ഇനി തിരുപ്പതിയിൽ പോകുന്നവർ ഇതും കൂടി ഒന്ന് ശ്രദ്ധിച്ചേക്കണേ….!!
അശോകൻ ഇറവങ്കര
അവിടെ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തിരുപ്പതി കാളഹസ്തി റൂട്ടിൽ പാപ നായിഡുപേട്ടയ്ക്ക് സമീപം ഗുഡിമല്ലം എന്നൊരു ഗ്രാമമുണ്ട്. ഇവിടെ മനോഹരമായ ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. പരശുരാമേശ്വര ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത് എന്നു പറയുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും 2400 വർഷത്തിലധികമായി തുടർച്ചയായി ആരാധിക്കുന്ന ഏറെ പുരാതനമായ ശിവലിംഗമാണിത്. ശതവാഹന കാലഘട്ടത്തിലേതെന്ന് കരുതുന്ന ഈ ശിവലിംഗത്തിന് അത്യപൂർവ്വമായ പല പ്രത്യേകതകളുമുണ്ട്.
(അതു വലിയ ഗവേഷണ വിഷയങ്ങൾ ആയതിനാൽ ഇവിടെ വിവരിക്കുന്നില്ല).
ഇതു നിർമ്മിച്ച ശില ഏത് തരമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും നവപാഷാണം കൊണ്ട് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതിന്മേലുള്ള അഭിഷേകം ഇപ്പോൾ നിർത്തിവച്ചിട്ടുണ്ട്.
ഉജ്ജയിനിൽ നിന്ന് ലഭിച്ച ചില ചെമ്പ് നാണയങ്ങളിൽ (ബിസി മൂന്നാം നൂറ്റാണ്ടിലേത്) ഗുഡിമല്ലത്തിലെ ലിംഗ രൂപം കണ്ടെത്തിയിട്ടുണ്ട്. മഥുര മ്യൂസിയത്തിലുള്ള ഒന്നാം നൂറ്റാണ്ടിലെ ഒരു ശിൽപത്തിലും ഗുഡിമല്ലം ശിവലിംഗത്തോട് സാമ്യമുള്ള ഒരു രൂപമുണ്ട്.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു അത്ഭുത സംഭവം കൂടിയുണ്ട്. ഓരോ അറുപത് വർഷം കൂടുമ്പോഴും പ്രധാന അറയിൽ വെള്ളം കയറുന്നു എന്നതാണത്.
ഒരു ചെറിയ ഭൂഗർഭ ടാങ്കും ടാങ്കിനെ ശിവലിംഗവുമായി ബന്ധിപ്പിക്കുന്ന ഒരു നാളവും ഇന്നും കാണാം.
ഓരോ 60 വർഷം കഴിയുമ്പോഴും ഒരു ദിവസം ശിവലിംഗം മൂടത്തക്ക നിലയിൽ ഗർഭഗൃഹത്തിൽ വെള്ളം കയറുന്നു. ഏതാനും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം കഴിഞ്ഞ് വെള്ളം സ്വയമേവ ഒഴുകി പോകും. ശേഷം വിഗ്രഹം വരണ്ടതായി തുടരും. 2005 ഡിസംബർ 4 നാണ് അവസാനമായി ഇത് സംഭവിച്ചത്.
ഈ പ്രക്രിയ ഒടുവിലായി ക്ഷേത്ര രജിസ്റ്ററിൽ രേഖപ്പെടുത്തിയ സ്മാരക പരിചാരകൻ പി. സീനപ്പ പറയുന്നത്, ഏതാനും മിനിറ്റുകൾ മാത്രമാണ് ഇതു നീണ്ടു നിന്നത് എന്നാണ്; വിഗ്രഹത്തിന്റെ ആറിഞ്ച് മുകളിൽ വരെ വെള്ളം നിറഞ്ഞു. അതിനുശേഷം അത് ഒരിക്കലും ഇല്ലെന്ന മട്ടിൽ അപ്രത്യക്ഷമായി. ഇവിടെ ഭൂമിയിലെ ജലനിരപ്പ് 350 അടി താഴ്ചയിലാണെന്നും ഈ പ്രതിഭാസത്തിന് ഒരു വിശദീകരണം നൽകാൻ സാദ്ധ്യമല്ലെന്നും പല ഗവേഷകരും പറയുന്നു.
ഈ പ്രതിഭാസം മുമ്പും നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് രമണയ്യ എന്ന ഗ്രാമവാസിയുടെ അനുഭവമാണ്.1945-ൽ സമാനമായ സംഭവത്തിന് താൻ സാക്ഷ്യം വഹിച്ചതായുള്ള അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശിവലിംഗത്തെ അഭിഷേകം ചെയ്യാൻ കാശിയിൽ നിന്ന് വെള്ളം വരുന്നതാനെന്നു ഭക്തർ വിശ്വസിക്കുന്നു. ഉത്തരായന ആരംഭത്തിലും ദക്ഷിണായന ആരംഭത്തിലും വൈകിട്ട് കൃത്യമായി സൂര്യപ്രകാശം ശിവലിംഗത്തിൽ പതിക്കത്തക്ക രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.
Story Summary: Gudimallam Temple mysterious
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved