Thursday, 21 Nov 2024

തുലാമാസത്തിലെ ആയില്യം ശനിയാഴ്ച; ദുരിതം ഒഴിയാൻ അഷ്ട നാഗമന്ത്രം ജപിക്കൂ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

സർപ്പദേവതകളുടെ അനുഗ്രഹം ഇല്ലാത്തതാണ് പലരുടെയും ദു:ഖദുരിതങ്ങൾക്ക് കാരണം. നൂറുംപാലും പുഷ്പാഞ്ജലി, ആയില്യപൂജ തുടങ്ങിയ വഴിപാടുകൾ നടത്തി ലളിതമായ നാഗമന്ത്രങ്ങൾ ജപിച്ച് തികഞ്ഞ ഭക്തിയോടെ പ്രാർത്ഥിച്ചാൽ മതി നാഗദേവതകൾ പ്രീതിപ്പെടും. സർപ്പദോഷം, സർപ്പശാപം എന്നിവയാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

മുൻതലമുറകൾ ചെയ്ത പാപങ്ങളും അവരുടെ ശാപദോഷങ്ങളും മാറുന്നതിനും നാഗാരാധന പോലെ ഉത്തമമായ ഒരു കർമ്മമില്ല. നമുക്ക് നേരിട്ട് കാണാൻ കഴിയുന്ന അത്ഭുത ഈശ്വരശക്തിയാണ് നാഗങ്ങൾ. അനുഗ്രഹത്തിനും നിഗ്രഹത്തിനും ഒരു പോലെ കഴിയുന്ന നാഗങ്ങളെ ആരാധിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല.

മണ്ണാറശാല, വെട്ടിക്കോട്, പാമ്പുംമേക്കാട്, അനന്തൻ കാട്, നാഗർകോവിൽ തുടങ്ങി പ്രസിദ്ധ നാഗക്ഷേത്രങ്ങൾ അനവധിയുണ്ട് . ഇതിനു പുറമെ എല്ലാ ക്ഷേത്രങ്ങളിലും ഉപദേവതയായി നാഗദേവതകൾക്ക് സ്ഥാനമുണ്ട്. എല്ലാ
മാസത്തെയും ആയില്യം നാഗാരാധനയ്ക്ക് ഉത്തമമാണ്. എന്നാൽ കന്നിയിലെയും തുലാത്തിലെയും ആയില്യമാണ് ഏറ്റവും വിശേഷം. തുലാമാസത്തിലെ ആയില്യം എല്ലാ നാഗക്ഷേത്രങ്ങളിലും ഏറെ വിശേഷമാണ്. പ്രത്യേകിച്ച് മണ്ണാറശാലയിൽ. 2024 ഒക്ടോബർ 27 ശനിയാഴ്ചയാണ് മണ്ണാറശാല ആയില്യം. വിപുലമായ രീതിയിൽ വ്യാഴം, വെള്ളി, ശനി ദിനങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്.

നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. അവിടെ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാൽ, പഴം, കരിക്ക് നൽകുന്നതും നാഗശാപമകറ്റും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുകയും ചെയ്യണം. ഓം അനന്തായ നമഃ , ഓം വാസുകയേ നമഃ , ഓം തക്ഷകായ നമഃ , ഓം കാര്‍ക്കോടകായ നമഃ , ഓം ഗുളികായ നമഃ , ഓം പത്മായ നമഃ , ഓം മഹാപത്മായ നമഃ , ഓം ശംഖപാലായ നമഃ , എന്നീ അഷ്ട നാഗമന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലുക. ഉപവാസമോ, ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും.

കൂടുതൽ പേരും സന്താനഭാഗ്യത്തിനും രോഗദുരിത മോചനത്തിനും ശാപദോഷ പരിഹാരത്തിനുമാണ്
നാഗദേവതകളെ ആരാധിക്കുക. എന്നാൽ ഇതിനൊപ്പം ഉദ്യോഗ സംബന്ധമായ വിഷമതകൾ പരിഹരിക്കാനും തൊഴിൽ ഭാഗ്യത്തിനും നാഗാരാധന ഉത്തമമാണ്. ശരീരശുദ്ധിയോടെയും മന:ശുദ്ധിയോടെയും നാഗാരാധന ചെയ്താൽ പൂർണ്ണഫലം ലഭിക്കും. ഉദ്യോഗസംബന്ധമായ തടസങ്ങളെല്ലാം അതിവേഗം പരിഹരിക്കപ്പെടുന്നത് അത്ഭുതത്തോടെ നാം തിരിച്ചറിയും. തൊഴിലില്ലായ്മ കാരണം വലയുന്നവർക്ക് അർഹതയ്ക്കൊത്ത ജോലി കിട്ടും. തടസങ്ങൾ അകന്ന് ഉദ്യോഗക്കയറ്റം ലഭിക്കും. ചെയ്യുന്ന ജോലിയിൽ അംഗീകാരവും സമ്മാനങ്ങളും ലഭിക്കും. പല തരത്തിൽ തൊഴിൽപരമായ വിഷമങ്ങൾ നേരിടുന്നവരെല്ലാം ഈ നാഗാത്മകാമന്ത്രാവലി ശുദ്ധിയും വൃത്തിയും പാലിച്ച് എല്ലാ ദിവസവും 28 തവണ വീതം തുടർച്ചയായി ചൊല്ലുക. ഉദ്യോഗസംബന്ധമായ തടസങ്ങൾ അകന്ന് മന:ശാന്തി ലഭിക്കും. പ്രമോഷനും അംഗീകാരവും ലഭിക്കും. ഭാഗ്യമാർഗ്ഗത്തിലൂടെ ധനലബ്ധിയുമുണ്ടാകും; കടബാധ്യതകൾ അകലും.

നാഗാത്മകാമന്ത്രാവലി

ഓം നാഗാത്മനേ നമഃ
ഓം രാജ്ഞേ നമഃ
ഓം പ്രമുഖായ നമഃ
ഓം വിചിത്രായ നമഃ
ഓം അയോനയേ നമഃ
ഓം നാഗരൂപിണേ നമഃ
ഓം ആകൃതയേ നമഃ
ഓം ശശിനേ നമഃ
ഓം പ്രയുക്തായ നമഃ
ഓം ദിവ്യായ നമഃ
ഓം കേശിദേ നമഃ
ഓം ഓങ്കാരായ നമഃ
ഓം പ്രപഞ്ചായ നമഃ
ഓം മേധായൈ നമഃ
ഓം വിചിത്രായുധായ നമഃ
ഓം രസഞ്ജായ നമഃ
ഓം ശങ്കരപ്രിയായ നമഃ
ഓം വേദമായിനേ നമഃ
ഓം പരമപ്രേമമന്ത്രായ നമഃ
ഓം പ്രകൃതീശ്വരായ നമഃ
ഓം മഞ്ചിഷ്ഠായ നമഃ
ഓം സേനാവിയുക്തായ നമഃ
ഓം കൃതേ നമഃ
ഓം സദ്ഭാവനായൈ നമഃ
ഓം ചഞ്ചരീകൃതയേ നമഃ
ഓം മൃതരൂപായൈ നമഃ
ഓം ഭാനുമതേ നമഃ
ഓം നിയത്യൈ നമഃ

നാഗ ദോഷങ്ങൾ പരിഹരിക്കുന്നതിന് ഉത്തമമായ കൂടുതൽ സർപ്പമന്ത്രങ്ങളെക്കുറിച്ചറിയാൻ ഈ വീഡിയോ കാണുക:


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version