Monday, 25 Nov 2024

ക്ഷേത്ര ദര്‍ശനത്തിൽ പാലിക്കേണ്ട28 ചിട്ടകൾ, ആചാരങ്ങൾ

തരവത്ത് ശങ്കരനുണ്ണി
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്ക് തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ ആവിഷ്കാരം നടക്കുന്നത്. ഒന്ന്, കായികം. രണ്ട്, വാചികം. മൂന്ന്, മാനസികം. കൈ കൂപ്പല്‍, കുമ്പിടല്‍, ഏത്തമിടല്‍, നമസ്കാരം തുടങ്ങിയവ കായികവും മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമങ്ങള്‍ തുടങ്ങിയവ ഉച്ചരിക്കുമ്പോള്‍ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നത് വാചികവും ധ്യാനം, മനനം തുടങ്ങിയവ മാനസികവുമാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകള്‍ എതൊക്കെയെന്ന് നോക്കാം.

1
ഭക്തിയോടെ മാത്രം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക
2
കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌. കാരണം ക്ഷേത്രം പോസിറ്റീവ് എനർജി പകരുന്ന ഒരു ഊര്‍ജ്ജ കേന്ദ്രമാണ്‌ . ക്ഷേത്രഘടന തന്നെ അത് പ്രകാരമാണ്.
ആ ഊര്‍ജ്ജം നമ്മളിലേക്ക് ആവാഹിക്കാനാണ്‌ ക്ഷേത്രത്തില്‍ പോകുന്നത്‌. അങ്ങനെ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാൻ പോകുമ്പോള്‍ വൃത്തിഹീനമായി പ്രവേശിക്കുന്നത് ശരിയോ തെറ്റോ എന്ന് സ്വയം വിലയിരുത്തുക. ഭഗവാന്‍ അര്‍ജുനനോട് പറയുന്നുണ്ട്: ഈ ശരീരം തന്നെയാണ് അര്‍ജുനാ ക്ഷേത്രം എന്ന്. അങ്ങനെ നോക്കുമ്പോള്‍ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന ഒരു പ്രതീതിയാണ് കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന് സാരം.
3
ചെരുപ്പ്‌, തൊപ്പി, തലപ്പാവ്‌, കൈലി, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ, തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ക്ഷേത്രദര്‍ശനം പാടില്ല.
4
തലേദിവസം അണിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.
5
മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്.
6
ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും
ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
7
നഖം, മുടി, രക്തം, തുപ്പല്‍ ഇവ ക്ഷേത്രത്തില്‍
വീഴുവാന്‍ ഇടയാവരുത്‌.
8
പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ. കാരണം പുല, വാലായ്മ എന്നിവ ഉള്ളവരിലുള്ള നെഗറ്റീവ് എനർജി അഥവാ വിപരീത ഊര്‍ജ്ജം ക്ഷേത്ര പരിസരത്ത് പരക്കും. അത് ക്ഷേത്രാഭിവൃദ്ധിയെ ക്ഷയിപ്പിക്കുന്നു. ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം – അഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം. അങ്ങനെയുള്ള ക്ഷേത്രം മേൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് സ്വയം നശിക്കുന്നു.
8
ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്. കാരണം : ദൈവത്തിൽ വിശ്വാസമില്ലാത്തവര്‍ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ദൈവത്തിന്റെ ശക്തിയെ പരിക്ഷിക്കാൻ ആണ്. അത് വഴി ഇങ്ങനെ ഒരു പ്രപഞ്ച ശക്തി ഇല്ല എന്ന് സ്ഥാപിച്ചെടുക്കാനും. ഈശ്വരൻ ഒരു പരിക്ഷണ വസ്തു അല്ല. മറിച്ച് അറിവാണ് ഈശ്വരൻ.
9
സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌ വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
കാരണം: ആർത്തവം എന്നതു സ്ത്രീശരീരങ്ങളുടെ സ്വാഭാവികമായ പ്രക്രിയയാണ്. മാസംതോറുമുള്ള ആർത്തവ ദിവസങ്ങളിൽ പരിപൂർണവിശ്രമം വേണം. വീട്ടിലേക്ക് ആവശ്യമായ നെല്ലുകുത്തലും വിറകു കീറലും അടുക്കളപ്പണിയും മറ്റുമായി അത്യധ്വാനം ചെയ്തിരുന്ന പഴയകാലത്തെ വീട്ടമ്മമാർക്കു നാലു ദിവസമെങ്കിലും പരിപൂർണവിശ്രമം നൽകാൻ വേണ്ടിയാണ് ഈ ആചാരം ഏർപ്പെടുത്തിയിരുന്നത്. ഈ ദിവസങ്ങളിൽ ശാരീരിക അധ്വാനം പാടില്ല, ലൈംഗികബന്ധം പാടില്ല, അങ്ങകലെ കുന്നിൻമുകളിലുള്ള ദേവാലയത്തിലേക്കു നടന്നുപോയി ദർശനം പാടില്ല. തുടങ്ങിയ വിലക്കുകളൊക്കെ വന്നതു വിലങ്ങുകളായല്ല, മറിച്ചു സ്ത്രീകളെ അധ്വാനഭാരത്തിൽ നിന്നു സ്വതന്ത്രരാക്കി സ്വസ്ഥരാക്കുന്നതിനുള്ള ഉപായങ്ങളായിട്ടായിരുന്നു. ശരീരത്തിൽ നിന്നു രക്തം അമിതമായി നഷ്ടപ്പെടുന്ന ആർത്തവദിവസങ്ങളിൽ സ്ത്രീകൾക്കു കഴിയുന്നത്ര വിശ്രമം വേണമെന്ന കാര്യം വൈദ്യശാസ്ത്രവും അംഗീകരിക്കുന്നുണ്ട്.
10
ഗർഭിണികൾക്ക്‌ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌ വരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിന്റെ കാരണം മാതൃശിശു സംരക്ഷണം തന്നെ. ഗര്‍ഭിണികളെ കരുതലോടെ പരിചരിക്കേണ്ട സമയമാണിത്‌. ഭഗവൽ ദർശനത്തിനു വേണ്ടി കുടുതൽ സമയം നിൽക്കുക എന്നത് ഗര്‍ഭിണികളെ സംബന്ധിച്ച് വളരെ വിഷമമുള്ള കാര്യമാണ്. ഇങ്ങനെ നിൽക്കുന്നത് കാരണം അവരുടെ രക്തസമ്മർദ്ദം ഉയരാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് അപകടം വിളിച്ച്‌ വരുത്തും. ക്ഷേത്ര പ്രദക്ഷിണ സമയത്ത് പടികളിലും, വൃക്ഷത്തിന്റെ വേരുകളിലും മറ്റും തട്ടി തടഞ്ഞ് തെന്നി വിഴാന്നുള്ള സാധ്യത വളരെ കുടുത്തലാണ്… ഗർഭിണികൾ മുത്രശങ്ക കുടുത്തലാണ് മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൈകിപ്പിക്കരുത്. മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്. പ്രസവ ശേഷം അമ്മക്കു കുഞ്ഞിനും രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. അതു കാരണം പല പകർച്ചവ്യാധികളും പിടിപ്പെടാൻ സാധ്യത കൂടുത്തലാണ്. ഈ കാരണങ്ങൾ കൊണ്ടാണ്. ഗര്‍ഭിണികളെ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയും വരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത്.
11
കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്മാരെ ദർശിപ്പിക്കാവൂ. കാരണം : കുട്ടി ജനിച്ച് ആറാം മാസത്തിലാണു ചോറൂണ് നടത്തേണ്ടത്. ഗർഭസ്ഥ ശിശുവിന് രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. അതു കാരണം പല പകർച്ചവ്യാധികളും പിടിപ്പെടാൻ സാധ്യത കുടുത്തലാണ്. പുറംലോകവുമായി ആറു മാസം വരെ അകറ്റി നിർത്താനും ഇത് വഴി ശിശു സംരക്ഷണം അണ് നമ്മുടെ പൂർവികർ ഇങ്ങനെ നിബന്ധനവച്ചത്.
12
സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.
കാരണം ക്ഷേത്ര ദർശന സമയത്ത് മനസ്സും ശരീരവും പൂർണമായി ഭഗവാനിൽ അർപ്പിക്കണം. ഇതിന് ഏകാഗ്രത അത്യാവശ്യമാണ്. ഈ സമയത്ത് അൽപ
വസ്ത്ര ധാരിയായ സ്ത്രീകൾ ചില പുരുഷ ഭക്തരുടെ തപസ് ഇളക്കും. ഭഗവാൻ ശിവന്റെ തപസ്‌ മുടക്കാൻ ദേവൻമാർ കാമദേവനെ സമീപിച്ചു. ശിവന്റെ തപസ്‌ നടക്കുന്ന സ്ഥലത്ത്‌ എത്തി മറഞ്ഞിരുന്ന്‌ കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ശിവന്റെ തപസ്സിനു വിഘ്നം വരുത്തി, ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ്‌ തുറന്ന്‌ കാമദേവനെ ഭസ്മമാക്കി. ഈ കഥ എല്ലാവർക്കും അറിയാമല്ലോ സക്ഷാൽ പരമശിവനെ പോലും ഒരു നിമിഷത്തേക്ക് വശീകരിക്കാന്‍ കാമത്തിനു കഴിഞ്ഞു എങ്കിൽ കേവലമായ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? ഇത് ഒഴിവാക്കാനാണ് സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം എന്ന് പറയുന്നത്.

13
പുരുഷന്മാര്‍ മാറു മറക്കാതെയും, സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.
15
കടും നിറത്തിലുള്ള വസ്ത്രങ്ങള്‍
ഒഴിവാക്കണം.
16
ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഈറനുടുത്ത് കൊണ്ടുള്ള ക്ഷേത്രദര്‍ശനം അതീവ ചൈതന്യവത്താണെന്ന് പറയുന്നുണ്ട്. ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തില്‍ കുടിയേറും.
സാധാരണ പ്രഭാതത്തിലും സായാഹ്നത്തിലുമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഈ സമയങ്ങളിലാണ് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് വിധിക്കപ്പെടുന്നത്. പ്രഭാതസൂര്യന്റെയും അസ്തമയസൂര്യന്റെയും രശ്മികള്‍ നഗ്നശരീരത്തില്‍ പ്രവേശിക്കുന്നത് വിറ്റാമിന്‍ – ഡി ലഭ്യമാക്കുന്നതുകൊണ്ട് അതീവ ഗുണകരമാണെന്ന് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു.
17
മുടിയഴിച്ചിട്ട്‌ ക്ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.
18
മംഗല്യം ചാര്‍ത്തികഴിഞ്ഞ ഉടനെ തന്നെ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.
കാരണം: ഇവടെ നവദമ്പതികളുടെ മനസ്സും ശരീരത്തിലെ ഉർജ്ജവും ക്ഷേത്ര ദർശനത്തിന് പര്യാപ്തമല്ല എന്നതു തന്നെ.
20
ക്ഷേതങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ മറികടക്കാനോ കൈ കൊണ്ട് സ്പര്‍ശിക്കാനോ പാടില്ല.
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ബലിക്കല്ലില്‍ ചവുട്ടാതെ നോക്കേണ്ടത് ഭക്തന്റെ കടമയാണ്. ക്ഷേത്രശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അവയില്‍ അറിയാതെ ചവുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ഒരു കാരണവശാലും വീണ്ടും അതില്‍ തൊട്ട് ശിരസ്സില്‍ വയ്ക്കാന്‍ പാടില്ലെന്ന് ആചാര്യന്മാര്‍ വിലക്കിയിട്ടുണ്ട്. ബലിക്കല്ലില്‍ ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില്‍ വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്. അറിയാതെ ബലിക്കല്ലില്‍ ചവുട്ടിപ്പോയാല്‍ പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.

കരചരണകൃതം വാ കായജം കര്‍മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത്ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ

ഈ മന്ത്രം ജപിച്ചാല്‍ അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം.
ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്‍ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്‍പ്പിക്കുന്നത്. ഒരു കല്ലില്‍ നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന്‍ ഒരിക്കലും ഇടവരാന്‍ പാടില്ല. എന്നാല്‍ നടവഴിയിലൂടെ ഭക്തര്‍ക്ക്‌ സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
21
ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.
കാരണം: പൂജാരിമാർ മന്ത്രസിദ്ധി കൊണ്ടും വ്രതസിദ്ധി കൊണ്ടും ശുദ്ധോർജം വഹിക്കുന്നവർ ആണ്. ദേവ വിഗ്രഹത്തിൽ സ്പർശിക്കാനും, അതിൽ പൂജ ചെയ്യുവാനും ഈ ശുദ്ധോർജം ശരിരത്തിൽ സുക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങിനെയുള്ള അവരെ സ്പര്‍ശിക്കുന്നത് മൂലം അവരുടെ ശരീരത്തിലെ ശുദ്ധോർജം സ്പർശകന്റെ ശരീരത്തിലെ ഉർജ്ജവും കലർന്ന് വിപരീതോർജം സൃഷ്ടിക്കുന്നു ഇത് ക്ഷേത്രത്തിലെ ദേവ ചൈതന്യത്തിന് വിപരീതമായി ഭവിക്കുന്നു.
22
നിവേദ്യ സമയത്ത്‌ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.
23
വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.
ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ, എണ്ണ, കർപ്പൂരം, ചന്ദനത്തിരി, നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക.
24
ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.
25
തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.
26
ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍. കാരണം : ശരീരത്തിൽ ഉയർന്ന ഉർജ്ജം
ഒറ്റ അടിക്ക് സ്വീകരിച്ചാൽ അത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് ഒഴിവാക്കാനാണ് താരതമ്യേന കുറഞ്ഞ ഉർജ്ജം പ്രവഹിക്കുന്ന ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ആദ്യം ചെയ്യണം എന്ന് പറയുന്നത്.
27
അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,
പ്രസാദം അണിഞ്ഞ ശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും
ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു
28
ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം. കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക. വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക. നാലമ്പലത്തിന്‌ ഉള്ളില്‍ മൊബൈൽ ഫോണ്‍, മുതലായ ഉപകരണകള്‍ പ്രവര്‍ത്തിപ്പിക്കരുത്‌ ക്ഷേത്രാചാരങ്ങൾ കര്‍ശനമായും പാലിക്കുക.

തരവത്ത് ശങ്കരനുണ്ണി,
പാലക്കാട്.
+91 9847118340

Story Summary: General rules and regulations for visiting temples

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version