സങ്കടങ്ങൾ നിമിഷാര്‍ദ്ധം കൊണ്ട് തീർക്കുന്ന ഹനുമദ് ജയന്തി ഏപ്രിൽ 12 ന്
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
മംഗള ഗൗരി
ഭക്തിയുടെയും വിശ്വാസത്തിന്റെയും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും സുവര്‍ണ്ണദീപമാണ് ശ്രീഹനുമാന്‍. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച അഗാധമായ ഭക്തിയും നിഷ്‌കാമമായ സമര്‍പ്പണവുമാണ് ശക്തിയുടെയും കരുത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ മാരുതിയെ ആരാധ്യനാക്കിത്തീര്‍ത്തത്.
പുത്ര ലാഭത്തിന് തപസ്സു ചെയ്ത ആഞ്ജനയ്ക്കും കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ആഞ്ജനേയന്‍. ആശ്രയിക്കുന്നവരുടെ സങ്കടങ്ങളെല്ലാം നിമിഷാര്‍ദ്ധം കൊണ്ട് പരിഹരിക്കുന്ന വായുപുത്രന്‍ പിറന്ന പുണ്യദിനമായ ഹനുമദ് ജയന്തി കൊണ്ടാടുന്നത് ചൈത്ര മാസത്തിലെ പൗര്‍ണ്ണമിക്കാണ്. 2025 ഏപ്രിൽ 12 ശനിയാഴ്ചയാണ് ഇത്തവണ ചിത്രാ പൗർണ്ണമി.
ഏഴ് പുണ്യ ദിനങ്ങൾ
ശ്രീരാമ ജയന്തിയായ രാമനവമിയുടെ ഏഴാം ദിവസമാണ് ഹനുമദ് ജയന്തി വരുന്നത്. അതിനാൽ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ വളരെയധികം വിശിഷ്ടമായ ഏഴ് പുണ്യ ദിനങ്ങളാണ്. പതിവായി മേടത്തിൽ വരുന്ന ചൈത്രമാസത്തിലെ ഈ പുണ്യ ദിനങ്ങൾ ഇക്കുറി മീനത്തിലാണ് സമാഗതമാകുന്നത്. ഈ ദിവസങ്ങളിൽ ശ്രീരാമ അഷ്ടോത്തരം, ശ്രീ രാമഅഷ്ടകം, നാമ രാമായണം, ആഞ്ജനേയ കീർത്തനം, ഹനുമത് സ്തോത്രം തുടങ്ങിയയെല്ലാം ജപിക്കുന്നത് നല്ലതാണ്. ഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും വീര്യത്തിലും ഹനുമാൻ സ്വാമിയെ അതിശയിപ്പിക്കുന്ന ഒരു മൂർത്തിയെ പുരാണങ്ങളിൽ ഒരിടത്തും കണ്ടെത്താൻ കഴിയില്ല. ഭക്തിയുടെ ശ്രേഷ്ഠതയും ആത്മാർത്ഥതയുടെ ഔന്നത്യവും കൊണ്ട് മാത്രം ചിരഞ്ജീവിയായ ഭഗവാനാണ് .
ഹനുമദ് ജയന്തി രണ്ട് ആചരണം
ഹനുമദ് ജയന്തി തെന്നിന്ത്യയിലും ഉത്തരേന്ത്യയിലും വ്യത്യസ്ത ദിനങ്ങളിൽ ആചരിക്കാറുണ്ട്. മുഖ്യമായും ഇത് ആചരിക്കുന്നത് ചിത്രാ പൂർണ്ണിമയ്ക്ക് ആണെങ്കിലും തെന്നിന്ത്യയില്‍ ചില സ്ഥലങ്ങളിൽ ഹനുമദ് ജയന്തി ആഘോഷം മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ അതായത് നമ്മുടെ ധനുമാസത്തിലെ അമാവാസി വരുന്ന മൂലം നക്ഷത്ര ദിവസമാണ്. ഇത് പ്രകാരം കേരളത്തിലും തമിഴ് നാട്ടിലും മറ്റും ഹനുമദ് ജയന്തി 2024 ഡിസംബർ 30 തിങ്കളാഴ്ച കഴിഞ്ഞു. വടക്കേഇന്ത്യ ഹനുമദ് ജയന്തികൊണ്ടാടുന്നത് ചൈത്ര മാസത്തിലെ പൗര്‍ണ്ണമിക്കാണ്. കേരളത്തിലും പല സ്ഥലങ്ങളിലും ചിത്രാ പൗർണ്ണമിക്കും
ഹനുമദ് ജയന്തി ആഘോഷിക്കുന്നുണ്ട്. കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചലമായ ഭക്തിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെ ഭജിക്കാൻ ചൊവ്വ, വെള്ളി, ശനി, പൗർണ്ണമി, ധനുവിലെ മൂലം നക്ഷത്രം, ചിത്രാ പൗർണ്ണമി എന്നിവ ശ്രേഷ്ഠമാണ്.
ഹനുമദ് പ്രീതിക്ക് കീർത്തനങ്ങൾ
ഭക്തിപൂർവം ആശ്രയിക്കുന്നവരുടെ ദുരിതങ്ങൾ അകറ്റുക മാത്രമല്ല അവരുടെ എല്ലാവിധ അഭീഷ്ടങ്ങളും ആഞ്ജനേയൻ കരഗതമാക്കും. ഹനുമാൻ സ്വാമിയെ ആരാധിച്ച് പ്രീതിപ്പെടുത്താൻ ധാരാളം മന്ത്രങ്ങളും കീർത്തനങ്ങളും ശ്ലോകങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായ മനോജവം മാരുത തുല്യ വേഗം, അതുലിത ബലധാമം, യത്ര യത്ര രഘുനാഥ കീർത്തനം തുടങ്ങിയ പ്രസിദ്ധ ശ്ശോകങ്ങളടങ്ങിയ ശ്രീ ഹനുമത് സ്തോത്രം ജപിച്ച് സങ്കടം പറഞ്ഞ് ഹനുമാൻസ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം ലഭിക്കും. അസാദ്ധ്യമായ കാര്യങ്ങൾ പോലും നടക്കും. എല്ലാ ഐശ്വര്യങ്ങളും ധനസമൃദ്ധിയും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും, ജീവിത ദു:ഖങ്ങളിൽ നിന്ന് മോചനം കിട്ടും. സർവൈശ്വര്യൈവും സംതൃപതിയും ജന്മസാഫല്യവും പ്രദാനം ചെയ്യും. ചിത്രാ പൗർണ്ണമിയിലെ ഹനുമദ് ജയന്തി ആചരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണാം:
Story Summary: Explore all about Anjaneya/Hanuman Jayanti on Chitra Poornima, Saturday, April 12, 2025, its significance, story, facts, puja vidhi, vritha etc
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved