വ്യാഴാഴ്ച അഷ്ടമി തൊടുന്ന സന്ധ്യയിൽ ക്ഷേത്രത്തിലോ വീട്ടിലോ പൂജവയ്ക്കാം
ജ്യോതിഷി പ്രഭാസീന സി പി
കന്നിമാസത്തിലെ വെളുത്തപക്ഷത്തിൽ അസ്തമയ സമയത്ത് അഷ്ടമി തിഥി തൊടുന്ന ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്ക്കുന്നത്. ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറു നാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിദ്യാരംഭത്തിന് ഉത്തമമായ വിജയദശമി. ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേന്നായിരിക്കും വിജയ ദശമി.
പൂജ വയ്ക്കേണ്ടത് വ്യാഴാഴ്ച
ഇത്തവണ കന്നി 24 (ഒക്‌ടോബർ 10) വ്യാഴാഴ്ച പകൽ 12:32 മുതൽ 11 ന് പകൽ 12.07 വരെ ആണ് ദുർഗ്ഗാഷ്ടമി. അതിനാൽ അന്ന് സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. പലരും സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസമാണ് പൂജവയ്പിന് സ്വീകരിക്കുന്നത്. ചില ക്ഷേത്രങ്ങളിൽ ഇത്തവണ അടുത്ത ദിവസം രാവിലെയും പുസ്‌തകം
പൂജ വയ്ക്കുന്നുണ്ട്. ഒക്ടോബർ 11 വെള്ളിയാഴ്ച പകൽ 12:07 മുതൽ 12 ന് പകൽ 10:58 വരെയാണ് മഹാനവമി. അതിനാൽ ആയുധങ്ങൾ പൂജ വയ്ക്കേണ്ടത് 11 ന് വെളളിയാഴ്ച സന്ധ്യയ്ക്കാണ്.
പൂജയെടുപ്പ്, വിദ്യാരംഭം ഞായറാഴ്ച
ഈ വർഷത്തെ പൂജയെടുപ്പും വിദ്യാരംഭവും ഒക്‌ടോബർ 13 (കന്നി 27) ഞായറാഴ്ചയാണ്. ഒക്ടോബർ 12 ശനിയാഴ്ച പകൽ 10.58 മുതലാണ് വിജയദശമി തിഥി തുടങ്ങുന്നത്. എങ്കിലും ഉദയത്തിന് വിജയദശമി തിഥിയുള്ളത് 13 ഞായറാഴ്ച രാവിലെ 09:09 വരെയാണ്. അന്ന് കാലത്ത് 6 നാഴിക ദശമിതിഥി ലഭിക്കുന്നുമുണ്ട്.
അതിനാൽ അതിനാൽ പൂജയെടുപ്പിനും വിദ്യാരംഭം നടത്തുന്നതിനും 13 ഞായർ കാലത്ത് 09:09 വരെയാണ് ഉത്തമം. 09:09 ശേഷം ദശമി തിഥി ഇല്ലാത്തിതിനാൾ ഈ ഞായറാഴ്ചയിലെ ശേഷം സമയം വിദ്യാരംഭത്തിന് അനുകൂലമല്ല.
വീട്ടിൽ പൂജ വയ്ക്കുമ്പോൾ
ക്ഷേത്രത്തിലോ വീട്ടിലോ പൂജവയ്ക്കാം. വീട്ടിൽ പൂജവയ്ക്കുന്നത് പൂജാമുറിയിലോ ശുദ്ധമായ മറ്റൊരു സ്ഥലത്തോ ആകാം; സരസ്വതീദേവിയുടെ ചിത്രമോ ബിംബമോ പട്ടിൽ അലങ്കരിച്ചു വച്ച് ദീപം കൊളുത്തി, ഗണപതിയെ സങ്കല്പിച്ച് അവിൽ, മലർ, ശർക്കര, കൽക്കണ്ടം, മുന്തിരി, പഴം ഇവ നിവേദ്യമായി തയ്യാറാക്കി വയ്ക്കണം. ചന്ദനത്തിരി കൊളുത്തി വയ്ക്കുകയുമാകാം.അതിനു മുന്നിൽ ഗ്രന്ഥങ്ങൾ എഴുത്തുപകരണങ്ങൾ തുടങ്ങിയവയും വയ്ക്കണം. മുഹൂർത്ത ശാസ്ത്രം പ്രകാരം വിജയദശമി ദിവസം വിദ്യാരംഭത്തിന് ശ്രേഷ്ഠമാണ്.
മടിയിലിരുത്തി എഴുതിക്കണം
ഗുരുവിന്റെയോ ഗുരുസ്ഥാനീയരായ ഒരാളിന്റെയോ മടിയിൽ കുട്ടിയെ ഇരുത്തിയാണ് അക്ഷരാരംഭം കുറിക്കുന്നത്. കുട്ടിയുടെ അച്ഛൻ, മുത്തശ്ശൻ, തുടങ്ങിയവർക്കും അക്ഷരാരംഭം കുറിപ്പിക്കാം. അക്ഷരാരംഭം കുറിപ്പിക്കുന്നയാൾ കുട്ടിയെ മടിയിലിരുത്തി ആദ്യം സ്വർണ്ണം കൊണ്ട് കുട്ടിയുടെ നാക്കിൽ ഹരി: ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്നെഴുതും. തുടർന്ന് മുമ്പിൽ ഓട്ടുരുളിയിലോ തളികയിലോ നിരത്തിയ ഉണക്കലരിയിൽ കുട്ടിയുടെ മോതിരവിരൽ കൊണ്ട് ഹരി: ശ്രീ മുതൽ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും എഴുതിക്കും. അതിനുശേഷം കുട്ടിയെ എഴുന്നേൽപ്പിച്ച് ആചാര്യന് ദക്ഷിണകൊടുത്ത് തൊഴുത് നമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങിക്കണം.
രണ്ടര വയസ്സ് കഴിഞ്ഞ് വിദ്യാരംഭം
രണ്ടര വയസ്സ് കഴിഞ്ഞാല്‍ വിദ്യാരംഭം നടത്താം. എന്നാൽ മൂന്ന് വയസ്സ് കഴിയരുത്. ബുദ്ധി ഉറച്ചുവരുമ്പോള്‍ പഠിക്കുന്ന ശീലങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടാകും എന്നതാണ് അതിന്‍റെ നല്ല വശം. അതിനാല്‍ രണ്ടരവയസ്സ് മുതല്‍ വിദ്യാരംഭം നടത്താം. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാൻ രക്ഷകർത്താക്കൾ ശ്രമിക്കണം.ചിട്ടയായ വിദ്യാഭ്യാസം ഒരു വ്യക്തിയെ നല്ല മനുഷ്യരാക്കി മാറ്റും.
ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com
Summary: Saraswati Pooja, Vidyarambham Date, Time and Rituals by Prabha Seena
Copyright 2024 Neramonline.com. All rights reserved