിട്ടുന്ന മകരം, കുംഭം മീന മാസത്തിൽ ഭദ്രകാളിപ്പത്ത്
ജപിക്കുന്നത് ഏറ്റവും ഗുണപ്രദമാണ്.
രാവിലെയാണ് ജപത്തിന് ഏറ്റവും ഉത്തമം. കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായിരുന്ന് ജപിക്കണം. ഭദ്രകാളി സ്തുതികൾ കുറഞ്ഞത് മൂന്ന് തവണ തുടർച്ചയായി ജപിക്കുന്നത് ഏറെ ഉത്തമം ആയിരിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.
ആധിവ്യാധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭയം, ഉത്കണ്ഠ, കുടുംബ പ്രശ്നങ്ങൾ, ശത്രു പീഡകൾ എന്നിവ കാരണം ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കും മികച്ച ദോഷപരിഹാര മാർഗ്ഗമാണ് ഈ ജപം. എല്ലാ വിപരീത ശക്തികളിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഈ കാളീ സ്തുതി ഭദ്രകാളി ക്ഷേത്രത്തിൽ വച്ച് ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും.
അസുര നിഗ്രഹത്തിനായി അവതരിച്ച ഭദ്രകാളി കാഴ്ചയിൽ ഘോരരൂപിണി എങ്കിലും
ആശ്രിതവത്സലയാണ്. അജ്ഞാനം നശിപ്പിച്ച്
ലോകത്തെ സംരക്ഷിക്കുന്ന മാതൃഭാവ ദേവതയാണ്
പരമശിവന്റെ ജടയിൽ നിന്നും അവതരിച്ച ശ്രീ ഭദ്രകാളി.
പാർവതി സ്വീകരിച്ച തമോഗുണമെന്നും ശിവപുത്രി എന്നും എട്ടു കൈകളുള്ള കാളിയെക്കുറിച്ച് സങ്കല്പമുണ്ട്.
കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത്:
ഭദ്രകാളിപ്പത്ത്
കണ്ഠേ കാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ദാരുകാദി മഹാദുഷ്ട –
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളീ നമോസ്തുതേ
സർവവ്യാധി പ്രശമനി
സർവമൃത്യുനിവാരണി
സർവമന്ത്രസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഓതുവോർക്കും
ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം
ശ്രീ ഭദ്രകാള്യൈ നമഃ
Story Summary: Significance and Benefits of Bhadrakali Pathu chanting
Tags
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved