Sunday, 24 Nov 2024

ജീവിതക്ലേശങ്ങളും സങ്കടങ്ങളും മാറാൻ ആയില്യപൂജ പരിഹാരം

മംഗള ഗൗരി
ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതിനും സർപ്പദോഷങ്ങൾ തീരുന്നതിനും ഉപാസനാപരമായ നല്ല മാർഗ്ഗമാണ് മാസന്തോറും ആയില്യപൂജ നടത്തുക. 2024 നവംബർ 22 വെള്ളിയാഴ്ചയാണ് വൃശ്ചികമാസത്തിലെ ആയില്യം പൂജ.

ആയുരാരോഗ്യ സൗഖ്യം, സമ്പൽ സമൃദ്ധി, സന്താന സൗഭാഗ്യം, സന്താന ദുരിതമോചനം മന:സമാധാനമുള്ള ജീവിതം എന്നിവയ്ക്കെല്ലാം നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. ക്ഷേത്രങ്ങളിൽ എല്ലാ
മാസവും ആയില്യം പൂജയിൽ പങ്കെടുക്കുന്നതും നാഗാരാധന നടത്തുന്നതും സകല സങ്കടങ്ങൾക്കും അതിവേഗം പരിഹാരം നൽകും.

ത്വക് രോഗങ്ങളും മാനസിക വിഷമങ്ങളും മാറാനും വിദ്യയിലും വിവാഹ കാര്യത്തിലുമുള്ള തടസം തീരാനും സന്താനലബ്ധിക്കും കുടുംബ കലഹം പരിഹരിക്കാനും ഉദ്യോഗ സംബന്ധമായ വിഷമങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശങ്ങൾ മാറ്റുന്നതിനും ശത്രുദോഷങ്ങൾ ശമിക്കാനും ക്ഷേത്രങ്ങളിൽ നടത്താവുന്ന ലളിതമായ കർമ്മമാണ് ആയില്യപൂജ.

ജാതകത്തിലെ രാഹു ദോഷശാന്തിക്ക് എല്ലാ മാസവും ആയില്യം നാളിൽ നൂറുംപാലും മറ്റും നടത്തുന്നത് നല്ല കാര്യമാണ്. നൂറുംപാലുമാണ് സർപ്പ ദേവതകൾക്കുള്ള പ്രധാന വഴിപാട്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറുംപാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും നേദിക്കും.

സർപ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു പ്രധാന ചടങ്ങ്. ചെലവേറിയ പരിഹാര കർമ്മമായതിനാൽ ഇത്
അപൂർവ്വമായേ നടത്താറുള്ളൂ. എന്നാൽ സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുന്ന ഒരു പതിവുണ്ട്. സർപ്പബലി നടത്തുന്നത് പ്രത്യേകം ഒരുക്കിയ സ്ഥലത്തായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ ബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക, സര്‍പ്പ സ്ഥാനം അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.

നാഗരാജാ മന്ത്രം
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ

നാഗയക്ഷി മന്ത്രം

ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

Summary: Importance of Ayilya Pooja and Noorum Palum

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version