Saturday, 23 Nov 2024

ദോഷങ്ങളകറ്റി ഐശ്വര്യം തരുന്ന ഇന്ദിര ഏകാദശി ഈ ശനിയാഴ്ച

ജ്യോതിഷരത്‌നം വേണു മഹാദേവ്

ഈ ശനിയാഴ്ച, ഇന്ദിര ഏകാദശിയാണ്. അശ്വനി മാസത്തിലെ കറുത്ത പക്ഷത്തിൽ വരുന്ന ഏകാദശി ഇന്ദിരാ ദേവിക്ക് ഏറ്റവും പ്രിയങ്കരമാണ്. സാക്ഷാൽ മഹാലക്ഷ്മിയുടെ, ഐശ്വര്യ ദേവതയുടെ, വിഷ്ണു പത്നിയുടെ മറ്റൊരു പേരാണ് ഇന്ദിര. ശ്രേഷ്ഠമായ ഈ ദിവസം മഹാലക്ഷ്മിയെയും മഹാവിഷ്ണുവിനെയും ഭജിച്ചാൽ അളവറ്റ ഐശ്വര്യമാണ് ഫലം. ഈ ഏകാദശിക്ക് വ്രതമെടുക്കുകയും ദാനധർമ്മാദികൾ നടത്തുകയും കൂടി ചെയ്താൽ തലമുറകളായുള്ള പിതൃദോഷങ്ങളും പാപ ദുരിതങ്ങളും ശമിക്കുകയും ഐശ്വര്യസമൃദ്ധി ലഭിക്കുകയും ചെയ്യുമെന്ന് പറയുന്നു. 2024 സെപ്റ്റംബർ 28 നാണ് ഇന്ദിര ഏകാദശി.

അളവറ്റ ഐശ്വര്യം ഫലം
ഏറെ പ്രശസ്തവും, മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമവുമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിലായി ആചരിക്കുന്ന ഈ വ്രതം വിഷ്ണു
പ്രീതി നേടാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് . തികഞ്ഞ ചിട്ടയോടെ ഏകാദശി വ്രതം പാലിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രം ഓം നമോ നാരായണായ ജപിക്കുകയും ചെയ്താൽ വിഷ്ണു പ്രീതിയിലൂടെ എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശിവ്രത ഫലം.

വ്രതം നിഷ്ഠ
ഏകാദശി വ്രതമെടുക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസവും ദ്വാദശിദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഏകാദശി
ദിവസം പൂർണ ഉപവാസം വേണം.കഴിയാത്തവർക്ക് ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. തുളസി നനയ്ക്കണം. തുളസിത്തറയ്ക്കു മൂന്ന് പ്രദക്ഷിണം വയ്ക്കണം. ബ്രഹ്മചര്യനിഷ്ഠ പാലിക്കണം.

ഹരിവാസരം മുഖ്യം
ഏകാദശി നോൽക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹരിവാസരമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറുമടങ്ങിയ 12 മണിക്കൂറാണ് ഹരിവാസരം. ഈ സമയത്ത് ആഹാരവും ഉറക്കവും പാടില്ല. വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമെടുക്കുന്നതാണ് ഏറ്റവും ഉത്തമം. അപ്പോൾ നാമം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും.
തികഞ്ഞ ഭക്തിയോടെ വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമമാണ്. തുളസിക്ക് ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

ക്ഷേത്രദർശനം ഉത്തമം
ഏകാദശി ദിവസം പ്രഭാത സ്നാന ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തുകയും മഹാവിഷ്ണു മന്ത്രങ്ങൾ ജപിക്കുകയും വേണം. ദ്വാദശി ദിവസം ഹരിവാസര ശേഷം വ്രതം മുറിക്കാം. ധനുവിലെ കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി, വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്നിവ ഏറെ വിശേഷമാണ്.

ജപിക്കേണ്ട മന്ത്രങ്ങൾ
വ്രതം നോൽക്കുന്നവർ ദശമി, ഏകാദശി ദ്വാദശി ദിവസങ്ങളിൽ മഹാവിഷ്ണു മൂലമന്ത്രം ഓം നമോ നാരായണായ, ദ്വാദശാക്ഷര മന്ത്രം ഓം നമോ ഭഗവതേ വാസുദേവായ, വിഷ്ണു ശതനാമ സ്തോത്രം, വിഷ്ണു
അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത ഇവ ജപിക്കണം, അല്ലെങ്കിൽ ശ്രവിക്കണം.

ശതനാമ സ്തോത്രം
ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന ഒന്നാണ് വിഷ്ണു ശതനാമ സ്തോത്രം.
വിഷ്ണു അഷ്ടോത്തരത്തെക്കാൾ പ്രസിദ്ധം ശതനാമ സ്തോത്രമാണ്. ഭഗവാനെ ഈ 100 നാമങ്ങളാൽ എന്നും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം:


ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 9847475559

Story Summary : Importance of Indira Ekadashi on 2024 September 28

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version