Saturday, 23 Nov 2024

കുമാരഷഷ്‌ഠി ജൂലായ് 12 വെള്ളിയാഴ്ച; സന്താനക്ഷേമവും കാര്യസിദ്ധിയും നൽകും

ജ്യോതിഷരത്നം വേണുമഹാദേവ്
ശ്രീമുരുകൻ്റെ അവതാര ദിനമായ മിഥുനത്തിലെ വെളുത്തപക്ഷ ഷഷ്ഠി കുമാരഷഷ്ഠി എന്ന പേരിൽ പ്രസിദ്ധമാണ്. എല്ലാ മാസത്തെയും ഷഷ്ഠികളെക്കാൾ സവിശേഷമായ പ്രാധാന്യമുള്ള കുമാരഷഷ്ഠി ദിവസം
സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും അത്യുത്തമമാണ്. 2024 ജൂലായ് 12 വെള്ളിയാഴ്ചയാണ് കുമാരഷഷ്ഠി.

മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളിൽ ജനിച്ചവരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനങ്ങളിലുള്ളവരും ചൊവ്വാദോഷം ഉള്ളവരും ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. തലേന്ന് പഞ്ചമി മുതൽ വ്രതമെടുത്ത് ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തി ഉച്ചനേരത്ത് ഷഷ്ഠി പൂജ തൊഴുത് ക്ഷേത്രത്തിൽ നേദിച്ച പടച്ചോറും കഴിച്ചാണ് സാധാരണ വ്രതം പൂർത്തിയാക്കുന്നത്. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യ മന്ത്രങ്ങൾ, കീർത്തനങ്ങൾ, ഷഷ്‌ഠിസ്‌തുതി ഇവ ചൊല്ലുന്നത് ഉത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.

മൂലമന്ത്രം
ഓം വചദ്ഭുവേ നമഃ
ഓം ഷൺമുഖായ നമഃ

ഷഷ്ഠിനാൾ കഴിയുന്നത്ര ഉരു സുബ്രഹ്മണ്യ മൂലമന്ത്രം ജപിക്കണം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും കുമാരഷഷ്ഠിക്ക് സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യവും ജപിക്കാനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്.

സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം

ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

ശ്രീമുരുകനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് വേണം
ധ്യാനശ്ലോകം ജപിക്കാൻ. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും.
ശ്ലോകത്തിന്റെ അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം ഇവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടു കൂടിയവനും രണ്ടു കൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമ വർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ ധ്യാനിക്കുന്നു.

വ്രതം എടുക്കാത്തവർ ചെയ്യേണ്ടത്
ഷഷ്ഠി വ്രതം എടുക്കാൻ കഴിയാത്തവർ ആ ദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം, വഴിപാടുകൾ എന്നിവ നടത്തി പ്രാർത്ഥിക്കണം. ഷഷ്ഠിദിവസം സന്ധ്യയ്ക്ക് സുബ്രഹ്മണ്യ അഷ്ടോത്തരം, സ്കന്ദഷഷ്ഠി കവചം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കരാവലംബ സ്തോത്രം, സുബ്രഹ്മണ്യ ഭുജംഗം, ഷഷ്‌ഠി ദേവിസ്‌തുതി എന്നിവ ചൊല്ലുന്നത് നല്ലതാണ്. പിറ്റേന്ന് തുളസീതീർഥം സേവിച്ച് പാരണ വിടാം. കാര്യസിദ്ധിക്ക് വിധിപ്രകാരമുള്ള ഷഷ്ഠി അനുഷ്ഠാനം വളരെ ഫലപ്രദമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സുബ്രഹ്മണ്യ പഞ്ചരത്നം സ്തോത്രം കേൾക്കാം:

ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847475559

Story Summary: Significance and Benefits of Kumara Shashti Vritham on Midhunam Month

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version