Friday, 22 Nov 2024

ഐശ്വര്യവർദ്ധനവിനും രോഗശമനത്തിനും ഞായറാഴ്ച കർക്കടക പൗർണ്ണമി

ജ്യോതിഷരത്നം വേണുമഹാദേവ്
ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരനായത്‌ തന്നെയാണ്‌ ഇതിന്‌ കാരണം. പല പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിലും പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.

ദുര്‍ഗ്ഗാ ഭഗവതിയുടെ പ്രീതി നേടാൻ പൗര്‍ണ്ണമി വ്രതമെടുക്കുന്നത് അത്യുത്തമമാണ്. ചന്ദ്രന്‍ പൂർണ്ണ ബലം നേടുന്ന പൗര്‍ണ്ണമി നാളിൽ ചന്ദ്രദശാദോഷം അനുഭവിക്കുന്നവരും ജാതകവശാൽ ചന്ദ്രന് ബലക്കുറവുള്ളവരും വ്രതം അനുഷ്ഠിക്കണം. ഇക്കൂട്ടർ ദുർഗ്ഗാ ഭഗവതിയെ ഉപാസിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ ജീവിത ഐശ്വര്യങ്ങളും മന:ശക്തിയും കൈവരും. സങ്കീർണ്ണമായ പ്രശ്നപരിഹാരങ്ങൾക്കും പ്രതിസന്ധികളെ അതിജീവിക്കുവാനും രോഗശമനത്തിനും ഐശ്വര്യവർദ്ധനവിനും പൗർണ്ണമി വ്രതമെടുക്കാവുന്നതാണ്. 2024 ജൂലായ് 21 നാണ് കർക്കടകത്തിലെ പൗർണ്ണമി. ഇത് ആഷാഡ മാസത്തിലെ പൗർണ്ണമി ആയതിനാൽ പവിത്രമായ ഗുരുപൂർണ്ണിമ കൂടിയാണ്.

പൗര്‍ണ്ണമി വ്രതം ഒരിക്കലായും പൂർണ്ണ ഉപവാസമായും ആചരിക്കാം. സാധാരണ വ്രതനിഷ്ഠകളെല്ലാം പാലിക്കണം. ചിലർ പൗർണ്ണമിക്ക് മൗനവ്രതം നോൽക്കാറുണ്ട്. തലേന്ന് ഉച്ചയ്ക്ക് മാത്രം ആഹാരം കഴിച്ചും രാത്രിയിൽ ഉപവസിച്ചും അല്ലെങ്കിൽ പഴങ്ങൾ കഴിച്ചും വ്രതമെടുക്കുന്നവര്‍ പൗര്‍ണ്ണമിനാളിൽ ഉദയത്തിന് മുൻപ് കുളിച്ച് ശുദ്ധമായി വിളക്ക് തെളിച്ച് ഗണപതി ഭഗവാനെ വന്ദിക്കണം. തുടർന്ന് ദേവീ സ്മരണയോടെ നെറ്റിയിൽ കുങ്കുമം ചാർത്തണം. തുടർന്ന് ദുർഗ്ഗാ ഭഗവതിയെ പ്രാർത്ഥിക്കണം. ദുർഗ്ഗാ മന്ത്രങ്ങള്‍, ലളിതസഹസ്രനാമം എന്നിവ ജപിക്കുന്നത് ഐശ്വര്യദായകമാണ്. രാവിലെയും വൈകിട്ടും ദുർഗ്ഗാക്ഷേത്രദര്‍ശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ കഴിക്കണം. പൗര്‍ണ്ണമി ദിനങ്ങളില്‍ സന്ധ്യക്ക്‌ ക്ഷേത്രദര്‍ശനം നടത്തുന്നത് പുണ്യകരമായി പണ്ടുപണ്ടേ വിശ്വസിച്ചു പോരുന്നു. അന്ന് സന്ധ്യയ്ക്ക് വിളക്ക് പൂജയോടെ പൗർണ്ണമി വ്രതം പൂര്‍ണമാകും.

ഭൂമിയിലെ സകല ചരാചരങ്ങളെയും ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ ബാധിക്കാറുണ്ട്‌. വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇതുമായി ബന്ധമുണ്ട്. അമാവാസി ദിവസം മാനസിക വിഷമങ്ങളും മന: പ്രയാസവും ആസ്ത് മ പോലുള്ള രോഗങ്ങളും ചില ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കും. എന്നാൽ പൗർണ്ണമി പലർക്കും അനന്ദദായകമാണ്‌. മസ്തിഷ്കോർജ്ജം വർദ്ധിക്കുന്ന ദിവസമാണിത്. അതിനാലാണ് അന്ന് നവോന്മേഷം കൈവരുന്നത്. ഓരോ മാസത്തിലെയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. കർക്കടകം മാസത്തിലെ പൗര്‍ണമി വ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യവർധനവാണ് ഫലം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും ഉൾപ്പെടെ വിധി പ്രകാരം ആലപിച്ച ലളിത സഹസ്രനാമം
കേൾക്കാം :


ജ്യോതിഷരത്നം വേണുമഹാദേവ്,
+91 9847475559

Story Summary: Significance of Karkidaka Month Powrnami Vritham

error: Content is protected !!
Exit mobile version