തിരുപ്പതിദേവന്റെ ഈ മന്ത്രം 41 നാൾ ജപിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)
മംഗള ഗൗരി
തിരുപ്പതി ബാലാജിയെ മഹാവിഷ്ണുവിൻ്റെ അവതാരമായി വാഴ്ത്താറില്ല. പക്ഷേ ഗോവിന്ദനായും വെങ്കടേശ്വരൻ എന്നും തിരുപ്പതി തിമ്മപ്പയെന്നും വിശ്വപ്രസിദ്ധനായ തിരുപ്പതി ദേവൻ സക്ഷാൽ വിഷ്ണു ഭഗവാൻ തന്നെയാണ്. ഭക്തകോടികളുടെ കലിയുഗ ദു:ഖ ഭാരത്തിൻ്റെ കണ്ണീരൊപ്പാൻ അവരാരമെടുത്ത ദിവ്യമൂർത്തി.
ലോകത്ത് അധർമ്മം വ്യാപിക്കുമ്പോൾ ധർമ്മം
സംസ്ഥാപനത്തിന് യുഗം തോറും വിശ്വ സംരക്ഷകനായ വിഷ്ണുഭഗവാൻ അവതരിക്കുമെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്. ദശാവതാരങ്ങൾ എല്ലാം സംഭവിച്ചത് അങ്ങനെയാണ്. ഗീതയിൽ ശ്രീകൃഷ്ണ പരമാത്മാവ് തന്നെ ഇക്കാര്യം വിളംബരം ചെയ്യുന്നുണ്ട് :
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധർമ്മ സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ
(സാരം: സജ്ജനങ്ങളെ രക്ഷിക്കാനും ദുഷ്ടന്മാരെ
സംഹരിക്കാനും നന്മയുടെ അതായത് ധർമ്മത്തിന്റെ മാർഗ്ഗം യഥാവിധി ഉറപ്പിക്കാനും യുഗം തോറും ഞാൻ അവതരിക്കുന്നു.)
അങ്ങനെയാണ് മത്സ്യാവതാരം, കൂർമ്മാവതാരം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി തുടങ്ങിയ അവതാരങ്ങൾ സംഭവിക്കുന്നത്. ഇതിനു പുറമേ അംശാവതാരങ്ങൾ വേറെയുമുണ്ട്. എന്നാൽ കലിയുഗത്തിൽ തിരുപ്പതി ശ്രീ ബാലാജിയും പുരി ജഗന്നാഥ സ്വാമിയും പാന്ഥർപൂർ വിത്തൽ പ്രഭുവും അവതരിച്ചത് എതെങ്കിലും ദുഷ്ടനിഗ്രഹത്തിനോ ധർമ്മ പുന:സ്ഥാപനത്തിനോ അല്ല. പിന്നെയോ, തന്റെ പ്രിയ ഭക്തർക്ക് അനുഗ്രഹാശിസുകൾ ചൊരിയാനാണ്. അവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാനാണ്.
അതിലൂടെ ഭഗവാൻ സ്വയം ഭക്തരെ സേവിക്കുന്നു.
ഇതിലൂടെ ഭക്തരും ഭഗവാനും തമ്മിലുള്ള അപാരമായ സ്നേഹമാണ് വെളിവാക്കപ്പെടുന്നത്. ഭക്തരുടെ മോഹങ്ങൾ സഫലമാക്കാൻ വേണ്ടി
മാത്രം അവതരിച്ച ഈ മൂർത്തികൾ ഒരു ലീലകളും
ആടിയിട്ടില്ല. ഭക്തർക്ക് വേണ്ടതെല്ലാം നൽകാൻ തന്റെ സന്നിധിയിൽ വരാഭയ മുദ്രയുമേന്തി പരിലസിക്കുന്നു. അതിനാൽ മഹാവിഷ്ണുവിന്റെ പ്രത്യേക തരത്തിലെ അവതാരമായി തിരുപ്പതി ദേവനെ ആരാധിക്കുന്നു.
കലിയുഗ ദുരിതങ്ങളിൽ നിന്നും ഭക്തരെ സദാ മോചിപ്പിക്കുന്ന തിരുപ്പതി ഭഗവാനെ നിത്യവും ഭജിച്ചാൽ സാമ്പത്തികാഭിവൃദ്ധി, ദുരിത മോചനം, വിവാഹഭാഗ്യം, ശനി ദോഷമുക്തി, സർപ്പദോഷ ശമനം, രാഹു – കേതു ദോഷ മോചനം തുടങ്ങിയവ ലഭിക്കും. പെട്ടെന്ന് അനുഗ്രഹം ചൊരിയുന്ന ദേവനാണ് ശ്രീവെങ്കടേശൻ.
തിരുപ്പതി ദേവന്റെ ക്ഷിപ്രഫലസിദ്ധിയുള്ള അതിശക്തമായ ഒരു മന്ത്രമുണ്ട് : ഓം നമോ വെങ്കടേശായ എന്നാണ് ആ മന്ത്രം. തിരുപ്പതി ദേവന്റെ രൂപം മനസിൽ ധ്യാനിച്ച് ഈ മന്ത്രം എല്ലാ ദിവസവും 108 തവണ ജപിച്ചാൽ ഒരു മണ്ഡല കാലത്തിനുള്ളിൽ ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാകും. സ്ത്രീകൾക്കും ജപിക്കാം. മാസമുറയുടെ ഏഴ് രാത്രികൾക്ക് ശേഷം ജപം തുടർന്ന് 41 ദിവസം പൂർത്തിയാക്കിയാൽ മതി. ഒരു വ്യാഴാഴ്ച ജപം ആരംഭിക്കണം. ഇതിനൊപ്പം
വെങ്കിടേശ്വര ഗായത്രി കൂടി ജപിക്കുന്നത് നല്ലതാണ്.
വെങ്കിടേശ്വര മന്ത്രം
ഓം നമോ വെങ്കടേശായ
വെങ്കിടേശ്വര ഗായത്രി
നിരഞ്ജനായ വിദ്മഹേ
നിരപശായ ധീമഹേ തന്നോ
ശ്രീനിവാസ: പ്രചോദയാത്
Story Summary: Powerful Mantra for the Blessings of Thirupati Balaji
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved