Wednesday, 13 Nov 2024

മാണിക്യപുരത്തെ മണ്ഡല, മകരവിളക്കും 2000 സ്വാമിമാരുടെ അഖണ്ഡനാമയജ്ഞവും

പി എം ദാമോദരൻ നമ്പൂതിരി
വൃശ്ചികമാസം ഒന്നിന് തുടങ്ങുന്ന മണ്ഡലക്കാലത്ത് മലപ്പുറം ജില്ലയിലും, കോഴിക്കോട് പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളിലും മാത്രം കണ്ടു വരുന്ന സവിശേഷമായ ആചാരമാണ് അഖണ്ഡനാമയജ്ഞം. അഖണ്ഡനാമം നടക്കുന്ന ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും അയ്യപ്പൻമാർ സംഘമായി എത്തും. ഇത്തരത്തിൽ അഖണ്ഡനാമ യജ്ഞം നടക്കുന്ന മലപ്പുറം ജില്ലയിലെ ഒരു ക്ഷേത്രമാണ് വള്ളുവനാട്ടിലെ ശബരിമല എന്ന പേരിൽ പ്രസിദ്ധമായ അങ്ങാടിപ്പുറം പട്ടണത്തിലെ മാണിക്യപുരം ശാസ്താക്ഷേത്രം.

ശ്രീ ധർമ്മശാസ്താവ് കുതിരപ്പുറത്ത് എഴുന്നെള്ളി കലികാലദോഷങ്ങൾ പരിഹരിച്ച് ഭക്തർക്ക് കാര്യസിദ്ധി
നൽകുന്ന ഈ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് അഖണ്ഡനാമ യജ്ഞം എല്ലാ
വർഷവും നടക്കുന്നത്. ഈ വർഷം 2024 നവംബർ 30, കൊല്ലവർഷം 1200 വൃശ്ചികം 15 നാണ് അഖണ്ഡനാമ യജ്ഞം.

വ്രതശുദ്ധിയിൽ മനസ്സിനെ പാകപ്പെടുത്തുക, ഒപ്പം മലകയറും മുമ്പ് ശരീരത്തെ സജ്ജമാക്കുക എന്ന ലക്ഷ്യവും അഖണ്ഡനാമ യജ്ഞം ആചാരത്തിനുണ്ട്. ദുഷ്ട ചിന്തകളായ കരിമലയെ ചവിട്ടി മന്ത്രോച്ചാരണം നടത്തി നീങ്ങുമ്പോൾ തെളിനീരൊഴുകുന്ന പമ്പയായി മനസ്സിനെ മാറ്റുന്നതിനുള്ള പ്രയത്നം കൂടിയാണിത്. മഹിഷീ നിഗ്രഹത്തെക്കുറിച്ച് നാരദർ ദേവൻന്മാരോട് വർണിക്കുമ്പോൾ ചുറ്റും നിന്ന് ദേവന്മാർ അനന്ദ നൃത്തം ചെയ്തതായ ഐതിഹ്യത്തിൻ്റെ തുടർച്ച കൂടിയാണിത്.

2000 ൽ അധികം സ്വാമിമാർ ഉദയത്തിൽ തുടങ്ങി പിറ്റേദിവസം ഉദയം വരെ ഇടമുറിയാതെ നാമജപവും താളത്തിലുള്ള നൃത്തം ചവിട്ടലും നടത്തും.
ഭൂത നാഥ സദാനന്ദ
സർവഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്തേ തുഭ്യം
നമോ നമഃ
ക്ഷേത്രമുറ്റത്തെ പന്തലിൻ്റെ ഒരു വശത്ത് കൈത്താളത്തോടെ കൂടിയുള്ള നാമം ചൊല്ലൽ ഓരോ 45 മിനിട്ട് കഴിയുമ്പോഴും മാറി മാറി വരുന്ന നാരദർ. അയ്യപ്പഭക്തരെ വളരെയേറെ ആകർഷിക്കുന്ന യജ്ഞമാണിത്.

കളംപാട്ട്
വൃശ്ചികമാസത്തിൽ തുടങ്ങുന്ന കളംപാട്ട് മാണിക്യപുരം ക്ഷേത്രത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. തിരുമാന്ധാം കുന്നിലമ്മക്കും മാണിക്യപുരത്തപ്പനും ഇവിടെ കളംപാട്ട് നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഒരു ക്ഷേത്രമുണ്ടാക്കി അതിലൊരു ദേവനെ പ്രതിഷ്ഠിച്ച് ഉപാസിച്ചാലുണ്ടാകുന്ന പുണ്യം ഒരൊറ്റ കളംപാട്ടിലൂടെ നേടാമത്രെ. മകരവിളക്കിനു മുമ്പുള്ള ശനിയാഴ്ച അയ്യപ്പന് താലപ്പൊലി നടത്തുന്നു. മുല്ലക്കൻപാട്ട്, ഈടും കൂറും, കള പ്രദക്ഷിണം, കളത്തിലാട്ടം, കളംപൂജ, നാളികേര മേറ് എന്നിവ വിപുലമായി നടത്തുന്നു. ഇവിടെ
കളംപാട്ട് നടത്തുന്നത് കല്ലാറ്റു കുറുപ്പൻമാരാണ്.

താലപ്പൊലി
മകരവിളക്കിൻ്റെ തലേന്ന് മാണിക്യപുരത്ത് ഭഗവതിയുടെ താലപ്പൊലിയും വിപുലമായി നടത്താറുണ്ട്. വാതിൽമാടത്തിലെ പാട്ടു കൊട്ടിലിൽ ചൂടിക്കയർ കെട്ടി ഒരുക്കിയ പാട്ടു പന്തലിനു മുകളിൽ ചുവന്ന കൂറപ്പട്ട് വിതാനിക്കും. കുരുത്തോല കെട്ടി അലങ്കരിക്കും. പഞ്ചവർണപ്പൊടി കൊണ്ട് കളമെഴുതും. മഞ്ചാടി ഇലയോ, വാകയിലയോ ഉണക്കിപ്പൊടിച്ച് പച്ച, ഉണക്കല്ലരി പൊടിച്ച് വെള്ളപ്പൊടി, മഞ്ഞ ക്ക് മഞ്ഞപ്പൊടി, മഞ്ഞപ്പൊടിയും ചുണ്ണാമ്പും ചേർത്ത് ചുവപ്പ്, ഉമിക്കരി പൊടിച്ച് കൃഷ്ണപ്പൊടി കൊണ്ട് കറുപ്പ്, 5 പ്രകൃതി വർണം കൊണ്ട് 8 കയ്യുള്ള ഭദ്രകാളി രൂപവും, അശ്വത്തോടു കൂടിയ ശാസ്താവും കളത്തിൽ നിറയും.ജീവിതത്തിലെ മൂന്നു ഘട്ടങ്ങളായി സൃഷ്ടി, സ്ഥിതി, സംഹാരം ഈ മൂന്നു ഭാവങ്ങൾ കളംപാട്ടിൽ വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക ,പിന്നീട് കളംപൂജ, കളംപാട്ട്, തുടങ്ങിയവ അവസാനം വെളിച്ചപ്പാടോടുകൂടി സംഹാര താണ്ഡവം.

കളഭാഭിഷേകം
കൊല്ലത്തിൽ രണ്ടു പ്രാവശ്യമാണ് മാണിക്യ പുരത്തപ്പന് പ്രത്യേക കളഭാഭിഷേകം നടത്തുന്നത്. വൃശ്ചികം ഒന്നു മുതൽ ആരംഭിക്കുന്ന നെയ്യഭിഷേകത്തിൻ്റെ ഫലമായി വിഗ്രഹം തണുപ്പിക്കുവാൻ മകരവിളക്കിന് പ്രത്യേക കളഭാഭിഷേകം നടത്തുന്നു. ഒന്നു തൊട്ടാൽ എല്ലാതാപവും അലിഞ്ഞ് ഇല്ലാതാകുന്ന അനുഭവക്കുളിർ. കളഭാട്ടത്തിന് പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട് വെള്ളിക്കുടത്തിൽ മുഖമണ്ഡപത്തിൽ പൂജിച്ച് ക്ഷേത്രം തന്ത്രി വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു.ഉച്ചപൂജക്ക് നടക്കുന്ന ചടങ്ങിന് ചെണ്ട, മദ്ദളം, ഇലത്താളം, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ നിർബ്ബന്ധമാണ്. കളഭാഭിഷേകം കഴിഞ്ഞാൽ മറ്റ് അലങ്കാരങ്ങളില്ല. പൂമാലകൾ മാത്രം അണിയും. അന്നേ ദിവസം മുഴുവൻ ഭക്തർക്ക് കളഭത്തിൽ ആറാടിയ ശാസ്താവിനെ കണ്ടു തൊഴാം. രണ്ടാമത്തെ പ്രത്യേക കളഭാഭിഷേകം ദേവൻ്റെ പ്രതിഷ്ഠാദിനമായ മിഥുനമാസത്തിലെ അവിട്ടം നക്ഷത്രത്തിലാണ്. അന്നേ ദിവസം ശുദ്ധികലശം, മുറജപം, വാരമിരിയ്ക്കൽ, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പ്രസാദ ഊട്ട്, നിറമാല എന്നിവയാണ് പ്രധാന പരിപാടികൾ.

മകരവിളക്ക്
മാണിക്യപുരം അയ്യപ്പക്ഷേത്രത്തിലെ മറ്റൊരു വാർഷിക വിശേഷമാണ് മകരവിളക്ക്. ശബരിമലയിൽ തൊഴാൻ സാധിക്കാത്തവർക്ക് ഇവിടെ പ്രാർത്ഥിച്ചാൽ മതി എന്ന അന്തരീക്ഷമാണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്. രാവിലെ 4 മണിക്ക് ഗണപതി ഹോമത്തോടെ തുടങ്ങി രാത്രി 11 മണിക്ക് ഹരിവരാസനം ചൊല്ലി നടയടക്ക്ക്കും. അതിന് ഇടയിൽ ക്ഷേത്രത്തിനകത്ത് ആചാരാനുഷ്ഠാന പ്രകാരം ചടങ്ങുകൾ നടക്കും. പുറത്ത് വാദ്യ ദൃശ്യങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. മകരവിളക്ക് ദിവസം മുഴുവൻ മാണിക്യപുരം ഉത്സവ പ്രതീതിയായി മാറുന്നു. പഞ്ചാരിമേളത്തോടെ കാഴ്ച ശിവേലി, പഞ്ചഗവ്യം, 25 കലശം, കളഭാഭിഷേകം, ചുറ്റുവിളക്ക്, ദീപാരാധന, എഴുന്നെള്ളിപ്പ് തുടങ്ങിയ ആചാര ചടങ്ങുകൾ, മേളം, തായമ്പക, കേളി, കൊമ്പ് കുഴൽപ്പറ്റ്, നൃത്തസന്ധ്യ എന്നിങ്ങനെ കലോത്സവവും മകരവിളക്കിൻ്റെ ദർശനീയമായ വൈകാരികാനുഭൂതിയെ ഓർമ്മിപ്പിക്കുന്നു. ദീപാരാധന തുറന്നാലുണ്ടാകുന്ന മാണിക്യപുരത്തപ്പൻ്റ വിഗ്രഹകാന്തി അവർണനീയമാണ്.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ
കോഴിക്കോട്, പാലക്കാട് ദേശീയപാതയിൽ ശ്രീ തിരുമാന്ധാംകുന്നു ക്ഷേത്രഗോപുരത്തിന് മുൻവശത്തുള്ള പരിയാപുരം റോഡിൽ ഉദ്ദേശം 300 മീറ്റർ ദൂരത്തിൽ മാണിക്യപുരത്തപ്പൻ്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തീവണ്ടിയിൽ വരുന്നവർക്ക് ഷൊർണൂർ, നിലമ്പൂർ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ക്ഷേത്രത്തിലെത്താം.

(തിരുമാന്ധാംകുന്ന് ക്ഷേത്രം മേൽശാന്തിയും മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയുമാണ്
ലേഖകൻ പി എം ദാമോദരൻ നമ്പൂതിരി. മൊബൈൽ: +91 98479 59749)
( കഴിഞ്ഞ പോസ്റ്റിൽ ഭക്തൻ്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യം നൽകുന്ന മാണിക്യപ്പുരത്തപ്പൻ )

Story Summary: Mandalam Makaravilakku Festival of Malappuram Angadippuram Manikkapuram Shastha Temple

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version