Saturday, 15 Mar 2025

ഗുരുവായൂരിൽ തിങ്കളാഴ്ച ഉത്സവബലി, ബുധനാഴ്ച  ആറാട്ട്

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

ബാലകൃഷ്ണന്‍ ഗുരുവായൂർ
ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്ര
ചൈതന്യത്തിന് കാരണം താന്ത്രികച്ചടങ്ങുകള്‍ക്ക് പ്രാധാന്യം നൽകുന്ന വാർഷികോത്സവം ഉൾപ്പെടെയുള്ള അഞ്ച് കാര്യങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. ആചാര്യന്മാരുടെ തപശക്തി, വേദമന്ത്രജപം. താന്ത്രിക
നിഷ്ഠകൾ പാലിക്കുന്ന നിത്യനിദാന കര്‍മ്മങ്ങള്‍, ഉത്സവം, അന്നദാനം എന്നിവയാണ് ക്ഷേത്രങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാക്കുന്നത്. വൃശ്ചിക മാസത്തിൽ ജനകീയമായ ഏകാദശി മഹോത്സവം നടക്കുന്നുണ്ടെങ്കിലും താന്ത്രിക ചടങ്ങുകൾക്ക് പ്രധാന്യമേറെയുള്ള കുംഭത്തിൽ തുടക്കം കുറിക്കുന്ന മഹോത്സവം തന്നെയാണ് ഏറ്റവും പ്രധാനം. ഉത്സവകൊടിയേറ്റിന് 8 ദിവസം മുമ്പേ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടക്കുന്ന കലശം മുതല്‍ ആറാട്ട് വരെയുള്ള ചടങ്ങുകളിൽ ഏറ്റവും മുഖ്യം കൊടിയേറി എട്ടാം നാൾ നടക്കുന്ന ഉത്സവബലി, ഒൻപതാം ദിവസത്തെ പള്ളിവേട്ട, പത്താം നാളിലെ ആറാട്ട് എന്നിവയാണ്.

ഉത്സവബലി 6 മണിക്കൂർ
താന്ത്രികധ്വനികളോടെ എട്ടാം ഉത്സവദിനമായ മാർച്ച് 17 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കുന്ന ഉത്സവബലി 6 മണിക്കൂർ നീണ്ടു നിൽക്കുന്ന സവിശേഷമായ ചടങ്ങാണ്. ഉത്സവബലി, ഉത്സവബലി ദർശനം, ഉച്ചപ്പൂജ ദർശനം എന്നിവ ഇതിൻ്റെ ഭാഗമാണ്.
ത്രന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ ചടങ്ങ് കഴിയും വരെ ഉപവസിക്കണം. തന്ത്രി, വിളക്ക് പിടിക്കുന്ന കഴുകന്മാര്‍, പാണീ കെട്ടുന്ന മാരാര്‍, ഭഗവല്‍ത്തിടമ്പ് ഏല്‍ക്കുന്ന കീഴ്ശാന്തി എന്നിവരാണ് ഉപവസിക്കുന്നത്.
സാധാരണ പതിനായിരങ്ങളാണ് ഈ ചടങ്ങ് തൊഴാൻ എത്തുന്നത്. ചോറ്റാനിക്കര മകം തൊഴല്‍പോലെ ഉത്സവബലിദര്‍ശനവും സർവൈശ്വര്യവും ജീവിതാന്ത്യം
മോക്ഷപ്രാപ്തിയും നൽകും. അന്ന് രാവിലെ 8.30 മുതൽ 10:30 വരെ നാലമ്പലത്തിൽ ഭക്തർക്ക് നിയന്ത്രണമുണ്ട്.

പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളത്ത്
രാവിലെ ശീവേലി, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം പത്തുമണിക്ക് ഉത്സവബലിയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമാണ് ഉത്സബലി. ക്ഷേത്രത്തില്‍ അദൃശ്യമായി നിലകൊണ്ട് ദര്‍ശനത്തിന് എത്തുന്ന ഭക്തരെ ഈ ദേവീ ദേന്മാര്‍ അനുഗ്രഹിക്കും. ക്ഷേത്രത്തിന് ചൈതന്യം
നൽകാൻ ഗുരുപവനേശനെ സഹായിക്കും. ഈ
ദേവതകളെ മന്ത്രങ്ങളിലൂടെ ആവാഹിച്ച് പൂജിച്ച് നിവേദ്യം സമർപ്പിക്കുന്നതാണ് ഉത്സവബലി. തെക്കെ മുറ്റത്ത് സപ്തമാതൃക്കള്‍ക്ക് തൂവുമ്പോള്‍ ഭഗവാന്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളി ഇരിക്കുന്നുവെന്നാണ് സങ്കല്പം. ഈ സമയത്ത് ദര്‍ശനം നടത്തുന്നതാണ് അത്യുത്തമം.

12 ദേവതകള്‍ക്ക് പൂജകൾ
മാതൃക്കള്‍ക്കുള്ള പൂജ കഴിഞ്ഞാല്‍ ബലിവട്ടത്തിലെ ബലിപീഠങ്ങളില്‍ നിവേദ്യസാധനങ്ങള്‍ പൂജിക്കും അതില്‍ പ്രധാനമായത്, കൊടിമരത്തില്‍ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലില്‍ സാന്നിദ്ധ്യമുള്ള 12 ദേവതകള്‍ക്കുമുള്ള പൂജകളാണ്. ഇവിടെ പൂജയ്ക്ക് മാത്രമായി ഒരു മണിക്കൂറിലേറെ സമയം എടുക്കും. ഒടുവിലത്തെ പൂജ ക്ഷേത്രപാലകനാണ്. അതിനെ അടിസ്ഥാനമാക്കി പൂജക്കാരും, പരിപാലകരും, ആനയും അകമ്പടിക്കാരും ഓടിക്കൊണ്ടാണ് ക്ഷേത്രപാലന്റെ അടുത്ത് എത്തുക. ‘ക്ഷേത്രപാലകന് പാത്രത്തോടെ’ എന്ന സങ്കല്പമനുസരിച്ച് വലിയ പാത്രത്തോടെയാണ് ഇവിടെ പൂജാര്‍പ്പണം. ക്ഷേത്രത്തിന്റെ മേല്‍നോട്ട ചുമതല. ക്ഷേത്രപാലനാണ്. ഈ പൂജ കഴിഞ്ഞാൽ ഉത്സവബലി അവസാനിക്കുന്നു. ഉത്സവബലിക്ക് തൂവുന്ന മഞ്ഞച്ചോറ് ഗര്‍ഭവതികള്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു. നിരവധിപേര്‍ ഈ ചോറ് എടുത്ത് കൊണ്ടുപോയി കഴിക്കുകയും ചെയ്യുന്നു.

ദുഷ്ടനിഗ്രഹത്തിന് പള്ളിനായാട്ട്
ഉത്സവത്തിന്റെ ഒന്‍പതാം ദിവസമായ ചൊവ്വാഴ്ചയാണ് ഭഗവാന്‍ പള്ളിനായാട്ടിന് പുറത്തിറങ്ങുന്നത്. ഭഗവാന്‍ ഗ്രാമപ്രദക്ഷിണത്തിനും ദുഷ്ടനിഗ്രഹത്തിനും വേണ്ടി പുറത്തിറങ്ങുന്ന ദിവസമാണ് പള്ളിവേട്ട. അന്ന് സാധാരണദിവസങ്ങളെപ്പോലെ ശീവേലിയില്ല. വൈകുന്നേരം ശ്രീഭൂതബലി എഴുന്നള്ളിച്ച് പഴുക്കാമണ്ഡപത്തില്‍ കൊടിമരത്തറയ്ക്കല്‍ എഴുന്നള്ളിച്ച് വയ്ക്കുന്നു. ഇവിടെയാണ് അന്നത്തെ ദീപാരാധന നടത്തുന്നത്. അതിനുശേഷം 6:30 മണിക്ക് ഭഗവാനെ പുറത്തേക്ക് എഴുന്നെള്ളിക്കുന്നു. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ആണ് ഭഗവാന്‍ പുറത്തേയ്‌ക്കെഴുന്നള്ളി ഗ്രാമസന്ദര്‍ശനം നടത്തുന്നത്.

വഴിനിറയെ നിറപറയും നിലവിളക്കും
ദീപാരാധന കഴിഞ്ഞ് ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും വാളും പരിചയും, ഏന്തിയ കൃഷ്ണനാട്ടം കലാകാരന്മാരുടെയും അകമ്പടിയോടുകൂടിയാണ് പുറത്തേയ്ക്കിറങ്ങുന്നത്. തുടര്‍ന്ന് കുള പ്രദക്ഷിണം നടത്തി കിഴക്കേഗോപുരം വഴിതന്നെ അകത്തേക്ക് നടക്കുന്നു. കുള പ്രദക്ഷിണ സമയത്ത് വഴിനീളെ നിറപറയും നിലവിളക്കും വച്ച് ഭഗവാനെ സ്വീകരിക്കുവാന്‍ ഭക്തജനങ്ങള്‍ കാത്തുനില്‍ക്കുന്നു. ആയിരക്കണക്കിന് നിറപറകളാണ് ഭഗവാനെ സ്വീകരിക്കാന്‍ ഭക്തർ തയ്യാറാകുന്നത്. നെല്ല് തൊട്ട് നാണയപറവരെ നിരത്തിവയ്ക്കുന്നു. മേളം അവസാനിച്ചതിനുശേഷം ഭഗവാന്‍ പിടിയാനപ്പുറത്ത് പള്ളിനായാട്ടിന് പുറപ്പെടുന്നു. കല്യാണമണ്ഡപത്തിന്റെ അടുത്തുചെന്ന് നിന്നതിനുശേഷം മാരാര്‍ മൂന്ന് തവണ ശംഖ് വിളിക്കുന്നു. തുടര്‍ന്ന് ആചാരക്രമമനുസരിച്ച് പുതിയേടത്ത് പിഷാരടി മൂന്ന് പ്രവാശ്യം ‘മാനുഷങ്ങള്‍ ഹാജറുണ്ടോ’ എന്ന് വിളിച്ചുചോദിക്കുന്നു. അതോടുകൂടി പലവിധ പക്ഷി മൃഗാദികളുടെ വേഷമണിഞ്ഞ ഭക്തജനങ്ങള്‍ കൂട്ടത്തോടെ ആര്‍പ്പുവിളിച്ച് ക്ഷേത്രത്തിനകത്തേക്ക് ഓടുന്നു. തൊട്ടുപിന്നാലെ ആനപ്പുറത്ത് ഭഗവാനും ഓടുന്നു. ക്ഷേത്രത്തിനകത്തെ ഒന്‍പതാമത്തെ പ്രദക്ഷിണത്തില്‍ ഭഗവാന്‍ വേട്ടയോടിപ്പിടിച്ചു വരുന്ന മൃഗത്തെയെന്ന് സങ്കല്പിച്ച ഒരു പന്നിയെ അതായത് മാനുഷത്തെ തണ്ടില്‍ക്കെട്ടി ഏറ്റിക്കൊണ്ടുപോവുകയും ഭഗവാന്‍ അകത്തേക്ക് എഴുന്നെള്ളുകയും ചെയ്യുന്നു.

ക്ഷേത്ര മണി മുഴങ്ങാത്ത രാത്രി
മുഖമണ്ഡപത്തില്‍ തയ്യാറാക്കിയ വെള്ളിക്കട്ടിലില്‍ വിരിച്ച പട്ടുകിടക്കയിലാണ് ഭഗവാന്റെ പള്ളിയുറക്കം. ഈ സമയത്ത് തികച്ചും നിശ്ശബ്ദത പാലിക്കേണ്ടതിനാല്‍ ക്ഷേത്രത്തില്‍ മണിയടിക്കാറില്ല. മുളയറയിലെ കാടിന്റെ തണുത്ത കാറ്റിന്റെ ശീല്‍ക്കാരമൊഴിച്ചാല്‍ തികച്ചും നിശ്ശബ്ദതയാണ് ക്ഷേത്രത്തിനകത്ത്. ഈ നിശ്ശബ്ദതയില്‍ ഭഗവാന്‍ ഗാഢനിദ്രയിലാകുന്നു. പ്രഭാതത്തില്‍ പശുക്കിടാവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ ഉണരുന്നത്. അതിനുശേഷം അഭിഷേകം, മലര്‍ നിവേദ്യം എന്നിവ അവിടെ വച്ച് തന്നെ നടക്കുന്നു. പൂജകള്‍ക്ക് ശേഷമാണ് ഭഗവാനെ ശ്രീലകത്തേക്ക് കൊണ്ടുപോകുന്നത്.

ആറാട്ട് രുദ്രതീര്‍ത്ഥത്തിൽ
ഉത്സവത്തിന് സമാപനം കുറിക്കുന്ന ചടങ്ങാണ്
ആറാട്ട്. പത്താം ഉത്സവ നാൾ ബുധനാഴ്ച രാത്രി 10 മണിക്ക് രുദ്രതീര്‍ത്ഥത്തിലാണ് ആറാട്ട് നടക്കുന്നത്. പതിവുപൂജകള്‍ക്ക് ശേഷം വൈകിട്ട് 4 മണിക്ക് മൂലബിംബത്തില്‍ നിന്ന് ചൈതന്യം പഞ്ചലോഹത്തിടമ്പിലേയ്ക്ക് ആവാഹിക്കും. മൂലവിഗ്രഹത്തില്‍ സ്വര്‍ണ്ണവും, മഞ്ഞപ്പൊടിയും വിതറി കോടിവസ്ത്രം കൊണ്ട് മൂടും. പിന്നീട് തിടമ്പ് പുറത്തേക്ക് എഴുന്നെള്ളിക്കും. കൊടിമരച്ചുവട്ടിലെ ദീപാരാധനയ്ക്ക് ശേഷം ആറാട്ടിനായി ഭഗവാന്‍ പുറത്തേക്ക് എഴുന്നെള്ളുന്നു. ക്ഷേത്രഗോപുരം, ഉത്തമവൃക്ഷം, നാല്‍ക്കവലഎന്നീ സ്ഥാനങ്ങളില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ബലി തൂവുന്നു. തൊട്ടുപിന്നാലെ പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും, കൃഷ്ണനാട്ടം കലാകാരന്മാരുടെയും അകമ്പടിയോടെ കുളപ്രദക്ഷിണം നടത്തുന്നു. ശേഷം ഭക്തന്റെ സങ്കടം തീർത്ത് രുദ്രതീര്‍ത്ഥത്തിൽ ആറാട്ട് നടത്തുന്നു. ഭഗവാന്റെ ആറാട്ട് കഴിഞ്ഞാല്‍ പരസഹസ്രം ഭക്തജനങ്ങള്‍ ആറാട്ട് കുളിക്കുന്നു.

ഇടത്തിരകത്ത് കാവ് ഭഗവതി ദര്‍ശനം
ആറാട്ട് കഴിഞ്ഞാല്‍ ഗുരുവായൂരപ്പനെ ഇടത്തിരകത്ത് കാവ് ഭഗവതി ദര്‍ശനത്തിന് എഴുന്നള്ളിക്കും. കൊല്ലത്തില്‍ ഒരു ദിവസം താന്‍ അവിടെ വന്നുകണ്ടു കൊള്ളാമെന്ന് ഗുരുവായൂരപ്പന്‍ ഇടത്തരികത്ത് കാവ് ദേവിയോട് അരുളിചെയ്തിട്ടുണ്ടത്രെ. അന്നത്തെ ഉച്ചപൂജ ഭഗവതിയമ്പലത്തില്‍ വച്ചാണ് നടത്തുന്നത്.
അതിനുശേഷം ഭഗവാന്‍ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു. ഊരാളന്‍ മല്ലിശേരി കാരണവര്‍ നിറപറ വച്ച് ഭഗവാനെ സ്വീകരിക്കുന്നു. തുടര്‍ന്ന് പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണമാണ്. പ്രദക്ഷിണം കഴിഞ്ഞ് ഭഗവാനെ സാക്ഷിനിര്‍ത്തി തന്ത്രി വാഹനചൈതന്യം ദേവനിലേക്ക് യോജിപ്പിച്ച് കൊടിയിറക്കുന്നു. അതോടെ ഭഗവാന്‍ അകത്തേയ്ക്ക് എഴുന്നള്ളും. അകത്ത് പൂജ നടക്കുന്നതോടെ പത്ത് ദിവസത്തെ ഉത്സവത്തിന് സമാപനമാകും. രാത്രി 11 മണിയോടെ കൊടിയിറക്കൽ ചടങ്ങുകൾ തുടങ്ങും.

Story Summary: Guruvayur Temple festival; Ulsavabali , Pallivetta and Arattu

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version