Friday, 20 Sep 2024

തിങ്കളാഴ്ച ആയില്യപൂജ ; ഐശ്വര്യത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ഗുണപ്രദം

ജ്യോതിഷരത്നം വേണു മഹാദേവ്

എല്ലാ മാസവും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുന്നത് സർവൈശ്വര്യ ലബ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഗുണപ്രദമാണ്. നാഗപൂജ. നാഗ ദേവതകളെ ധ്യാനിച്ച് നാഗ സന്നിധികളിൽ പൂജകളും വഴിപാടുകളും സമർപ്പിക്കുമ്പോൾ സർവ്വ വിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി ലഭിക്കും. കർക്കടക മാസത്തെ
ആയില്യം പൂജ 2024 ആഗസ്റ്റ് 5 തിങ്കളാഴ്ചയാണ്. സർപ്പ ദോഷങ്ങൾ ശമിക്കാൻ നടത്തുന്ന പ്രധാന വഴിപാടുകൾ ആയില്യപൂജ, നൂറും പാലും, സർപ്പബലി, സർപ്പപ്പാട്ട്, സർപ്പം തുള്ളൽ, പാൽപ്പായ സഹോമം, അഷ്ടനാഗപൂജ, നവനാഗപൂജ, സർപ്പരൂപ പൂജ, വെള്ളരി തുടങ്ങിയവ അവയിൽ ചിലതാണ് :

ആയില്യപൂജ
നാഗദേവതാ പ്രധാനമായ നക്ഷത്രമാണ് ആയില്യം. ഈ നാളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽപൂജകളും നാഗസന്നിധികളിൽ നടക്കുന്നു. കുടുംബക്ഷേത്രത്തിലോ നാഗക്ഷേത്രത്തിലോ ആയില്യ പൂജ നടത്തുന്നത് സർവൈശ്വര്യത്തിനും കാര്യസിദ്ധിക്കും വളരെ ഗുണപ്രദമാണ്. ക്ഷേത്രത്തിൽ മൂന്നുതവണ തുടർച്ചയായി ആയില്യ പൂജ നടത്തിയാൽ അഭീഷ്ടസിദ്ധി ഉറപ്പാണ് ഫലം. നാഗദേവതകളെ ധ്യാനിച്ച് 3 തവണ ആയില്യപൂജയിൽ പങ്കെടുത്താൽ സർവ്വ വിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി കൈവരും. മംഗല്യ ഭാഗ്യം, സന്താന ലബ്ധി, തൊഴിൽ ലബ്ധി, രോഗമുക്തി ,അഭീഷ്ടസിദ്ധി, സർവ്വൈശ്വര്യം എന്നിവയ്ക്ക് ഭജിക്കാൻ എല്ലാ മാസവും ആയില്യ പൂജയ്ക്ക് എല്ലാ നാഗാരാധനാലയങ്ങളിലും
ധാരാളം ഭക്തർ എത്തുന്നു.

നൂറും പാലും
നാഗദേവതകൾക്ക് പൊതുവേ എല്ലാവരും ചെയ്യുന്ന വഴിപാടാണ് നൂറും പാലും. മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം, കദളിപ്പഴം എന്നിവ ചേർത്ത് സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന വിശിഷ്ട ഭോജ്യമാണിത്. നാഗരൂട്ട് , സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിന് പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ്
നൂറും പാലും തർപ്പിക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും നേദിക്കും. ആയില്യം നാളിലല്ലാതെ ഭക്തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ ഇഷ്ടമുള്ള മറ്റു നക്ഷത്രങ്ങളിലോ പ്രത്യേകമായി ആയില്യപൂജ നടത്താം.

സർപ്പരൂപപൂജ
നിത്യപൂജയിൽ ഓരോരുത്തരുടെയും പേരും നക്ഷത്രവും പറഞ്ഞ് സർപ്പരൂപം വച്ചു നടത്തുന്നത് സർപ്പരൂപ പൂജ.

വെള്ളരി
നാഗദൈവങ്ങൾക്കുള്ള ചില സ്ഥലങ്ങളിലുള്ള പ്രത്യേക വഴിപാടാണ് വെള്ളരി. ഉണങ്ങലരി, നാളികേരം ഇവ സഹിതം നാഗദേവതകൾക്ക് വെള്ളരി സമർപ്പിക്കുന്നു. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോൾ വെള്ളരി പൂർണമാകും.

സർപ്പദോഷപരിഹാരപൂജ
സർപ്പദോഷങ്ങളിൽ നിന്ന് മോചനം നേടാനുള്ള പൂജയാണിത്. ജ്യോതിഷവിധി പ്രകാരമാണ് നടത്തുക. ശുദ്ധമായ സ്വർണ്ണം, വെള്ളി, ചെമ്പ് ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ രൂപം നിർമ്മിച്ച് നടയ്ക്ക് വച്ചാണ് സർപ്പദോഷ പരിഹാരപൂജ നടത്തുക. രൂപത്തിന്റെ വലിപ്പം, തൂക്കം ഇവയ്ക്ക് പ്രാധാന്യമില്ല. ഈ പൂജ
നടത്താൻ പ്രശ്‌നച്ചാർത്ത് കാണിക്കുകയോ അല്ലെങ്കിൽ വിവരങ്ങൾ വിശദമായി ധരിപ്പിക്കുകയോ വേണം.

സർപ്പപ്പാട്ട്
സർപ്പപ്രീതിക്കുവേണ്ടി നാഗദേവതകളെ സ്തുതിച്ച് പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്. പേരും നാളും പറഞ്ഞ് പാടിച്ചാൽ സർപ്പദേവതകൾ അതി വേഗം പ്രസാദിക്കും.
സർപ്പബലി
നാഗദൈവങ്ങളെ സംപ്രീതരാക്കാൻ ഏറ്റവും ഉത്തമമായ പൂജയാണ് സർപ്പബലി. പരശുരാമന്റെ കൽപന പ്രകാരമാണ് സർപ്പങ്ങളെ സ്ഥലദേവതകളായി സ്വീകരിപ്പിച്ച് സർപ്പക്കാവുകൾ പണിതീർപ്പിച്ചത്. ഓരോ പറമ്പുകളിലും പ്രത്യേക സ്ഥലങ്ങളെ പാമ്പും കാവുകളാക്കി തിരിച്ച് നാഗപ്രതിഷ്ഠ നടത്തുകയും കൊല്ലം തോറും സർപ്പപ്രീതിവരുത്തി കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്തപ്പോൾ സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന് ഐതിഹ്യം.

നാഗരാജാ മന്ത്രം
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ

നാഗയക്ഷി മന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ
ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Summary: Importance of Ayilya Pooja and Other Offerings To Serpent Deities

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version