ഏത് ആപത്തിൽ നിന്നും രക്ഷിക്കുന്ന ചക്കുളത്തമ്മയ്ക്ക് കാർത്തിക പൊങ്കാല
സി സദാനന്ദൻ പിള്ള, എരുവ
വൃശ്ചികമാസത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷമാണ് ചക്കുളത്തുകാവിലെ കാർത്തിക പൊങ്കാല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ പൊങ്കാലകളിൽ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റു പുറത്താണ് ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നീലക്കൊടുവേലി പോലുള്ള അപൂർവ്വ സസ്യങ്ങളിൽ തട്ടി ഔഷധജലം നിറഞ്ഞൊഴുകുന്ന പുണ്യനദിയായ പമ്പയുടെയും മണിമലയാറിന്റെയും സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തെ ദീപ്തമാക്കുന്നത്.
ചക്കുളത്തുകാവ് ക്ഷേത്രത്തെ ലോകപ്രശസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് നാരീപൂജയാണ്. ലോകത്തിലെ തന്നെ അത്യപൂർവ്വമായ അനുഷ്ഠാനമാണിത്. സ്ത്രീയെ പ്രകൃതിയായും ശക്തിസ്വരൂപിണിയായും പരാശക്തിയായും മറ്റും ആരാധിക്കണമെന്ന താന്ത്രിക സങ്കല്പമാണ് ഈ പൂജയുടെ അടിസ്ഥാനം.
മറ്റൊരു പ്രധാന വിശേഷമാണ് കാർത്തിക സ്തംഭം കത്തിക്കലും ദീപക്കാഴ്ചയും ഓല, വാഴക്കച്ചി, പടക്കം തുടങ്ങിയവ ഉയരമുള്ള ഒരു തൂണിൽ പൊതിഞ്ഞു കെട്ടി അതിലേക്ക് നാടിന്റെ തിന്മകളെയും ഭക്തരുടെ സർവ്വപാപങ്ങളെയും ആവാഹിക്കും. എന്നിട്ട് അത് കത്തിക്കും. തിന്മയെ കത്തിച്ച് നന്മയെ പുനസ്ഥാപിക്കും. എന്നാണ് ഇതിലൂടെ വിശ്വസിക്കുന്നത്. കാർത്തിക സ്തംഭം എരിഞ്ഞുതീരുമ്പോൾ ക്ഷേത്രത്തിലും പരിസരത്തും നന്മയുടെ അനേകം ദീപങ്ങൾ തെളിയും.
തീരാദു:ഖത്തിന് അറുതി വരുത്തുന്ന വിളിച്ചു ചൊല്ലി പ്രാർത്ഥന, ധനു ഒന്നാം തീയതിമുതൽ തുടർച്ചയായി പന്ത്രണ്ട് ദിവസം വ്രതമനുഷ്ഠിക്കുന്ന പന്ത്രണ്ട് നോമ്പ് മഹോത്സവം എന്നിവയും ഇവിടുത്തെ പ്രധാന വിശേഷങ്ങളാണ്. ഏത് ആപത്തിലും അദൃശ്യകരങ്ങളാൽ ഭക്തർക്ക് രക്ഷയേകുന്ന ചക്കുളത്തമ്മയുടെ ഇഷ്ടവഴിപാടാണ് വൃശ്ചികത്തിലെ തൃക്കാർത്തിക പൊങ്കാല. ക്ഷേത്ര സന്നിധിയിലും പരിസരങ്ങളിലും ചുടുകട്ടവച്ച് അടുപ്പുണ്ടാക്കി കൊതുമ്പ്, ചൂട്ട് എന്നിവയാൽ അഗ്‌നി തെളിച്ച് മൺകലംവച്ച് അതിൽ അരി, ശർക്കര, നാളികേരം ജലം തുടങ്ങിയവയാൽ നിവേദ്യം ഉണ്ടാക്കി സ്വയം ദേവിക്ക് സമർപ്പിക്കുന്ന അനുഷ്ഠാനമാണ് പൊങ്കാല.
ഈ വർഷത്തെ ചക്കുളത്തുകാവ് പൊങ്കാല 2024 ഡിസംബർ 13 വെള്ളിയാഴ്ചയാണ്. അന്ന് രാവിലെ പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ശ്രീകോവിലിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് ക്ഷേത്രം മുഖ്യകാര്യദർശി അഗ്‌നിപകരും; പൊങ്കാല നിവേദ്യം പാകമാകുന്നതോടെ ശീവേലി ബിംബങ്ങളിലേക്ക് ദേവിയെ ആവാഹിക്കും. തുടർന്ന് ദേവിയെ എഴുന്നള്ളിച്ച് വേദപണ്ഡിതന്മാരുടെ നേതൃത്വത്തിൽ പൊങ്കാല നേദിക്കും. പൊങ്കാല ദേവിക്ക് നിവേദിച്ച ശേഷം പ്രസാദം വിതരണം ചെയ്യും. പുലവാലായ്മകളുള്ളവരും മാസമുറയുള്ളവരും ആറുമാസം പൂർത്തിയായ ഗർഭിണികളും പൊങ്കാല ഇടരുത്. പൊങ്കാലയുടെ തലേ ദിവസം ഒരുനേരമേ അരിയാഹാരം പാടുള്ളൂ. മത്സ്യ-മാംസാദികൾ വർജ്ജിക്കണം. പൊങ്കാലയിടുന്ന സമയത്ത് കോടിവസ്ത്രമോ അലക്കിയവസ്ത്രമോ ധരിക്കണം. തെക്കോട്ട് തിരിഞ്ഞുനിന്ന് പൊങ്കാലയിടുന്നത് ഒഴിവാക്കണം. പൊങ്കാലയ്ക്ക് ആവശ്യമായ അരി, ശർക്കര, കലം, തവി, വിറക്, എണ്ണ, വിളക്ക്, തിരി, കർപ്പൂരം, പാത്രങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും അവരവർ തന്നെ കൊണ്ടു ചെല്ലണം. പൊങ്കാല അടുപ്പിൽ തീ പകരും മുമ്പ് കിഴക്കോട്ടു തിരിഞ്ഞുനിന്ന് ദേവിയെ സങ്കല്പിച്ച് ദേവീമന്ത്രങ്ങൾ ജപിക്കണം. പൊങ്കാല തിളയ്ക്കും വരെ ഭക്തിയാദരപൂർവ്വം ദേവീമന്ത്രങ്ങളോ ലളിതാസഹസ്രനാമമോ ജപിക്കണം. പൊങ്കാല തിളയ്ക്കാതെ തീ കെടുത്തരുത്. നിവേദ്യം കഴിയാതെ തിരിച്ചു പോകുകയും ചെയ്യരുത്. പൊങ്കാല സമയത്ത് യാതൊരു അശുദ്ധിയും തീണ്ടരുത്. ഇങ്ങനെ നിഷ്ഠകൾ പാലിച്ച് പുണ്യലബ്ധിക്കായി ചക്കുളത്തുകാവിലമ്മയ്ക്ക് കാർത്തികപൊങ്കാലയിട്ട് ദേവിയെ മനമുരുകി പ്രാർത്ഥിച്ചാൽ കഷ്ടനഷ്ടങ്ങളും നിരാശയും കർമ്മ ചൈതന്യഹാനിയും മറ്റും അകന്ന് ജീവിതഭദ്രത, കുടുംബസുഖം, കാര്യസിദ്ധി, ധനലാഭം വിദ്യവിജയം, തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. വിവാഹം കാര്യങ്ങളിൽ തടസ്സങ്ങൾ നില നിൽക്കുന്നവർക്ക് തടസ്‌സങ്ങൾ അകന്ന് വിവാഹം സാദ്ധ്യത വർദ്ധിക്കും. ശനിദോഷം, രാഹുദോഷം തുടങ്ങിയ ദോഷകാരണങ്ങളാൽ സംഭവിക്കുന്ന മിക്ക വിഷമങ്ങളും അകന്ന് ഭാഗ്യാനുഭവങ്ങളും ഉണ്ടാകും.
സി സദാനന്ദൻ പിള്ള, എരുവ,
+91 9400201810
Story Summary: Importance of Chakkulathu Kavu Ponkala
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved