Friday, 2 May 2025

മേടത്തിരുവാതിര; ജ്ഞാനസൂര്യൻ ശങ്കരാചാര്യർ അവതരിപ്പിച്ച പുണ്യ ദിനം


ശിവന്റെ അംശാവതാരമായി പ്രകീർത്തിക്കുന്ന ജഗദ്‌ഗുരു ആദി ശങ്കരാചാര്യരുടെ അവതാരദിനമാണ് മേടത്തിരുവാതിര. അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ ഇരുട്ടിൽ നിന്നും ഭാരതത്തെ പുനരുദ്ധരിച്ച ആദി ശങ്കരാചാര്യരുടെ ജന്മദിനമായ
മേടമാസത്തിലെ തിരുവാതിര തത്വജ്ഞാനദിനമായി കേരളം ആഘോഷിക്കുന്നു. ജ്ഞാനസൂര്യൻ അവതാരമെടുത്ത ഈ പുണ്യ ദിവസം 2025 മേയ് 2 വെള്ളിയാഴ്ചയാണ്.

വ്യാസനും വാല്മീകിക്കും ശേഷം ഹൈന്ദവരുടെ
ആദ്ധ്യാത്മിക വളർച്ചയ്ക്ക് അതുല്യമായ സംഭാവനകൾ നല്കിയ പുണ്യാത്മാവാണ് ജഗദ്‌ഗുരു ശങ്കരാചാര്യർ. ജൈന, ബുദ്ധമതങ്ങൾ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ച
ആചാര്യൻ വേദാന്തത്തിലെ അദ്വൈത ചിന്തയുടെ വക്താവാണ്. അദ്വൈതത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ശങ്കരാചാര്യർ കേരളത്തിൽ കാലടിയിൽ ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി ജനിച്ചു. പിതാവിന്റെ വിയോഗ ശേഷം സന്ന്യാസിയായി മാറിയ ആചാര്യ സ്വാമികൾ 32 വയസ്സു വരെ മാത്രമാണ് ജീവിച്ചതെന്ന് അനുമാനിക്കുന്നു.

മുന്നൂറിലധികം കൃതികൾ രചിച്ചു
മൂകാംബികയും ഗുരുവായൂരും ചോറ്റാനിക്കരയും ഉൾപ്പടെ പല മഹാക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി ശങ്കരനെ ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നു. ഭാരതം മുഴുവൻ സഞ്ചരിച്ച് തത്ത്വചിന്തകരുമായി ചർച്ചകളിലും തർക്കങ്ങളിലും ഏർപ്പെട്ട ജഗദ്ഗുരു മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. വിവേകചൂഢാമണി, മനീഷാപഞ്ചകം, ശിവാനന്ദ ലഹരി, സൗന്ദര്യ ലഹരി, ഭജഗോവിന്ദം, ഗണേശ പഞ്ചകം, ഹനുമദ് പഞ്ചകം, കനകധാരാ സ്തോത്രം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു.

സ്വർണ്ണനെല്ലിക്ക പൊഴിച്ച കഥ

ഇതിൽ കനകധാരാ സ്തോത്രം രചനയെക്കുറിച്ച്
ഒരു കഥയുണ്ട്. ഒരിക്കൽ ജഗദ്ഗരു ഒരു ദരിദ്ര ഭവനം സന്ദർശിച്ച് അവിടെയുണ്ടായിരുന്ന വൃദ്ധയോട് ഭിക്ഷ യാചിച്ചു. ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു നെല്ലിക്ക വൃദ്ധ സ്വാമിക്ക് നൽകി. സംതൃപ്തനായ ശങ്കരാചാര്യർ ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിച്ച് അപ്പോൾ രചിച്ചതാണ് കനകധാരാ സ്തോത്രം. ഈ സ്തുതിയിൽ പ്രസന്നയായ സാക്ഷാൽ ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ച് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി എന്നാണ് ഐതിഹ്യം.

ദേവി പ്രത്യക്ഷയായി
കുടജാദ്രിയിലെ തപസിനൊടുവിൽ പ്രത്യക്ഷയായ സരസ്വതി ദേവിയെ ചോറ്റാനിക്കരയിലേക്ക് ആനയിച്ചത് ശങ്കരാചാര്യരാണെന്നാണ് മറ്റൊരു ഐതിഹ്യം. യോഗബലത്തിലൂടെ ആകാശത്തിലൂടെ സഞ്ചരിക്കാൻ കഴിവുണ്ടായിരുന്ന ശ്രീ ശങ്കരാചാര്യ സ്വാമികളാണ് ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലെ പൂജാക്രമം ചിട്ടപ്പെടുത്തിയത്. ഒരു മണ്ഡലകാലം ഗുരുവായൂരിൽ ഭജനമിരുന്ന് ആചാര്യർ ആവിഷ്കരിച്ച ആചാരങ്ങൾ തെല്ലും ലോപം വരാതെ ഇന്നും പാലിക്കുന്നു എന്നതാണ്
ഗുരുവായൂർ ക്ഷേത്രത്തിന്റെ ചൈതന്യം അനുദിനം വർദ്ധിക്കുന്നതിന് കാരണം. ഗുരുവായൂർ ക്ഷേത്രത്തിൽ വടക്കേ നടയ്ക്ക് സമീപം ഇപ്പോൾ ശങ്കരാചാര്യരുടെ പ്രതിമയുണ്ട്. ഇവിടെ വച്ചാണ് സ്വാമി ഗോവിന്ദാഷ്ടകം രചിച്ചത്.

നാലു മഠങ്ങൾ സ്ഥാപിച്ചു
അദ്വൈത സിദ്ധാന്തം നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിന് ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിച്ചു. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. സ്വാമികൾ
നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ.

1) ശൃംഗേരി മഠം
ശൃംഗേരിമഠത്തിലെ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിൽ ഒന്ന് ഉണ്ടായിരിക്കും. ബ്രഹ്മചാരികള്‍ ചൈതന്യയായി അറിയപ്പെടും. യജുര്‍വേദമാണ് ശൃംഗേരിമഠത്തിലെ മുഖ്യവേദം. അഹം ബ്രഹ്മാസ്മിയാണ് അവിടുത്തെ മഹാവാക്യം.

2) ശാരദാമഠം
ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിലെ സ്വാമിമാർ തീര്‍ത്ഥന്‍ എന്ന് അറിയപ്പെടുന്നു. ഈ മഠത്തിലെ ബ്രഹ്മചാരികളുടെ പേരിൽ സ്വരൂപ എന്ന് കാണും. തത്ത്വമസി യാണ് മഹാവാക്യം. മുഖ്യ അദ്ധ്യയന ഗ്രന്ഥം സാമവേദമാണ്.

3) ജ്യോതിര്‍മഠ‍ം
ബദരിയില്‍ സ്ഥാപിച്ചത് ജ്യോതിര്‍മഠ‍ം. ശ്രീമഠ‍ം
എന്നും ഇത് അറിയപ്പെടുന്നു. ഗിരി, പര്‍വ്വത, സാഗര എന്നിവയിലാണ് ഈ മഠത്തിലെ സന്യാസിമാരുടെ പേരുകൾ അവസാനിക്കുക. ബ്രഹ്മചാരികള ആനന്ദന്മാരാണ്. അഭ്യാസ ഗ്രന്ഥം അഥര്‍വ്വവേദം. അയം ആത്മാ ബ്രഹ്മ എന്നതാണ് ഇവിടെ മഹാവാക്യം.

4) ഗോവര്‍ദ്ധനമഠ‍ം
കിഴക്ക് പുരിയിലാണ് ഗോവര്‍ദ്ധനമഠ‍ം. വനം,
അരണ്യ എന്നിവയിലാണ് ഇവിടുത്തെ സന്ന്യാസിമാരുടെ നാമം അവസാനിക്കുക. ബ്രഹ്മചാരികളുടെ പേരിൽ പ്രകാശം കാണും മുഖ്യവേദം ഋഗ്വേദം. പ്രജ്ഞാനം ബ്രഹ്മ
മഹാവാക്യം.

Story Summary: Medam Thiruvathira, The Avathar Day of Jagd Gru Adi Shankaracharya

ഈ നാലു മഠങ്ങൾ വഴി ഭാരതത്തിന്റെ അദ്ധ്യാത്മിക ശ്രേയസ്സിന് വേണ്ടതെല്ലാം ശങ്കരാചാര്യർ ചെയ്തു. അതോടെയാണ് ഇവിടെ ഹൈന്ദവ നവോത്ഥാനം സംഭവിച്ചത്.

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version