Monday, 31 Mar 2025

ശനി ശനിയാഴ്ച രാശി  മാറുമ്പോൾ ഈ കൂറുകാർ  പരിഹാരങ്ങൾ ചെയ്യണം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

വി സജീവ് ശാസ്‌താരം
നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം അലങ്കരിക്കുന്ന
ഏക ഗ്രഹമാണ് ശനി. അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല. കണിശമായ നീതിയും ന്യായവും ധർമ്മവുമാണ് ശനീശ്വരന്റെ ഏറ്റവും വലിയ പ്രത്യേകത. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി ആനുകുലമാകണം. എല്ലാവരും ശനീശ്വര മുമ്പിൽ സമന്മാരാണ്.മാന്യമായും ന്യായമായും ജീവിക്കുന്നവർ, പരദ്രോഹം ചെയ്യാത്തവർ, പരസ്ത്രീകള ബഹുമാനിക്കുന്നവർ ഇവരൊക്കെ ശനീശ്വരന്റെ കൃപാകടാക്ഷം ലഭിക്കുന്നവരാണ്. അവർക്കു വേണ്ടതെല്ലാം ശനീശ്വരൻ വാരിക്കോരി നൽകും. മറിച്ച് അന്യമാർഗ്ഗത്തിലൂടെ
ധനമാർജ്ജിക്കുന്നവർ, ചതിക്കുന്നവർ, സ്ത്രീകളെ ഉപദ്രവിക്കുന്നവർ ഇവരെയൊക്കെ ശനി നോട്ടമിട്ടു വെയ്ക്കും. അവരുടെ ശനിദശ, ഏഴരശനി, കണ്ടകശനി കാലങ്ങളിൽ ശനീശ്വരൻ അവരെ അക്ഷരാർത്ഥത്തിൽ ‘ക്ഷ’ വരപ്പിക്കും. ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര-പൂർവ്വ ജന്മ കർമ്മങ്ങളെല്ലാം ശനീശ്വരന് എന്നും മനപാoമായിരിക്കുമത്രെ. ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രെ.

വൈശാഖ അമാവാസി
ശനിജയന്തി

വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ശനിദേവൻ അവതരിച്ചതെന്നാണ് വിശ്വാസം. ശനീശ്വരൻ സൂര്യദേവന്റെയും ഛായാദേവിയുടെയും പുത്രനാണ്.
ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനി അമാവാസി എന്ന് അറിയപ്പെടുന്നു. ശനിയുടെ ദോഷശക്തി ശമിപ്പിക്കുന്നതിനുള്ള ശക്തി ശിവനും ശിവസംഭൂതർക്കും മാത്രമാണുള്ളത്. നവഗ്രഹങ്ങളിൽ ആയുസ്സിന്റെ കാര്യത്തിൽ ആധിപത്യം ചെലുത്തുന്നത് ശനിയാണ്. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രങ്ങളുടെ ആധിപത്യം ശനിക്കാണ്. പൂക്കളിൽ കരിങ്കൂവളവും രത്നങ്ങളിൽ നീല വൈഡൂര്യവും നവധാന്യങ്ങളിൽ എള്ളും തൈലങ്ങളിൽ എള്ളെണ്ണയും ശനീശ്വരൻ ഏറെ ഇഷ്‌ടപ്പെടുന്നു.

ശനിയുടെ അപഹാരം
തൊഴിൽ തിരിച്ചടി കാലം

ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാൽ അനിഷ്ട സ്ഥാനങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴിൽ അല്ലെങ്കിൽ ഉപജീവന മേഖലയിലായിരിക്കും.

ശനി ദോഷ ബാധ
വളരെ കുറവുള്ളവർ

പ്രസാദിച്ചാൽ ശനിയോളം അനുഭവഗുണങ്ങൾ തരുന്ന മറ്റൊരു ഗ്രഹം ഇല്ല എന്നുള്ളതാണ് പരമാർത്ഥം. മകരം, കുംഭം, ഇടവം, കന്നി, തുലാം ലഗ്നങ്ങളിൽ ജനിച്ചവർ അല്ലെങ്കിൽ ഇപ്പറഞ്ഞ രാശികളിൽ ശനിസ്ഥിതിയുള്ളവർ ജാതകത്തിൽ ശനി തുലാം രാശിയിൽ നിൽക്കുന്നവർ ശനി മേടം രാശിയിൽ നിന്ന് നീചം ഭംഗം ചെയ്തവർ ഇവർക്കൊക്കെ ശനിയുടെ ദോഷം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്

ശനിദോഷങ്ങൾ
അലട്ടാതിരിക്കാൻ

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില് ദര്‍ശനം നടത്തി കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്. പറ്റാവുന്നത്ര തവണ ശനീശ്വരസ്‌തോത്രം, ശാസ്താമന്ത്രം എന്നിവ ജപിക്കുക. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായം ചെയ്യുക, എങ്കിൽ ശനിദോഷം അലട്ടുകയില്ല. ശനിയുടെ അധിദേവതയായ ശാസ്താ ക്ഷേത്ര ദർശനം നടത്തി നീരാജനം , എള്ളുപായസം എന്നിവ വഴിപാടായി സമർപ്പിക്കുന്നതും എള്ളുതിരി കത്തിക്കുന്നതും നീലശംഖു പുഷ്പാർ‌ച്ചന നടത്തുന്നതും ശനിദോഷങ്ങളുടെ നിവാരണത്തിനു വിശേഷമാണ്.

കുംഭം രാശി വെടിഞ്ഞ്
മീനം രാശിയിലേക്ക്

ഇപ്രകാരം നവഗ്രഹങ്ങളിൽ വെച്ച് മനുഷ്യ ജീവിതത്തെ ഏറ്റവും സ്വാധീനിക്കാൻ കഴിവുള്ള ശനി കഴിഞ്ഞ രണ്ടര വർഷമായി താൻ സഞ്ചരിച്ചുകൊണ്ടിരുന്ന കുംഭം രാശി വെടിഞ്ഞ് മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ് 2025 മാർച്ച് മാസം 29 ന് രാത്രി 10 മണി 39 മിനിറ്റിന് ശനി മീനം രാശിയിൽ പ്രവേശിക്കും.

കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ ഒന്നാമത്തെ ഘട്ടം അവസാനിക്കും. മീനം രാശിക്കാർക്ക് ഏഴര ശനിയിലെ ജന്മശനികാലം ആരംഭിക്കും. മേടം രാശിക്കാർക്ക് ഏഴര ശനിയുടെ തുടക്കവും ആകും. കൂടാതെ മിഥുനം, കന്നി, ധനു രാശിക്കാർക്ക് കണ്ടകശനിയും ചിങ്ങം രാശിക്ക് അഷ്ടമ ശനിയും ഇക്കാലത്ത് അനുഭവത്തിൽ ഉണ്ടാകും.
ശനി 2027 ജൂൺ മാസം മൂന്നാം തീയതി മേടം രാശിയിലേക്ക് പ്രവേശിക്കുമെങ്കിലും 2027 ഒക്ടോബർ 20 ന് വക്രഗതിയിൽ തിരികെ മീനം രാശിയിലേക്ക് തന്നെ വരും വീണ്ടും 2028 ഫെബ്രുവരി മാസം 23 ന് ശനി മേടം രാശിയിലേക്ക് പകരും.

ശനി സഞ്ചരിക്കുന്ന
നക്ഷത്ര പാദങ്ങൾ

ഈ രാശികളിൽ കൂടി സഞ്ചരിക്കുന്നതിനൊപ്പം ശനി സഞ്ചരിക്കുന്ന നക്ഷത്ര പാദങ്ങൾ കൂടി നമുക്കൊന്ന് പരിശോധിക്കാം 2025 ഏപ്രിൽ നാലിന് വൈകിട്ട് 6.19 ന് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്കും 2026 മെയ് 17 ന് പകൽ 2:36 ന് രേവതി നക്ഷത്രത്തിലേക്കും 2027 ജൂൺ മാസം മൂന്നാം തീയതി പകൽ 5.27ന് അശ്വതി നക്ഷത്രത്തിലേക്കും തിരികെ 2027 ഒക്ടോബർ 20ന് കാലത്ത് 7:20 ന് രേവതി നക്ഷത്രത്തിലേക്കും 2028 ഫെബ്രുവരി 23ന് വൈകിട്ട് 7.23 അശ്വതി നക്ഷത്രത്തിലേക്കും ശനി സഞ്ചരിക്കും.
അതുപോലെതന്നെ 2025 ജൂലൈ 13 മുതൽ നവംബർ 28 വരെയും 2026 ജൂലൈ 27 മുതൽ ഡിസംബർ 11 വരെയും 2027 ഓഗസ്റ്റ് 9 മുതൽ ഡിസംബർ 27 വരെയും ശനി വക്രഗതിയിലും ആയിരിക്കും

ശനിയുടെ രാശി
മാറ്റ ഫലങ്ങൾ

ഇത്തവണ ശനിയുടെ രാശിമാറ്റം സംഭവിക്കുന്ന
മാർച്ച് 29 ന് തീയതി രാത്രി 10.39ന് ഭാഗ്യതാരക സ്ഥിതി തൃക്കേട്ട നക്ഷത്രത്തിൽ ആണ്. അതു കൂടി ഉൾപ്പെടുത്തി ഗണിച്ച ശനിയുടെ രാശിമാറ്റ ഫലങ്ങളാണ് ഇനി ചേർക്കുന്നത് ഓരോ നാളുകാർക്കും ശനിയുടെ രാശിമാറ്റം മൂലം അനുഭവത്തിൽ വരാൻ ഇടയുള്ള ഫലങ്ങളാണ് ഇവിടെ കൊടുക്കുന്നത് ഒപ്പം ഓരോ നാളുകാരും ഇക്കാലയളവിൽ അനുഷ്ഠിക്കേണ്ട പരിഹാരങ്ങളും ചേർക്കുന്നുണ്ട്

ശനിയുടെ രാശി മാറ്റം മൂലം ദോഷഫലങ്ങൾ മാത്രമല്ല ഗുണഫലങ്ങളും മാറി മാറി അനുഭവത്തിൽ വരാം . ഓരോ വ്യക്തിയും ജനിച്ച സമയം അടിസ്ഥാനമാക്കിയുള്ള ദശാപഹാര ഛിദ്രങ്ങൾ മുൻപറഞ്ഞപോലെ വ്യക്തി ജീവിതത്തിലെ അടിസ്ഥാന മൂല്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇവയെല്ലാം പരിഗണിച്ചാണ് ശനീശ്വരൻ ഫലങ്ങൾ നൽകുക . കഴിയുന്നതും അന്യരെ മനഃപ്പൂർവ്വം ഉപദ്രവിക്കാതെ ജീവിച്ചാൽ ശനീശ്വരന്റെ അനുഗ്രഹത്തോടെ ക്ലിഷ്ട കാലം തരണം ചെയ്യാം.

മീനം, മേടം, മിഥുനം, ചിങ്ങം, കന്നി,
ധനു രാശിക്കാർക്ക് ദോഷം

ശനി ദോഷം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള മീനം, മേടം, മിഥുനം , ചിങ്ങം, കന്നി , ധനു രാശിക്കാർ ഇനി പറയുന്ന പരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശനിയാഴ്ചകളിൽ രാവിലെ സ്‌നാനന്തരം നവഗ്രഹസ്തോത്രം ജപിക്കുന്നത് ശനിപ്രീതികരമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില് ദര്‍ശനം നടത്തി കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്. പറ്റാവുന്നത്ര തവണ ശനീശ്വരസ്‌തോത്രം, ശാസ്താഅഷ്ടോത്തരം എന്നിവ ജപിക്കുക. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായം ചെയ്യുക, എങ്കിൽ ശനിദോഷം അലട്ടുകയില്ല.

ശനിയുടെ അധിദേവത എന്ന് കരുതപ്പെടുന്ന ശാസ്താക്ഷേത്ര ദർശനം നടത്തി നീരാജനം, എള്ളുപായസം എന്നിവ വഴിപാടായി സമർപ്പിക്കുന്നതും എള്ളുതിരി കത്തിക്കുന്നതും നീലശംഖു പുഷ്പാർ‌ച്ചന നടത്തുന്നതും ശനിദോഷനിവാരണത്തിനു വിശേഷമാണ്.

ശനിയാഴ്ച വ്രതം
അതീവ ശ്രേയസ്‌ക്കരം

ശനിയാഴ്ചകളിൽ ആരോഗ്യ സ്ഥിതിയനുസരിച്ച് വ്രതം അനുഷ്ഠിക്കുന്നതും അതീവ ശ്രേയസ്‌ക്കരമാണ് തലേന്ന് ഒരിക്കൽ അനുഷ്ഠിച്ച് പിറ്റേന്ന് ശനിയാഴ്ച ആരോഗ്യ
സ്ഥിതിക്കനുസരിച്ച് ഉപവാസം അനുഷ്‌ഠിക്കണം. അരിയാഹാരം ഒഴിവാക്കി പഴങ്ങളോ മറ്റോ ലഘുവായി കഴിച്ചും വ്രതം അനുഷ്ഠിക്കാം. പിറ്റേന്ന് തുളസീ തീർത്ഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. വ്രതം അനുഷ്ഠിക്കുന്നവർ സദ് ചിന്തയോടെ കഴിയുക . ഈ ദിവസം ശനി ഗായത്രി ജപവും ഉത്തമമാണ്.

ശനിഗായത്രി
കാകദ്ധ്വജായ വിദ്‌മഹേ
ഖഡ്‌ഗഹസ്‌തായ ധീമഹീ
തന്നോ മന്ദപ്രചോദയാത്

ശനിമന്ത്രം
ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ

ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ: ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതുമേ ശനി:

ശനി സ്തോത്രം
നീലാഞ്ജന സമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്‌ചരം.’

ശനി അഷ്ടോത്തരം
ശനിയാഴ്ചകളില് ഉദയാല്‍പരം ഒരു മണിക്കൂറിനുള്ളിൽ വരുന്നതായ ശനിഹോര സമയത്ത് ശനി അഷ്ടോത്തരം ജപിക്കുന്നതും ശനി ദോഷം അകലുന്നതിന് വളരെ ഗുണകരമാണ്.

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in


Story Summary: Saturn (Shani) Transit On March 29, 2025: Things You Need to Know

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version