Friday, 22 Nov 2024

ജ്യേഷ്ഠയെ പുറത്താക്കി ഭഗവതിയെ ആനയിച്ച് രാമായണം വായിച്ച് തുടങ്ങാം

ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ

മലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ
മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ ഇവിടെ രാമായണ മാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം ചെയ്യുന്ന സമ്പ്രദായം കർക്കടക മാസത്തിലെ രാമായണ പാരായണത്തിനല്ലാതെ വേറൊന്നിനും ഇല്ല. ദേവീ ഭാഗവതം നവരാത്രി കാലത്ത് ഒമ്പതു ദിവസവും ഭാഗവതം ഏഴു ദിവസവും വീടുകളിൽ വായിക്കുന്ന പതിവുണ്ടെങ്കിലും എന്നാൽ അതിനൊന്നും കർക്കടക മാസത്തിലെ രാമായണ പാരായണത്തിനുള്ള വ്യാപക സ്വഭാവമില്ല.

രാമായണം സമ്മാനിക്കുന്ന
മഹനീയ ഗുണങ്ങൾ

വാല്മീകി രാമായണത്തിൽ അന്തർലീനമായിട്ടുള്ള ആദ്ധ്യാത്മിക തത്വങ്ങൾ പ്രകാശിപ്പിച്ചാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം എഴുതിയത്. മഹത്തായ വേദാന്ത തത്വങ്ങൾ ഹൃദയ സ്പർശിയായാണ് അദ്ധ്യാത്മ രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ജീവിതധർമ്മവും സ്‌നേഹവും ഗുരുത്വവും വിനയവും ഭക്തിയും ബുദ്ധിയും ശ്രദ്ധയും അനുഷ്ഠാനങ്ങളിലൂടെയും ആചരണങ്ങളിലൂടെയും നാം നേടിയെടുക്കേണ്ട ഗുണങ്ങളാണ്. രാമായണത്തിലൂടെ ഇതെല്ലാം നേടാനാവും എന്ന കാര്യത്തിൽ സംശയമില്ല.

എല്ലാം നൽകി ദു:ഖമകറ്റും
രാമായണപാരായണം

മാസത്തിൽ രണ്ട് പക്ഷങ്ങളുണ്ട്; കറുത്തപക്ഷവും വെളുത്ത പക്ഷവും; കൃഷ്ണപക്ഷവും, ശുക്ലപക്ഷവും. വർഷത്തിൽ രണ്ട് അയനം. ദക്ഷിണായനം, ഉത്തരായനം. കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു ഈ ആറു മാസങ്ങളാണ് ദക്ഷിണായനം. മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ ആറു മാസങ്ങളാണ് ഉത്തരായനം. ദക്ഷിണായന മാസങ്ങളിൽ സൂര്യന് ശക്തി കുറയും. ഉത്തരായന കാലത്ത് കൂടും. പക്ഷത്തിലും അയനത്തിലും അത്ഭുതകരമായ മാറ്റങ്ങൾ മനുഷ്യന് ശരീരത്തിലും മനസിലും ഉണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉത്തരായന കാലത്തു നിന്ന് ദക്ഷിണായന കാലത്തെത്തുമ്പോൾ പ്രകൃതിയിലും ശരീരത്തിലും മന‌സിലും വരുന്ന കുറവുകൾ ആത്മീയ ഉപാസനയിലൂടെ പരിഹരിക്കാൻ രാമനാമത്തിനും രാമായണത്തിനും കഴിയുമെന്ന് ആചാര്യന്മാർ പറയുന്നു.

ലോകാ സമസ്താ സുഖിനോ ഭവന്തു :

രാമായണം ഭാരതത്തിൽ മാത്രമല്ല ധാരാളം ലോക രാഷ്ട്രങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. അതിലൂടെ ലോകത്തിന് മഹത്തായ സംഭാവന ചെയ്യാൻ രാമായണത്തിന് സാധിച്ചു. ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ, ടിബറ്റ്,
ചൈന എന്നിവിടങ്ങളിൽ രാമായണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ആസാമീസ്, ഒറിയ, മറാഠി, കാശ്മീരി, ബംഗാളി, ഹിന്ദി, ഗുജറാത്തി തുടങ്ങിയ ഭാരതീയ ഭാഷകൾ കൂടാതെ ഉർദു, പാർസി, ലാറ്റീൻ, ഫ്രഞ്ച്, ചൈനീസ്, ജപ്പാനീസ്, തിബത്തിയൻ, പേർഷ്യൻ, അറബി ഭാഷകളിലും രാമായണം പ്രചരിച്ചു. കരകടന്നുള്ള രാമായണത്തിന്റെ പ്രചാരത്തിന് കാരണം ഒന്നേയുള്ളൂ, ലോകത്ത് ഒരു സൂര്യനും, ഒരു ചന്ദ്രനും
ഒരു ജലവും ഒരു വായുവുമേയുള്ളൂ. ലോകാ സമസ്താ സുഖിനോ ഭവന്തു: എന്ന പ്രാർത്ഥന അതുകൊണ്ടാണ്.

ജ്യേഷ്ഠയെ പുറത്താക്കണം ,
ശ്രീ ഭഗവതിയെ ആനയിക്കണം

രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കടകം ഒന്നാം തീയതിയുടെ തലേദിവസമായ മിഥുനം 31 ജൂലൈ 15 ന് തിങ്കളാഴ്ച വീടും പരിസരവും അടിച്ചു തളിച്ച് വൃത്തിയാക്കണം. പാത്രങ്ങളും മറ്റും കഴുകി അടുക്കി വച്ച് വീടിന്റെ മൂക്കും മൂലയും ശുചിയാക്കി എല്ലാ അശുദ്ധികളും നീക്കണം. ശുദ്ധിയില്ലാത്ത സ്ഥലത്ത് ജ്യേഷ്ഠയാണ് അധിവാസിക്കുന്നത്. അതിനാൽ ജ്യേഷ്ഠയെ പുറത്താക്കണം. പഴയ മുറം, ചൂൽ, കൊട്ട, ചട്ടി എന്നിവ ജ്യേഷ്ഠയെ പുറത്താക്കുന്ന ചടങ്ങിനു ആവശ്യമാണ്. ജ്യേഷ്ഠയുടെ ഭക്ഷണത്തിനു ചേമ്പിൻ തണ്ട്, ചോറ്, പഴയനെല്ല്, ഉപ്പ്, മുളക്, കരിക്കട്ട ഇവയെല്ലാം കൂടി ഒരുമിച്ചെടുത്ത് ജ്യേഷ്ഠ ജ്യേഷ്ഠ പോ പോ ശ്രീ ഭഗവതി വാ, വാ എന്ന് പറഞ്ഞ് വീടിന് മൂന്നു വലത്തു വയ്ക്കണം. എന്നിട്ട് ജ്യേഷ്ഠയ്ക്കുള്ള ദ്രവ്യങ്ങൾ വീടിന്റെ പുറത്തു നിക്ഷേപിക്കണം. പിന്നെ വീടും പരിസരവും ചാണകവും മഞ്ഞളും ചേർത്ത വെള്ളം തളിച്ച് ശുദ്ധിയാക്കണം. ശ്രീ ഭഗവതിയെ ആനയിക്കുന്നതിന്റെ ഭാഗമായി നിലവിളക്കു തെളിച്ചുവച്ച് വെളുത്ത പുഷ്പം, പാൽ, കരിക്ക്,വെറ്റ, പാക്ക്, നാണയം സമർപ്പിക്കണം.

ആദ്യം ഗണപതി ഹോമം,
12 ദിവസം ഭഗവതിസേവ

കർക്കടക മാസാരംഭം മുതൽ 12 ദിവസം തുടർച്ചയായി ഭഗവതി സേവ നടത്തുന്നത് ശ്രേഷ്ഠമാണ്. ഒന്നാം തീയതി രാവിലെ ഗണപതിഹോമവും അന്ന് വൈകിട്ട് ഭഗവതി സേവയും ആകാം. 3 ദിവസം ദുർഗ്ഗാ ദേവിയെയും 3 ദിവസം ലക്ഷ്മീദേവിയെയും 3 ദിവസം സരസ്വതീ ദേവിയെയും സങ്കല്പിച്ച് ഭഗവതി സേവ നടത്തി 10,11,12, ദിവസങ്ങളിൽ ദേവീ മാഹാത്മ്യത്തിലെ 11-ാം അദ്ധ്യായം ജപിച്ച് ഭഗവതി സേവ ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. ഓം ഐം ഹ്രീം ക്‌ളീം ചാമുണ്ഡായേ വിച്ചേ നമഃ എന്ന് ഒമ്പത് പ്രാവശ്യം ജപിക്കണം. ഐം സാരസ്വത ബീജവും ഹ്രീം ശക്തി ബീജവും ക്ലീം കാമബീജവുമാണ്.

മഞ്ഞൾപ്പറ മംഗല്യഭാഗ്യത്തിന്

മംഗള പദാർത്ഥങ്ങളിൽ ശ്രേഷ്ഠമാണ് മഞ്ഞൾ. മഞ്ഞൾപ്പറ മംഗല്യഭാഗ്യത്തിന് സമർപ്പിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ്. പരമശിവന് പാർവ്വതിദേവിയെ പോലെ മഹാവിഷ്ണുവിന് മഹാലക്ഷ്മിയെപോലെ ശ്രീരാമചന്ദ്രന് സീതാദേവിയെ പോലെ ഉത്തമ വരനെയും വധുവിനെയും ലഭിക്കേണമേ എന്ന് പ്രാർത്ഥിച്ച് വേണം യുവാക്കളും യുവതികളും മഞ്ഞൾപ്പറ സമർപ്പിക്കാൻ. നിഷ്‌കളങ്കമായ ശൂന്യമായ മന‌സായി പറയേയും അതിൽ ഐശ്വര്യവും മംഗളവും നിറച്ചു തരുന്ന ചൈതന്യമായി മഞ്ഞളിനെയും സങ്കല്പിക്കണം.

രാവിലെയും വൈകിട്ടും 24 മിനിട്ടു വീതം രാമായണപാരായണം

രാമായണ മാസത്തിൽ രാമായണം പാരായണം ചെയ്താലുള്ള അഭീഷ്ടസിദ്ധികളെക്കുറിച്ച് ശ്രീ പരമേശ്വരൻ പാർവ്വതീ ദേവിയോട് പറയുന്നത് ശ്രദ്ധേയമാണ്. മനുഷ്യർക്ക് ധനധാന്യസമൃദ്ധിയും ആരോഗ്യവും ആയു‌സും രോഗമുക്തിയും രാമായണ പാരായണം കൊണ്ട് ലഭിക്കും. സന്താനഭാഗ്യം ആഗ്രഹിക്കുന്നവർക്ക് സന്താനമുണ്ടാകും. വിദ്യാഭിലാഷിക്ക് വിദ്യയും ദു:ഖിതന് സുഖവും ദരിദ്രന് ധനവും ലഭിക്കും. ജീവിതത്തിൽ പാപങ്ങൾ തീർന്ന് ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയുണ്ടാകും. വസ്ത്രശുദ്ധി, മന:ശുദ്ധി, ആഹാരശുദ്ധി, ശരീരശുദ്ധി, ദ്രവ്യശുദ്ധി, സ്ഥലശുദ്ധി എന്നിവ പാലിക്കണം. സൂര്യോദയത്തിന് വേണം പാരായണം ആരംഭിക്കാൻ.

ശ്രീ സീതാ ലക്ഷ്മണ ഭരത
ശത്രുഘ്‌ന ഹനുമത്
സമേത ശ്രീ രാമ
സ്വാമിനേ നമ:

എന്നു 108 പ്രാവശ്യം ജപിച്ച് ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്രാ ജയ ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്രാ ജയ എന്നു തുടങ്ങി ഉമാ മഹേശ്വര സംവാദം വരെ വായിക്കണം രാമായണത്തെ 32 ദിവസം വായിക്കാനുള്ള പേജുകളായി വിഭജിച്ച് ഓരോ ദിവസവും രാവിലെയും വൈകിട്ടും 24 മിനിട്ടു വീതം വായിച്ചാൽ രാമായണം 32 ദിവസം കൊണ്ട് പൂർത്തിയാക്കാനാകും.

ശ്രീരാമ, ഹനുമദ് മന്ത്ര ജപം
ഈ ദിവസങ്ങളിൽ ശ്രീ രാമസ്വാമിയുടെയും ഹനുമാൻ സ്വാമിയുടെയും മന്ത്രങ്ങളും കീർത്തനങ്ങളും ജപിക്കുക / കേൾക്കുക വളരെയധികം പുണ്യ പ്രദമാണ്. നേരം ഓൺലൈനിന് വേണ്ടി ഈ കർക്കടകമാസാചരണം ധന്യമാക്കാൻ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച് ഇന്ന് റിലീസ് ചെയ്ത അതീവ ഭക്തിസാന്ദ്രമായ

ആഞ്ജനേയ കീർത്തനം കേൾക്കാം :

(ഭാഗവത ആചാര്യൻ
പള്ളിക്കൽ സുനിലിന്റെ വിലാസം
പള്ളിക്കൽ. പിഒ. കായംകുളം- 690503
ഫോൺ- 9447310712)

Story Summary: Significance and Rituals of Ramayana Masam 2024 observation

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version