Wednesday, 4 Dec 2024

ഇരുമുടിക്കെട്ടിൽ പനിനീർ, ചന്ദനത്തിരി, കർപ്പൂരം പാടില്ല; സാധനങ്ങൾ നിശ്ചയിച്ച് ഉത്തരവായി

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ ഇപ്പോൾ കൊണ്ടുവരുന്ന സാധനങ്ങളിൽ പലതും ആവശ്യമില്ലാത്തതാണെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തുനൽകി. ഇത് പരിഗണിച്ച് ഇരുമുടിക്കെട്ടിൽ സന്നിധാനത്ത് കൊണ്ടുവരാൻ അനുമതിയുള്ള സാധനസാമഗ്രികൾ നിശ്ചയിച്ച് ദേവസ്വം ബോർഡ് ഉത്തരവായി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ പമ്പയിലും ശബരിമല സന്നിധാനത്തും കൊണ്ടുവരുന്നത് പരിസ്ഥിതി
നാശത്തിന് ഇടയാക്കുന്നത് കണക്കിലെടുത്താണ് മുൻ, പിൻ കെട്ടുകളിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ നിശ്ചയിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റിന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകെട്ടിൽ ഉണക്കലരി, നെയ്ത്‌തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവയും പിൻകെട്ടിൽ ശബരിമലയിൽ സമർപ്പിച്ച് വെള്ളനിവേദ്യം വാങ്ങാനുള്ള അരിയുമാണ് വേണ്ടത്.

പനിനീർ, ചന്ദനത്തിരി, കർപ്പൂരം എന്നിവ ശബരിമലയിൽ കൊണ്ടുവരാൻ പാടില്ലെന്ന് ദേവസ്വം ബോർഡിൻ്റെ
ഉത്തരവിൽ പ്രത്യേകം പറയുന്നു. ഇരുമുടിയിൽ തന്ത്രി നിർദേശിച്ചതല്ലാത്ത വസ്തുക്കൾ കരുതരുതെന്ന്
ഭക്തരെ ബോധവൽക്കരിക്കാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ക്ഷേത്ര മേൽശാന്തിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇതേ സമയം ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് നാളെ വെള്ളിയാഴ്ച
വൈകിട്ട് 5 മണിക്ക് സന്നിധാനത്ത് നടതുറക്കും. ശബരിമലയിലെയും സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ അഭിഷേകം വെള്ളിയാഴ്ച സന്ധ്യയ്ക്ക് സോപാനത്ത് തന്ത്രിയുടെ കാർമികത്വത്തിൽ
നടക്കും. ശനിയാഴ്ച വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാകും ശബരിമലയിലെയും മാളികപ്പുറത്തെയും ശ്രീകോവിൽ നടകൾ തുറക്കുക.

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version