വെള്ളിയാഴ്ച ഭദ്രകാളി ജയന്തി; ഇങ്ങനെ ഭജിച്ചാൽ പെട്ടെന്ന് അനുഗ്രഹം
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
മംഗള ഗൗരി
ദുഷ്ടരെ ശിക്ഷിക്കുകയും ശിഷ്ടരെ രക്ഷിക്കുകയും ചെയ്യുന്ന സംഹാരശക്തിയുടെ പ്രതിരൂപമായ ഭദ്രകാളി ഭഗവതിയുടെ അവതാര ദിവസമാണ് മേടം / ഇടവം മാസം കൃഷ്ണപക്ഷത്തിലെ അപരാ ഏകാദശി. കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഭഗവതി സങ്കല്പമായ ഭദ്രകാളീയുടെ ജയന്തി ഇത്തവണ 2025 മേയ് 23 വെള്ളിയാഴ്ചയാണ്.
പാർവ്വതി ദേവിയുടെ മൂർത്തീ ഭേദമാണ് കാളിയെന്ന് വാമനപുരാണത്തിലും ദേവീ ഭാഗവതത്തിലും പറയുന്നു: സതി ദേവിയുടെ വിയോഗമറിഞ്ഞ് കോപിഷ്ഠനായ
ശിവൻ ജട പറിച്ച് നിലത്തടിച്ചപ്പോൾ വീരഭദ്രനും കാളിയും പിറന്നു. ശിവന്റെ കല്പനപ്രകാരം ഇവർ ദക്ഷനെ വധിച്ചു. എന്നാൽ ദേവീ മാഹാത്മ്യം പറയുന്നത് ദുർഗ്ഗ കാളിയെ സൃഷ്ടിച്ചു എന്നാണ്. ദാരിക നിഗ്രഹമാണ് കാളിയുടെ അവതാര ലക്ഷ്യമെന്ന് ലിംഗപുരാണം പറയുന്നു.
ദാരികവധം കഴിഞ്ഞശേഷവും കോപമടങ്ങാത്ത കാളിയെ ശാന്തയാക്കിയത് ശ്രീ പരമേശ്വരനാണെന്നും ഐതിഹ്യമുണ്ട്. മഹിഷാസുരന്റെ മാറിൽ ചവട്ടി നിന്ന്
അവനെ ശൂലം കൊണ്ട് വധിച്ച് രക്തം കുടിച്ച് നാക്ക് നീട്ടി കപാലമാല ധരിച്ചു നിൽക്കുന്ന രൂപത്തിലാണ് കാളിയെ സങ്കല്പിക്കുന്നത്. ശക്തി സ്വരൂപിണിയായ ഭദ്രകാളിയമ്മ ദുഷ്ടരെ നശിപ്പിക്കുകയും ആശ്രിതരെ
രക്ഷിക്കുകയും ചെയ്യും. സർവ്വ മംഗളങ്ങളുടെയും സ്വരൂപമായ എന്നാണ് ഭദ്ര എന്ന വാക്കിന് അർത്ഥം. കറുത്ത നിറമുളള തമോഗുണ പ്രധാനയായ എന്നാണ് കാളിയുടെ അർത്ഥം. മൂന്ന് ലോകങ്ങളിലുമുള്ള അസുര നിഗ്രഹമാണ് ഭദ്രകാളി ഭഗവതിയുടെ അവതാര ദൗത്യം. അശരണരെയും അബലരെയും കുട്ടികളെയും സ്ത്രീകളെയും എപ്പോഴും കാളി ഭഗവതി കാത്തരുളും.
എല്ലാ ദുഖദുരിതങ്ങളുമകറ്റാൻ ഭദ്രകാളി സ്തുതികളും മന്ത്രങ്ങളും ഉത്തമ പരിഹാരമാണ്. ദേവിയുടെ അവതാര ദിവസമായ വൈശാഖം – ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ഭദ്രകാളീ പ്രീതി നേടാൻ ഏറ്റവും നല്ല ദിനങ്ങളിൽ ഒന്നാണ്. ഈ ദിവസം കാളീ ക്ഷേത്ര ദർശനം, വഴിപാടുകൾ നടത്തിയാൽ പെട്ടെന്ന് ഫലം ലഭിക്കും.
ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീം ഈശ്വരീം
മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
ഭദ്രകാളി ഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്ന: കാളീ പ്രചോദയാത്
ഭദ്രകാളി പ്രാർത്ഥന
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ
ഭരണി, പുണർതം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷതങ്ങളിൽ ജനിച്ചവർ, കുടുംബദേവതയായി ഭദ്രകാളി ദേവിയെ പൂജിക്കുന്നവർ, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശിയിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദോഷമുള്ളവർ, മീനക്കൂറിൽ ജനിച്ചവർ, ഒൻപതിൽ ചൊവ്വ നിൽക്കുന്നവർ ചന്ദ്രബലമില്ലാതെ വൃശ്ചികം രാശിയിൽ ജനിച്ചവർ, ചൊവ്വ ദശയിലുള്ള അശ്വതി, കാർത്തിക, ഉത്രം, ഉത്രാടം, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, പതിവായി ഭദ്രകാളിയെ ആരാധിക്കുന്നവർ എന്നിവരെ ഭഗവതി അതിവേഗം അനുഗ്രഹിക്കും.
ഭദ്രകാളി സംബന്ധമായ ഉപാസനകളിൽ ഏറ്റവും
ഫലപ്രദമാണ് ഭദ്രകാളിപ്പത്ത് ജപം. ആദിപരാശക്തിയുടെ രൗദ്രഭാവങ്ങളിൽ ഒന്നായ ശ്രീഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. കടുത്ത ആപത്തും ഭയവും അനുഭവിക്കുന്ന എല്ലാവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത് ജപം. കഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം തുടങ്ങിയ കഷ്ടപ്പാടുകൾ നേരിടുന്നവർക്കും മറ്റു വിധത്തിലെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഏറ്റവും നല്ല രക്ഷാകവചമാണ് പതിവായുള്ള ഈ സ്തോത്ര ജപം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കാം:
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved