Friday, 22 Nov 2024

വെള്ളിയാഴ്ച രാത്രി പുതുവർഷ സംക്രമം; ദീപം തെളിയിച്ച് പ്രാർത്ഥിച്ചാൽ ഐശ്വര്യം

ജ്യോതിഷരത്‌നം വേണു മഹാദേവ്
ഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങമാസം ആരംഭിക്കുന്നു. ഈ ചിങ്ങപ്പുലരിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. വെറും ഒരു ആണ്ടുപിറപ്പല്ല ഇത്; ഒരു പുതിയ നൂറ്റാണ്ടിൻ്റെ പിറവിയാണ്. മലയാളത്തിൻ്റെ സ്വന്തം കൊല്ലവർഷം 1200 ഈ ചിങ്ങം ഒന്നിന് സമാരംഭിക്കുകയാണ്. 2024 ആഗസ്റ്റ് 16 വെള്ളിയാഴ്ച (1199 കർക്കടകം 32 ) ഉദയാൽ 33നാഴിക 32 വിനാഴികയ്ക്ക് പൂരാടം നക്ഷത്രം രണ്ടാം പാദത്തിൽ രാത്രി 7:44 മണിക്ക് ധനുക്കൂറിൽ പുതുവർഷ സംക്രമം നടക്കും. ഈ സംക്രമ സമയം മുതൽ രണ്ടര നാഴിക
(ഒരു മണിക്കൂർ) വരെ ഗൃഹത്തിലോ വ്യാപാര, വാണിജ്യ സ്ഥാപനത്തിലോ ദീപം തെളിയിച്ച് ആദിത്യസംക്രമത്തെ വരവേൽക്കുന്നവർക്ക് വരുന്ന ഒരു വർഷം ഐശ്വര്യവും അഭിവൃദ്ധിയും ഫലമാണ്.

ആദിത്യസംക്രമം ആഗസ്റ്റ് 16 രാത്രി 7:44 ന് നടക്കുന്നത് കാരണം ക്ഷേത്രങ്ങളിൽ ചിങ്ങമാസം ഒന്നായി പരിഗണിക്കുന്നത് ആഗസ്റ്റ് 17 ശനിയാഴ്ചയാണ്. ഇത് പ്രകാരം ചിങ്ങപ്പുലരി ശനിയാഴ്ചയായതിനാൽ അന്ന് ക്ഷേത്രദർശനവും വഴിപാടുകളും നടത്താൻ മറക്കരുത്. പ്രത്യേകിച്ച് മകരം. കുംഭം, മീനം കൂറുകളിൽ ജനിച്ച ഏഴര ശനിക്കാരും കർക്കടകം, ചിങ്ങം കൂറകളിൽ ജനിച്ച അഷ്ടമശനി, കണ്ടകശനിക്കാരും ജാതകാൽ ശനിദശ ശനി അപഹാരം ഉള്ളവരും തീർച്ചയായും ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, വെറ്റിലമാല, ശാസ്താവിന് എള്ള് പായസം, നീരാജനം എന്നിവ നടത്താൻ മറക്കരുത്. പൊതുവേ ഇപ്പോൾ കേതു അനിഷ്ടസ്ഥാനത്ത് ആയതിനാൽ അതും യുഗ്മ രാശിയിൽ ആയതിനാൽ ചാമുണ്ഡി, ഭദ്രകാളി ക്ഷേത്രങ്ങളിൽ രക്തപുഷ്പാഞ്ജലി നടത്തുന്നത് തടസ്സങ്ങൾ നീങ്ങാൻ ഗുണം ചെയ്യും.
രാഹു അനിഷ്ടസ്ഥാനത്ത് ഉള്ളവർ രാഹുദശാപഹാരം നടക്കുന്നവരും സർപ്പ ക്ഷേത്രത്തിൽ നൂറും പാലും നടത്തണം. വ്യാഴ പ്രീതിക്കായി വിഷ്ണുവിന്റെ അവതാരം മൂർത്തി ക്ഷേത്രങ്ങളിൽ തുളസിമാല പാൽപ്പായസം നടത്തി പ്രാർത്ഥിക്കുന്നത് ഉചിതമാണ്. സൂര്യസംക്രമ വശാൽ മേടം, മിഥുനം, കർക്കടകം, തുലാം, ധനു, കുംഭം മീനം കൂറുകാർക്ക് നല്ല സമയമാണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 8921709017


Story Summary: Importance of Chinga Ravi Sankraman

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version