ശുക്ല പഞ്ചമി ശനിയാഴ്ച; വിളിച്ചാലുടൻ ശ്രീ വാരാഹി ദേവിയുടെ അനുഗ്രഹം
മംഗള ഗൗരി
വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്തത്ര ഉഗ്രശക്തിയുള്ള ശ്രീ വാരാഹിദേവിയെ ആരാധിച്ചാൽ വളരെയധികം ഫലം ഉളവാകുന്ന പുണ്യ ദിവസമാണ് എല്ലാ പക്ഷത്തിലെയും പഞ്ചമി തിഥി . ഈ ദിവസം വാരാഹി പഞ്ചമി എന്ന പേരിൽ അതി വിശേഷമായി എല്ലാ വാരാഹി ക്ഷേത്രങ്ങളിലും വാരാഹി ദേവി ഭക്തരും ആചരിക്കുന്നു. 1200 ധനുമാസത്തിലെ ശുക്ലപക്ഷ വാരാഹി പഞ്ചമി 2025 ജനുവരി 4 ശനിയാഴ്ചയാണ്. തലേന്ന് അതായത് ജനുവരി 3 ന് രാത്രി 11:41 മുതൽ 4 ന് രാത്രി 10:02 വരെയാണ് പഞ്ചമി തിഥിയുള്ളത്. അതിനാൽ ശനിയാഴ്ച രാത്രി വാരാഹി ആരാധനയ്ക്ക് വളരെ വിശേഷമാണ്. വാരാഹി ആരാധനയ്ക്ക് ഉത്തമമായ മറ്റൊരു ദിവസം അഷ്മിയാണ്. ദേവി പ്രധാനമായ ചൊവ്വ, വെള്ളി ദിവസങ്ങളും വാരാഹി ആരാധനയ്ക്ക് ശ്രേഷ്ഠമാണ്.
ആദിപരാശക്തിയായ ലളിതാദേവിയുടെ സേനാനായികയായ ശ്രീ വാരാഹിദേവിയെ പഞ്ചമി ദേവി എന്നും അറിയപ്പെടുന്നു. പഞ്ചമി പഞ്ചഭൂതേശി എന്ന് ലളിതാ സഹസ്രനാമത്തിൽ പരാമർശിക്കുന്ന ശ്രീ വാരാഹി ദേവി ശ്രീ ചക്രത്തിൽ മഹാപത്മാടവിയുടെ ഈശാന ദിക്കിൽ അതായത് വടക്ക്, ഭൂപുരത്ത് വസിക്കുന്നു. അഞ്ചു കോണുള്ള ചക്രത്തിൽ ഇരുന്ന് സേനയെ നയിക്കുന്ന ദേവി അജ്ഞാനത്തെ നശിപ്പിച്ച് തൻ്റെ ഭക്തർക്ക് അറിവ് തരുന്നു. വെറുതെ ശ്രീ വാരാഹി ദേവിയുടെ പേരൊന്ന് പറഞ്ഞാൽ മതി ആ ക്ഷണത്തിൽ ഭയം മാറും. ദു:ഖവും സങ്കടവും മന:ശ്ചാഞ്ചല്യവും ഒഴിയും. ബീജ മന്ത്രങ്ങൾ ജപിച്ച് ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ കഴിയാത്ത സാധാരണ ഭക്തർക്ക് ദ്വാദശ നാമങ്ങളാൽ അമ്മയെ ആരാധിക്കാം. സപ്ത മാതൃക്കളിൽ ഒന്നായ ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ സമയം രാത്രി 7 മുതൽ 9 വരെയാണ്. എല്ലാ ദിവസവും ഭജിക്കാം. പക്ഷേ ഒരേ സമയത്ത് തന്നെ ഉപാസിക്കണം. തന്നിഷ്ടം പോലെ സമയക്രമം മാറ്റരുത്.
ഭക്തിക്ക് മുന്നിൽ അതിവേഗത്തിൽ പ്രസാദിക്കുന്ന വാരാഹി ദേവിയുടെ 12 ദിവ്യ നാമങ്ങൾ ശ്രീലളിതോപാഖ്യാനം 11-ാം അദ്ധ്യായത്തിലാണുള്ളത്. അതാണ് വാരാഹി ദ്വാദശനാമവും സ്തോത്രവും. ഇതിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഇത് എന്നും രാത്രി ഒരേ സമയത്ത് പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ കവചം ദേവി ഒരുക്കും. ദേവീ പ്രധാന ദിവസങ്ങളിൽ പ്രത്യേകിച്ച് രണ്ട് പക്ഷത്തിലെയും പഞ്ചമിക്ക് ഇത് ജപിച്ചാൽ അതിവേഗം ഫലം കിട്ടുമെന്നും പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി ദേവി ധ്യാനവും ദ്വാദശനാമവും സ്തോത്രവും കേൾക്കാം:
Story Summary: Importance of Varahi Devi Worshipping and Significance of Panchmi day of every fortnight
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved