Friday, 22 Nov 2024

പുഷ്പാഞ്ജലി ഏറ്റവും ഫലസിദ്ധിയുള്ള വഴിപാട്

ജ്യോതിഷരത്നം വേണു മഹാദേവ്

കാര്യസാദ്ധ്യത്തിനും ദോഷപരിഹാരത്തിനും സാധാരണക്കാർ ക്ഷേത്രങ്ങളിൽ ചെയ്യുന്ന ഏറ്റവും ചെലവു കുറഞ്ഞതും ക്ഷിപ്രഫലദായകവുമായ വഴിപാടാണ് പുഷ്പാഞ്ജലി. അർച്ചന, പുഷ്പാർച്ചന തുടങ്ങിയ പേരുകളിലും ഈ ആരാധനാരീതി അറിയപ്പെടുന്നു. ഒരോ കാര്യത്തിനും വിധിച്ചിട്ടുള്ള പ്രത്യേക മന്ത്രം ജപിച്ച് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങള്‍ ചേര്‍ത്ത് ദേവതയ്ക്ക് ധ്യാനപൂര്‍വ്വം അര്‍പ്പിക്കുന്നതാണ് സമ്പ്രദായം. പൊതുവേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലെമ്പാടും ഏറെ പ്രചാരമുള്ള പ്രധാനപ്പെട്ട വഴിപാടാണിത്.

കഴിയുന്നതും സമർപ്പിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ
കൈനിറയെ പൂക്കളെടുത്ത് ധ്യാനനിരതരായി പൂജാരിമാർ ദേവനോ ഗുരുവിനോ അർച്ചന നടത്തും. രണ്ട് സംസ്കൃത പദങ്ങളുടെ – പുഷ്പം, അഞ്ജലി എന്നിവയുടെ സംയോജനമാണ് പുഷ്പാഞ്ജലി. കൂപ്പുകൈ, ആരാധന എന്നെല്ലാമാണ് അഞ്ജലി
എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.

ഏതൊരാളും ശുദ്ധമായ ഭക്തിയോടെ സമര്‍പ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവ തനിക്ക് സ്വീകാര്യമാണെന്ന് ഭഗവാൻ തന്നെ ഭഗവദ്ഗീത, അദ്ധ്യായം 9 ശ്ലോകം 26 ൽ വ്യക്തമാക്കുന്നുണ്ട്. ഈശ്വരാരാധനയ്ക്ക്, ഭക്തിക്ക് ഭൗതികമായ സമ്പത്തുക്കളുടെ കുറവ് ഒരിക്കലും ഒരു പ്രതിബന്ധമാകുന്നില്ല എന്നാണ് ഈ ശ്ലോകത്തിന്റെ
പൊരുൾ.

പുഷ്പാഞ്ജലിയോടൊപ്പമുള്ള മന്ത്രാര്‍ച്ചനയ്ക്ക്
ഉപയോഗിക്കുന്ന മന്ത്രം ഏതെന്നതിന് അനുസരിച്ച് പുഷ്പാഞ്ജലി പൂജ പല പേരുകളില്‍ അറിയപ്പെടുന്നു.
ഈ പേരുകൾ അവയുടെ ഫലസിദ്ധിയുടെ സൂചന നൽകുന്നു. കേരളത്തിൽ വിവിധ ആരാധനാ മൂര്‍ത്തികൾക്ക് അര്‍ച്ചിക്കുന്ന ഏറെ
പ്രചാരമുളള ചില പുഷ്പാഞ്ജലികള്‍ മനസിലാക്കാം. ഇവ ഓരോന്നിനും പ്രത്യേക അഭീഷ്ടസിദ്ധിയുണ്ട്.

ഭാഗ്യസൂക്ത പുഷ്പാഞ്ജലി, പുരുഷസൂക്ത പുഷ്പാഞ്ജലി, ഗുരുതി പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയെല്ലാം അർച്ചനകളിൽ
പെടുന്നു. വിവിധ ദേവതകളുടെ അഷ്ടോത്തരം, സഹസ്രനാമം, ത്രിശതി ഇവ ജപിച്ചാണ് പുഷ്പാഞ്ജലി കഴിക്കുന്നത്. കേരളത്തിലെ ക്ഷേത്രാചാരപ്രകാരം
ഭക്തൻ അല്ലെങ്കിൽ ഭക്ത സ്വന്തം ആവശ്യത്തിനോ മറ്റാർക്കെങ്കിലും വേണ്ടിയോ നടത്തുന്ന സമർപ്പണപൂജയാണ് പുഷ്പാഞ്ജലി. അർച്ചന ചെയ്യുമ്പോള്‍ ഉച്ചരിക്കേണ്ട മന്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമാന്യം ദീര്‍ഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണ് വഴിപാട് നടത്തുമ്പോള്‍ പൂജാരികള്‍ ജപിക്കുന്നത്.

വിഷ്ണുവിന് തുളസി ഇല, ശിവന് കൂവളത്തിന്റെ
ഇല തുടങ്ങി ഒരോ മൂർത്തിക്കും അവർക്ക്
വിശേഷപ്പെട്ട പുഷ്പങ്ങൾ അർച്ചിക്കുന്നു. ചില മൂർത്തികൾക്ക് ചില പുഷ്പങ്ങൾ പാടില്ലെന്നുമുണ്ട്. ചെമ്പരത്തിപ്പൂവും കൂവളത്തിലയും ഉമ്മത്തിൻ പൂവും വിഷ്ണുവിന് പാടില്ല. ശിവപൂജയ്ക്ക് മുല്ലപ്പൂവും കൈതപ്പൂവും എടുക്കില്ല. ദേവീ പൂജയ്ക്ക് എരിക്കിൻ പൂവ് പാടില്ല. ഗണപതിക്ക് തുളസി സാധാരണ ഉപയോഗിക്കില്ല. ചുവന്ന അരളിപ്പൂവാണ് പ്രിയങ്കരം. ചുവന്ന അരളിപ്പൂ കൊണ്ട് ഗണേശന് പുഷ്പാഞ്ജലി നടത്തിയാൽ എല്ലാ തടസങ്ങളും അകലും

അർച്ചന കഴിക്കുന്നത് ഒരാൾക്ക് വേണ്ടിയാണെങ്കിലും പലർക്കും പുഷ്പാഞ്ജലി വേണ്ടി വരുമ്പോൾ അവർക്കെല്ലാം വേണ്ടി ഒരോരുത്തരുടെയും പേരും നാളും പറഞ്ഞ് ഒരേ സമയം പുഷ്പഞ്ജലി നടത്താറുണ്ട്. കാര്യസാദ്ധ്യത്തിനാണ് പൊതുവേ അഷ്ടോത്തര ജപ പുഷ്പാഞ്ജലിയാണ് നടത്തുന്നത്.

ദോഷപരിഹാരത്തിനും ശത്രുനാശത്തിനുമാണ് പ്രധാനമായും രക്തപുഷ്പാഞ്ജലി ചെയ്യിപ്പിക്കുന്നത്.
ഗണപതി ക്ഷേത്രങ്ങളില്‍ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന പ്രത്യേക തരം പുഷ്പാഞ്ജലിയാണ് മുക്കുറ്റി പുഷ്പാഞ്ജലി. മൃത്യുഞ്ജയ പുഷ്പഞ്ജലി ശിവക്ഷേത്രങ്ങളിൽ മാത്രമാണ് നടത്താൻ കഴിയുക.

വളരെ ഫലസിദ്ധിയാണ് പുഷ്പാഞ്ജലികൾക്കെല്ലാം. പക്ഷെ, വേണ്ടവിധം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കണം. തികഞ്ഞ സമർപ്പണത്തോടെ, ഭക്തിയോടെ, നിഷ്ഠയോടെ, തന്ത്രവിധി അറിയുന്ന പൂജാരി വേണം പുഷ്പാഞ്ജലി നടത്തേണ്ടത്. പൂജയിൽ നിഷ്കർഷ വേണം എന്ന് ചുരുക്കം . എന്നാൽ ഫലം ഉറപ്പാണ്.

പുഷപാഞ്ജലിയും ഫലവും

പുഷ്പാഞ്ജലി
കാര്യസിദ്ധി,
ആയുരാരോഗ്യ വര്‍ദ്ധന

രക്ത പുഷ്പാഞ്ജലി

ശത്രുദോഷ ശമനം ,
അഭീഷ്ടസിദ്ധി

സ്വയംവര പുഷ്പാഞ്ജലി

മംഗല്യ സിദ്ധി

ഭാഗ്യസൂക്ത പുഷ്പാഞ്ജലി

ഭാഗ്യലബ്ധി, സമ്പൽസമൃദ്ധി, ഐശ്വര്യം.

ഐക്യമത്യ പുഷ്പാഞ്ജലി
(സംവാദ സൂക്തം)

വീട്ടിലോ ജോലിസ്ഥലത്തോ എവിടെയുമുള്ള
കലഹനിവാരണം

പുരുഷസൂക്ത പുഷ്പാഞ്ജലി

മോക്ഷം, ഇഷ്ടസന്താനലബ്ധി, സൗഖ്യം

ആയുര്‍സൂക്ത പുഷ്പാഞ്ജലി

ദീര്‍ഘായുസ്

ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി

ദുരിതനാശം , സര്‍വ്വാഭീഷ്ടസിദ്ധി, സർവദുരിത ശാന്തി, ശിവപ്രീതി.

സാരസ്വതസൂക്ത പുഷ്പാഞ്ജലി

വിദ്യാലാഭം , മൂകതാനിവാരണം, പരീക്ഷയിൽ വിജയം

മൃത്യുഞ്ജയ പുഷ്പാഞ്‌ജലി

ദീര്‍ഘായുസ്സ്

കൂവളാർച്ച
കാര്യസിദ്ധി, ദാമ്പത്യഐക്യം, ഉത്തമ വിവാഹം

ജ്യോതിഷരത്നം വേണു മഹാദേവ്,

+91 9847475559

error: Content is protected !!
Exit mobile version