Friday, 22 Nov 2024

സംക്രമം ചൊവ്വാഴ്ച രാവിലെ 11:21 ന്; പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം

ജ്യോതിഷരത്നം വേണു മഹാദേവ്

2024 ജൂലൈ 16, 1199 കർക്കടകം 1 ചൊവ്വാഴ്ച രാവിലെ 11 മണി 21 മിനിട്ടിന് ഉദയാല്പരം 12 നാഴിക 45 വിനാഴികക്ക് വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ കർക്കടക രവി സംക്രമം. ഈ സംക്രമ സമയം മുതൽ രണ്ടര നാഴികയ്ക്കകം, അതായത് 1 മണിക്കൂറിനകം ഗൃഹത്തിൽ ദീപം തെളിച്ച് ആദിത്യസംക്രമത്തെ വരവേല്ക്കുന്നവർക്ക് വരുന്ന ഒരു മാസം ഐശ്വര്യവും അഭിവൃദ്ധിയും ഫലമാണ്. കർക്കടക സംക്രമം നടക്കുന്ന തുലാക്കൂറുകാരായ ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാരും അഷ്ടമരാശി കൂറുകാരായ കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാരും ദോഷങ്ങൾ പരിഹരിക്കാനും ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാനും ക്ഷേത്ര വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഗോചരാൽ കർക്കടകം സംക്രമം കന്നി, തുലാം, കുംഭം, ഇടവം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും. എന്നാൽ മേടം, മിഥുനം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം കൂറുകാർ ക്ഷേത്രങ്ങളിൽ വഴിപാടുകൾ കഴിപ്പിച്ച് ദോഷ പരിഹാരം ചെയ്ത് ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ നോക്കണം.

സൂര്യദേവൻ കർക്കടകം രാശിയിൽ പ്രവേശിക്കുന്ന ഏറ്റവും വിശിഷ്ടമായ ഈ സംക്രമ മുഹൂർത്തം ദക്ഷിണായനം പുണ്യകാലത്തിൻ്റെ ആരംഭം കൂടിയാണ്. എല്ലാ ആരാധനകൾക്കും എന്ത് വഴിപാട് കഴിച്ചാലും ഇരട്ടിഫലം ലഭിക്കുന്ന മാസം കൂടിയാണത്രേ ഇത്. രാമായണ പാരായണം, ഔഷധസേവ എന്നിവയ്ക്ക് പുറമെ സൽകർമങ്ങൾ ചെയ്യുന്നതിനും, ക്ഷേത്രങ്ങളിൽ ദർശനം, വഴിപാട് എന്നിവ നടത്തുന്നതിനും വളരെ പ്രാധാന്യമുള്ള മാസവുമാണിത്. ചിലർ വീടുകളിൽ ശീവോതിക്ക് വെക്കുക ( ശ്രീ ഭഗവതിയെ പ്രത്യേകം കുടിവെച്ച് വിളക്കുവെക്കുന്ന ചടങ്ങ് ) ദശപുഷ്പം ചൂടുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ അനുഷ്ഠിക്കുന്നു.

ദക്ഷിണായനം കർക്കടകം ഒന്നിന് തുടങ്ങുന്നതിനാൽ ഇനിയുള്ള ആറുമാസക്കാലം സൂര്യൻ ഭൂമധ്യരേഖയുടെ തെക്ക് ഭാഗത്തായിരിക്കും കാണുക. കര്‍ക്കടകം മുതലുള്ള പ്രധാന പ്രത്യേകതയും ഇത് തന്നെയാണ്. ഉത്തരായനം ദേവന്മാരുടെ പകലാണെങ്കില്‍ ദക്ഷിണായനം രാത്രിയാണ്. ദക്ഷിണായനം പിതൃപ്രാധാന കാലമാണ് എന്ന് ഹൈന്ദവപുരാണങ്ങൾ പറയുന്നു. പിതൃലോകത്തെ സായംസന്ധ്യ കര്‍ക്കടമാസത്തിലെ കറുത്തവാവ് ആണെന്ന് ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്. സൂര്യൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന മാസമായാണ് കര്‍ക്കടകം അറിയപ്പെടുന്നത്.. അതിവര്‍ഷവും പ്രളയവും ഈ മാസത്തിന്റെ പ്രത്യേകതകളാകുന്നത് അതുകൊണ്ടാണ്. വിപരീതമായ കാലാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും മുന്‍കൂട്ടികണ്ട് പഴയ തലമുറ ചികിത്സാ പ്രധാനമായ മാസമായി കര്‍ക്കടകത്തെ കരുതിവന്നു. ഒപ്പം ഭക്തിക്കും പ്രാധാന്യം കൊടുത്തു. ജ്യോതിഷപ്രകാരം വിഷ്ണുപ്രധാനമായ മാസം ആയതിനാല്‍ വിഷ്ണുവിനോ, അവതാരങ്ങള്‍ക്കോ പ്രാധാന്യം വന്നു കേരളത്തില്‍ ഇത് രാമായണമാസമായി ആചരിച്ചു പോരുന്നു.
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആർത്തരക്ഷകായ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559


Story Summary: Importance of Karkkadaka Ravi Sankraman

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version