Thursday, 20 Feb 2025

മഹാശിവരാത്രി വ്രതം കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയ്ക്കും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)

ജ്യോതിഷി പ്രഭാസീന സി പി
ശിവപ്രീതിക്കുള്ള എട്ടുവ്രതങ്ങളിൽ ഏറ്റവും മുഖ്യമാണ് മഹാശിവരാത്രി വ്രതം. സകല പാപങ്ങളും നശിപ്പിക്കുന്ന ഈ മഹാവ്രതാനുഷ്ഠാന ഫലമായി കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയുമെന്നാണ് വിശ്വാസം. ശ്രദ്ധയോടും ശുദ്ധിയോടും ഭക്തിയോടും കൂടി ശിവരാത്രി വ്രതം നോൽക്കുന്ന ഭക്തർക്കും ജീവിതപങ്കാളിക്കും ദീര്‍ഘായുസ്സുണ്ടാകും. ദമ്പതികൾ ഒന്നിച്ച് ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നത് അവരുടെ കുടുംബത്തിൻ്റെയും മക്കളുടെയും എല്ലാവിധത്തിലെ പുരോഗതിക്കും വളരെ നല്ലതാണ്.

ശിവരാത്രി മഹോത്സവം
തിങ്കളാഴ്ച തുടങ്ങും
കുംഭമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി, ചതുർദ്ദശിയോട് ചേർന്നാണ് പ്രദോഷവും ശിവരാത്രി വ്രതാനുഷ്ഠാനവും വരുന്നത്. അതായത് ശിവ പ്രീതികരമായ പ്രദോഷവും ശിവരാത്രിയും ഒരുമിച്ച് അനുഷ്ഠിക്കാവുന്ന ദിനങ്ങളാണ് സമാഗതമാകുന്നത്. കുംഭത്തിലെ കറുത്തപക്ഷ പ്രദോഷം ഫെബ്രുവരി 25 നും മഹാശിവരാത്രി ഫെബ്രുവരി 26 നും ആചരിക്കും. ശിവക്ഷേത്രങ്ങളിൽ അതിവിപുമായാണ് മഹാശിവരാത്രി കൊണ്ടാടുന്നത്. ഇതോടനുബന്ധിച്ച് വാർഷിക ഉത്സവം ആഘോഷിക്കുന്ന ക്ഷേത്രങ്ങളിൽ അതിൻ്റെ കൊടിയേറ്റ് ഫെബ്രുവരി 17 തിങ്കളാഴ്ച നടക്കും. മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ മഹോത്സവമാണ് ഈ വേളയിൽ നടക്കുന്നത്. തിരുവാതിരയ്ക്ക് ഉത്സവമുള്ള ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം പ്രത്യേകമായി നടക്കും.

നീലകണ്ഠൻ ലോകത്തെ
രക്ഷിച്ച പുണ്യ ദിനം
പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ ശ്രീപാർവതീ ദേവി ശിവഭഗവാന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ ശ്രീഹരി വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവിയും കൂട്ടരും ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഇത് സംബന്ധിച്ച പ്രധാന ഐതിഹ്യം.

വ്രതാനുഷ്ഠാനം
എങ്ങനെ വേണം
മഹാശിവരാത്രിയുടെ തലേദിവസം കൃഷ്ണപക്ഷ
പ്രദോഷം കൂടി വരുന്നതിനാൽ മൂന്ന് ദിവസം – തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും നല്ലതാണ്. അതിന് സാധിക്കാത്തവർക്ക് തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഭസ്മം ധരിച്ച് ഓം നമഃ ശിവായ ജപിച്ച് നടത്തി ക്ഷേത്രദർശനം നടത്തുക. ശിവരാത്രി ദിനത്തിൽ പൂർണ്ണ ഉപവാസമാണ് വേണ്ടത്. ആരോഗ്യപരമായി അതിനു കഴിയാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നിവേദ്യമോ കരിക്കിൻ വെളളമോ പഴങ്ങളോ കഴിക്കാവുന്നതാണ്. മഹാശിവരാത്രി ദിവസം ശിവപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് അന്നദാനം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് പാരണ വിടാം.

ശിവക്ഷേത്രദർശനവും
ബലിതർപ്പണവും ശ്രേഷ്ഠം
മഹാശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയുന്നു. പ്രദോഷ ദിവസവും ശിവരാത്രി നാളിലും കഴിയുന്നത്ര തവണ ഓം നമഃ ശിവായ ജപിക്കണം. ശിവപഞ്ചാക്ഷര സ്തോത്രം, ബില്വാഷ്ടകം, ശിവാഷ്ടകം, ദാരിദ്ര്യദഹന ശിവ സ്തോത്രം, ശിവാഷ്ടോത്തരം, ശിവസഹസ്രനാമം എന്നിവ ഭക്തിപൂർവം ജപിക്കണം.

വഴിപാടുകളിൽ മുഖ്യം
കൂവളാർച്ചന, ധാര
കൂവളദള സമർപ്പണം, ധാര എന്നിവയാണ് ഈ ദിവസം നടത്തുന്ന വഴിപാടുകളിൽ ഏറ്റവും പ്രധാനം. ഞായർ, തിങ്കൾ, പ്രദോഷം, ശിവരാത്രി ദിവസങ്ങളിൽ കൂവള ദളം ഇറുക്കരുത്. ശനിയാഴ്ച ഇറുത്തു വച്ച് വെള്ളം തളിച്ച് സുക്ഷിച്ച ശേഷം ശിവഭഗവാന് സമർപ്പിക്കാം. കൂവളദളം വാടിയാലും ശ്രേഷ്ഠത്വം നഷ്പ്പെടില്ല. അന്ന് പിൻവിളക്ക്, മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി എന്നിവയും സമർപ്പിക്കാം. ദാമ്പത്യദുരിതത്താൽ ക്ലേശിക്കുന്നവർ ഉമാമഹേശ്വരപൂജ, ഐക്യമത്യസൂക്ത അർച്ചന എന്നി നടത്തണം. വിവാഹം വൈകുന്നവർ അതിനുള്ള പരിഹാരമായി സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വളരെയേറെ നല്ലതാണ്.

മഹാശിവരാത്രി വീഡിയോ
മഹാശിവരാത്രി സംബന്ധിച്ച് ഭക്തർ അറിയേണ്ട എല്ലാ കാര്യങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും അന്ന് നടത്തേണ്ട വഴിപാടുകളും പ്രസിദ്ധ താന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണുക:

  • ജ്യോതിഷി പ്രഭാസീന സി പി
    +91 9961 442256, 989511 2028
    (ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
    കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Significance and Benefits of
Maha Shivaratri Vritham 2025

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version