Saturday, 5 Oct 2024

നവരാത്രി പ്രഥമയിൽ ശൈലപുത്രിയെ ആരാധിക്കേണ്ട ധ്യാനം, മന്ത്രം

വി സജീവ് ശാസ്‌താരം
നവരാത്രി ആചരണ ഭാഗമായി കുമാരിപൂജ പതിവുണ്ട്. അശ്വിനമാസ പ്രഥമ മുതൽ നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും രണ്ടു വയസുള്ള പെൺകുട്ടിയെ കുമാരിയായി സങ്കല്പിച്ചു പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി. ദക്ഷപ്രജാപതിയുടെ യാഗവേദിയില്‍ ദേഹം വെടിഞ്ഞ സതീദേവി ഹിമവാന്റെ പുത്രിയായി ജനിച്ചു. ശൈലരാജൻ ഹിമവാന്റെ പുത്രിയായതിനാൽ ദേവിക്ക് ശൈലപുത്രി എന്ന പേരുണ്ടായി. ഇരു കരങ്ങളിൽ ത്രിശൂലവും താമരയും ധരിച്ച് കാളപ്പുറത്തിരിക്കുന്ന ദുർഗ്ഗാഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ചേർന്ന മൂർത്തീഭാവമായ ശൈലപുത്രിയുടെ ആരാധനയ്ക്കായി നവരാത്രിയുടെ ഒന്നാം രാത്രി നീക്കി വച്ചിരിക്കുന്നു. ശൈലപുത്രിദേവിയെ ഭജിക്കുന്ന മന്ത്രവും ധ്യാനവും താഴെ ചേർക്കുന്നു:

ധ്യാനം
വന്ദേ വാഞ്ചിതലാഭായ
ചന്ദ്രാര്‍ദ്ധകൃത ശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം

(മനസ്സില്‍ ആഗ്രഹിക്കുന്നത് നല്‍കുന്നവളും ചന്ദ്രക്കല ശിരസ്സില്‍ ധരിച്ചിരിക്കുന്നവളും വൃഷഭത്തിന്റെ പുറത്ത് ഇരിക്കുന്നവളും ശൂലത്തെ ധരിച്ചിരിക്കുന്നവളും യശസ്വിനിയുമായ ശൈലപുത്രിയെ ഞാന്‍ വന്ദിക്കുന്നു. വിഘ്നനിവാരണം, ആഗ്രഹസാഫല്യം എന്നിവയാണ്
ഈ ദേവിയെ ആരാധിക്കുന്നത് കൊണ്ടുള്ള ഫലങ്ങള്‍.)

ജപ മന്ത്രം
ഓം ദേവി ശൈലപുത്രീ നമഃ

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in


Story Summary: Navaratri First Day Worshipping: Goddess Sylaputhri Dhayanam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version