Tuesday, 1 Apr 2025

ശനി രാശി മാറി; ഇടവം, കർക്കടകം, തുലാം, വൃശ്ചികം മകരം കൂറുകാർക്ക് നല്ല  കാലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

ജ്യോതിഷരത്നം വേണുമഹാദേവ്

കഴിഞ്ഞ രണ്ടര വർഷമായി കുംഭ രാശിയിൽ നിന്ന ശനി 2025 മാർച്ച് 29 ന് രാത്രി 10:39 ന് മീനം രാശിയിൽ പ്രവേശിച്ചു. ഇതോടെ കഴിഞ്ഞ കുറെ നാളായി കഷ്ടതകൾ അനുഭവിച്ചിരുന്ന അഞ്ച് രാശിക്കാർക്ക് സ്വസ്ഥതയും ജീവിത സാഹചര്യങ്ങളിൽ മാറ്റവും വരുന്ന ശനിമാറ്റമാണ് സംഭവിച്ചത്. ഇടവം, കർക്കടകം, തുലാം, വൃശ്ചികം മകരം എന്നീ കൂറുകളിൽ ജനിച്ചവർക്ക് ഇനി സ്വപ്ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. അതേസമയം ശനി മാറുന്ന മീനം രാശിയുടെ കേന്ദ്ര രാശികളായ ധനു, കന്നി, മിഥുനം രാശികൾ ജനിച്ചവർക്ക് കണ്ടകശനി ആരംഭിക്കുകയാണ്. കുംഭം, മീനം, മേടം രാശിക്കാർക്ക് ഏഴര ശനിയും കണ്ടകശനി അനുഭവിച്ചിരുന്ന ചിങ്ങ കൂറുകാർക്ക് അഷ്ടമശനിയും ബാധകമാണ്.

ശനിയെ ഭയക്കേണ്ടതില്ല
ഗ്രഹങ്ങളിൽ ഈശ്വര പദവിയുള്ള ഗ്രഹമാണ് ശനീശ്വരൻ.ശരിയായി പറഞ്ഞാൽ ശനി ഭഗവാൻ ആരെയും ശിക്ഷിക്കുന്നില്ല നമ്മുടെ കുറവുകളെ ഇല്ലാതാക്കി നമ്മളെ കറക്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതായത് ഏഴരശനി കണ്ടകശനി അഷ്ടമശനി ബാധിച്ചവർ അസമയങ്ങളിൽ യാത്രകൾ ഉപേക്ഷിക്കുക, അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്ന് അകന്നു നിൽക്കുക, അനാവശ്യമായ രഹസ്യ ഇടപാടുകളിൽ ഏർപ്പെടാതിരിക്കുക, പ്രാർത്ഥനായും ഈശ്വരീയമായ ദിനചര്യകളും മുടക്കാതിരിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക, ജാമ്യം, മധ്യസ്ഥത, അന്യരെ സഹായിക്കൽ ഇവ ഒഴിവാക്കുക, ഇങ്ങനെ സന്മാർഗത്തിലും ധാർമ്മികമായും ദൈവികമായും ജീവിച്ചു പോകുന്നവരെ സംബന്ധിച്ച് ശനീശ്വരൻ ദോഷം ചെയ്യുകയില്ല എന്ന് മാത്രമല്ല എല്ലാ രീതിയിലും സഹായിക്കുകയും വിദേശ യാത്ര, വീടുപണി, കർമ്മ ലാഭം കച്ചവടലാഭം ഇവ നൽകി അവരവരുടെ പ്രവർത്തന മേഖലയിൽ ഊർജ്ജം പകരുക തന്നെ ചെയ്യും.

ശനി മാറ്റം സാമൂഹ്യ പുരോഗതി
നീചഭംഗരാജയോഗം, രാജയോഗം, ധനിക യോഗം, അഖണ്ഡ സാമ്രാജ്യ യോഗം, വിദ്യായോഗം, കാമയോഗം മഹാപരിവർത്തന യോഗം, ഭൃഗുമംഗള യോഗം, ചന്ദ്ര മംഗള യോഗം ഇങ്ങനെ വിശിഷ്ടമായ പല യോഗങ്ങളുമുള്ള ഒരു അപൂർവ സംഗമ മുഹൂർത്തത്തിലാണ് ശനീശ്വരൻ്റെ മീനം രാശി സംക്രമം. അതിനാൽ രാജ്യത്തും സമൂഹത്തിലും ധനപരമായും സാമ്പത്തിക സാമൂഹിക പുരോഗതിയിലും വളരെ വലിയ നേട്ടം
കൈവരിക്കാൻ സാധ്യതയുണ്ട്. നിയമങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരികയും അത് പുരോഗതിയിൽ പ്രകടമാവുകയും ചെയ്യും. കഴിഞ്ഞകാലം സമൂഹം നേരിട്ടുകൊണ്ടിരുന്ന നിരവധി വൈദ്യശാസ്ത്ര രംഗത്തെയും ആരോഗ്യ രംഗത്തെയും വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.
ധനക്ലേശം അനുഭവിച്ചിരുന്ന വ്യവസായ കച്ചവട സ്ഥാപനങ്ങൾ ക്രമേണ ലാഭകരമാകാൻ സാധ്യതയുണ്ട്. എന്തായാലും പ്രതീക്ഷയുടെ ഒരു നല്ല കാലമാണ് 2025 .

ശനി ആരെയും ദ്രോഹിക്കില്ല

ജ്യോതിശാസ്ത്രപരമായി വിശ്വാസികൾ ഏറ്റവും പേടിക്കുന്ന ഗ്രഹമാണ് ശനി. വാസ്തവത്തിൽ ശനി ഒരിക്കലും ആരെയും ദ്രോഹിക്കുന്നില്ല.
ധർമ്മത്തിന്റെയും നീതിയുടെയും പാതയിൽ സഞ്ചരിക്കുന്നവർക്ക് ശനി സഹായിയാണ്. കർമ്മകാരകനും ഭൃത്യ കാരകനുമായ ശനി നമ്മുടെ ജീവിത വിജയത്തിനും പ്രവർത്തി വിജയത്തിനും സഹായിക്കുന്ന ഈശ്വരനാണ്. ശനിയാണ് ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്ന ഗ്രഹം. ഏതാണ്ട് രണ്ടര വർഷം. ശനിക്ക് വക്രഗതി ഉണ്ടെങ്കിൽ ഇതിന് മാറ്റം വരാം. ശനിയുടെ രാശിപകർച്ച കൊണ്ട് മാത്രം ഒരു ജാതകന്റെ ഫലം പൂർണ്ണമായി പറയുക അസാധ്യമാണ്. മറ്റ് ഗ്രഹങ്ങളുടെ ബലാബലവും ശനിയുടെ ബലാബലവും ജാതകാൽ ഉള്ള ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്തെങ്കിൽ മാത്രമെ ശനിയുടെ മാറ്റത്തെ പൂർണ്ണമായും അപഗ്രഥിക്കാൻ സാധിക്കുകയുള്ളൂ. എങ്കിലും ശനി മാറ്റം വരുമ്പോൾ കണ്ടകശനി ഏഴര ശനി ബാധിച്ചവർ തീർച്ചയായും ഈശ്വരാധീനം വർദ്ധിപ്പിക്കുക, രഹസ്യ ഇടപാടുകൾ, ദുഷ്ട ജന സംസർഗ്ഗം, അസമയ യാത്രകൾ, അധാർമിക മാർഗ്ഗത്തിലുള്ള ധനസമ്പാദനം, ദുശീലങ്ങൾ ഇവ ഒഴിവാക്കുക തന്നെ വേണം ശനിഎല്ലാവർക്കും ജീവിതത്തിൽ ഗുണദോഷ സമ്മിശ്രമായ ഫലം ഉണ്ടാക്കുമെന്ന് ചിന്തിക്കണം.

ശനി രാശിമാറ്റ ഫലം

2025 മാർച്ച് മാസം 29 ന് ശനി മീനം രാശിയിലേക്ക് പ്രവേശിച്ച ശേഷമുള്ള ഓരോ കൂറുകാറുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4)
മേടക്കൂറുകാർക്ക് ഏഴര ശനി തുടങ്ങുകയാണ്. ശനി പന്ത്രണ്ടാം ഭാവത്തിൽ. എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ട കാലം.ബിസിനസിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ പുതിയ പദ്ധതികളും മാറ്റങ്ങളും ഉടൻ കൊണ്ടുവരരുത്. സഹപ്രവർത്തകരെയും പാർട്ണർമാരെയും ജാഗ്രതയോടെ നിരീക്ഷിക്കുക. പ്രതികൂലജീവിത സാഹചര്യങ്ങളെ അതിജീവിക്കേണ്ടി വരും. വാക്കിലും പ്രവർത്തിയിലും
ക്ഷമ പുലർത്തുക.സമയം അത്ര നന്നല്ല എന്നൊരു ബോധം എപ്പോഴും ഉണ്ടാവണം. ദുശീലങ്ങൾ അനാവശ്യ കൂട്ടുകെട്ടുകൾ ഉപേക്ഷിക്കാൻ തയ്യാറാവണം. സന്താനങ്ങളുടെ കാര്യത്തിൽ വലിയ ദോഷങ്ങൾ വരില്ല. കർമ്മത്തിൽ അലസത ബാധിക്കാതെ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണം. വിദ്യാർത്ഥികൾ അലസത വെടിയണം . മോശപ്പെട്ട സംസാരം പൊതുപ്രവർത്തകരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുവാൻ സാദ്ധ്യത. ധ്യാനം , ജപം, ക്ഷേത്ര ദർശനം ഇവ മുടക്കരുത്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാനുള്ള മാർഗ്ഗങ്ങൾ തെളിയും. പരാജയത്തിന്റെ കാരണം തിരിച്ചറിഞ്ഞ് തിരുത്താൻ നോക്കണം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ഇടവക്കൂറുക്കാർക്ക് കണ്ടകശനി മാറി ശനി പതിനൊന്നാം ഭാവത്തിലേക്ക് വന്നു. കഷ്ടകാലം മാറുകയാണ്. ചിരകാല സ്വപ്നങ്ങൾ പൂർത്തിയാകും. ജോലിയിൽ പ്രമോഷൻ ഇഷ്ട സ്ഥാനത്തേക്ക് മാറ്റം. അപ്രതീക്ഷിത ഭാഗ്യനുഭവങ്ങൾ വരാവുന്ന കാലമാണ്. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. വിദേശ യാത്രയ്ക്കുള്ള അവസരം ദൈവകൃപയാൽ വന്നു ചേരും. പ്രണയത്തിൽ ആഗ്രഹസാഫല്യം. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കും. ആഗ്രഹിച്ച വിവാഹം നടക്കും. വേർപ്പെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാദ്ധ്യമാകും. കോടതി വ്യവഹാരം, തർക്കം ഇവയിൽ രമ്യമായ പരിഹാരം. കൃഷി ലാഭം. പുതിയ ഓൺലൈൻ സൗഹൃദങ്ങൾ വഴി ഗുണാനുഭവങ്ങൾ ലഭിക്കും .

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറുകാർക്ക് ഭാഗ്യ സ്ഥാനത്തു നിന്ന് ശനി പത്താം ഭാവത്തിലേക്ക് മാറുകയാണ്. ഉദ്യോഗത്തിൽ മേലധികാരികളുടെ താക്കീത് വരാതെ ശ്രദ്ധിക്കുക. ധനപരമായി ചില ബുദ്ധിമുട്ടുകൾ വരാം. വിവാഹകാര്യങ്ങളിൽ തൽക്കാലം തടസ്സം വന്നാലും പിന്നീട് ഗുണം വരും. വിദേശയാത്ര നീണ്ടു പോകും. ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുക. പൊതുപ്രവർത്തകർ അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. കേസുകൾ തർക്കങ്ങൾ ഇവയിൽ കടുംപിടുത്തം ഒഴിവാക്കുക. വാശി, പക ഇവ ഒഴിവാക്കുക. പുതിയ സൗഹൃദങ്ങളിൽ നിന്ന് ചതിവരാതെ സൂക്ഷിക്കുക. കഠിനാദ്ധ്വാനവും നിരന്തര പരിശ്രമങ്ങളും വിജയം സമ്മാനിക്കും. അകന്നു നിന്ന ബന്ധുക്കൾ വീണ്ടും അടുക്കും. യാത്രകൾ കഴിയുന്നതും ഒഴിവാക്കണം. നല്ല സുഹൃത്തുക്കളുടെ ഉപദേശങ്ങൾ ചെവി കൊള്ളണം. ദൈവിക കർമ്മങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് ഗുണകരമാകും.

കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം , ആയില്യം )
കർക്കടകക്കൂറുകാർക്ക് അഷ്ടമ ശനിയുടെ കഷ്ടതകളിൽ നിന്ന് ശനി ഭാഗ്യ ഭാവത്തിലേക്ക് മാറുകയാണ്. അപ്രതീക്ഷിത ധനലാഭം. ചിരകാല സ്വപ്ന പദ്ധതികൾ നടപ്പിലാക്കും. വലിയ സംരംഭങ്ങൾക്ക് മുതൽമുടക്ക് ഉടൻ പാടില്ല. കച്ചവടങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ പ്രയാസമാണ്. ബന്ധുക്കളുടെ കാര്യങ്ങളിൽ ഇടപെടുന്നത് വളരെ ആലോചനയോടെ വേണം. എതിരാളികളെ കരുതിയിരിക്കണം. ഒറ്റക്ക് സുപ്രധാന തീരുമാനങ്ങൾ എടുക്കരുത്. സുഹൃത്തുക്കളുമായി കൂടിയാലോചന നടത്തുക. അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. ഓൺലൈൻ വഴിയുള്ള ബന്ധങ്ങൾ പിന്നീട് ബാധ്യതമായി മാറും. ദൈവിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണകരം. ഒരു കാര്യത്തിലും എടുത്തു ചാട്ടം വേണ്ട. ക്ഷമ നേട്ടങ്ങൾക്ക് വഴിയൊരുക്കും.

ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
ചിങ്ങക്കൂറുകാർക്ക് കണ്ടകശനി അഷ്ടമത്തിലേക്ക് മാറുകയാണ്. അനാവശ്യ ടെൻഷൻ സാഹചര്യങ്ങൾ ഒഴിവാക്കുക. ദൈവിക കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. വ്യായാമങ്ങൾ ശീലിക്കുന്നത് ഗുണകരമാവും. മറ്റു ഗ്രഹങ്ങളുടെ അനുകൂല സ്ഥിതി മൂലം ദോഷകാഠിന്യം കുറയും. മറ്റുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക. ആരെയും സഹായിക്കാൻ പോയി മനക്ലേശം ഉണ്ടാക്കാതിരിക്കുക. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ബുദ്ധി ഉപയോഗിച്ച് നേട്ടങ്ങൾ കൈവരിക്കണം. സാമ്പത്തിക സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ധനം കൈകാര്യം ചെയ്യുന്നവരും അതീവ ജാഗ്രത പുലർത്തുക. ഉദ്യോഗസ്ഥർ ഉത്തരവാദിത്തപ്പെട്ട കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. ബിസിനസ്സിൽ നേടമുണ്ടാക്കാൻ കഴിയും. കലാസാഹിത്യ രംഗത്തുള്ളവർ ഏഷണി സൃഷ്ടിക്കുന്നവരിൽ നിന്നും ഒഴിഞ്ഞു നിൽക്കണം വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനും വിദേശയാത്രയ്ക്കും അവസരം വരും. പുതിയ ജോലി തേടുന്നവർ അവസരങ്ങൾ ഉപയോഗപ്പെടുത്തണം

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
കന്നിക്കൂറുകാർക്ക് ശനി ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. പ്രണയം സൗഹൃദങ്ങൾ ഇവയിൽ ചതി വരാതെ ശ്രദ്ധിക്കേണ്ടതാണ്. കുടുംബസ്വസ്ഥത ഇല്ലാതാക്കരുത്. വാക്കിലും പ്രവർത്തിയിലും ക്ഷമ പുലർത്തുക. രാഷ്ട്രീയബന്ധങ്ങളിൽ മാറ്റം വരാം. ജോലിയിൽ താക്കീത് വരാതെ സൂക്ഷിക്കുക. ധനം നിലനിർത്താൻ ശ്രമിക്കണം. തുറന്ന് പറയുന്ന ശീലം പാടില്ല. ശത്രുക്കൾ തലപൊക്കും. അവിഹിത ഇടപാടുകൾ ചെയ്യരുത്. ചെലവ് നിയന്ത്രിക്കുക. ചുമതലകൾ കൃത്യമായി നിർവ്വഹിക്കാൻ ശ്രമിക്കണം. വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്താൽ ഫലം കാണും. ജാമ്യം മധ്യസ്ഥത, തർക്കം ഇവ ഒഴിവാക്കണം. വർഷമധ്യത്തോടെ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
തുലാക്കൂറുകാർക്ക് ശനി ആറാം ഭാവത്തിലേക്ക് മാറുകയാണ്. പല വഴിയിൽ ധനപരമായി നേട്ടം. അപ്രതീക്ഷിത ലോട്ടറി ഭാഗ്യം. കടബാധ്യതകൾ കുറഞ്ഞുവരും. ബിസ്സിനസ്സിൽ നിന്ന് വരുമാനം ഉണ്ടാകും. പൊതു പ്രവർത്തകർക്ക് ഉയർച്ച ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥത വരും. പുതിയ അവസരങ്ങൾ വന്നുചേരും. ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. മക്കളോടൊപ്പം പുണ്യതീർത്ഥയാത്രകൾക്ക് യോഗമുണ്ട്. ഭൂമി, ഗൃഹം വാങ്ങാനും വീട് പുതുക്കി പണിയാനും യോഗമുണ്ട്. മംഗല്യഭാഗ്യം, ജോലി മാറ്റം. ഇഷ്ട സ്ഥാനലബ്ധി, സഥലംമാറ്റം ഇവയും അനുഭവത്തിൽ വരും.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറുകാർക്ക് ശനി അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ് സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. ആരോഗ്യ കാര്യങ്ങളും അവഗണിക്കരുത്. വലിയ നേട്ടങ്ങൾ ഉണ്ടായില്ലെങ്കിലും നഷ്ടസാധ്യത ഇല്ല. വിദ്യാർത്ഥികൾ കഠിനാധ്വാനം വഴി വിജയം വരിക്കും. കുടുംബാംഗങ്ങൾക്ക് വേണ്ടി സമയവും പണവും ചിലവഴിക്കും. തടസ്സങ്ങൾ ഈശ്വരപ്രാർത്ഥന കൊണ്ട് മാറ്റിയെടുക്കാം. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കിയാൽ നന്ന്. ശരിയായ തീരുമാനം എടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവർത്തികൾ നല്ല ഫലം തരും. വിനയം, ക്ഷമ തുടങ്ങിയവ സർവ്വവിധത്തിലുള്ള ആദരവിനും വഴിയൊരുക്കും. ഭൗതിക
ജീവിതത്തിനൊപ്പം ആദ്ധ്യാത്മിക ചിന്തകളും സമന്വയിപ്പിക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് ശനി നാലാം ഭാവത്തിലേക്ക് മാറുകയാണ്. മറ്റു ഗ്രഹങ്ങളുടെ അനുകൂല സ്ഥിതിമൂലം ദോഷകാഠിന്യം കുറയും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. പ്രതീക്ഷിക്കുന്നത്ര ആനുകൂല്യങ്ങൾ തൊഴിൽ രംഗത്ത് നിന്ന് ലഭിക്കണമെന്നില്ല . ചെറിയ കാര്യങ്ങളിൽ പോലും കുടുംബത്തിൽ അസ്വസ്ഥത ഉടലെടുക്കുന്ന സാഹചര്യം. അതിനാൽ വാക്കുകളിലും പെരുമാറ്റത്തിലും മിതത്വം പാലിക്കാൻ ശ്രമിക്കുക. ധനപരമായി നേട്ടമുണ്ടാക്കാൻ കഴിയുന്ന എല്ലാ അവസരവും ഭംഗിയായി ഉപയോഗപ്പെടുത്തണം. കഠിനാധ്വാനത്താൽ പരീക്ഷയിൽ വിജയം വരിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ദുശ്ശീലങ്ങൾ ഒഴിവാക്കണം. ഈശ്വരാധീനത്തിൽ വിഷമങ്ങൾ തരണം ചെയ്യും.

മകരക്കൂറ്
( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക് ശനി മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. അകന്നിരുന്ന ബന്ധുക്കൾ അടുക്കും. വിദേശജോലി, ഉന്നത പഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. പുതിയ സൗഹൃദങ്ങൾ വന്നു ചേരും. പ്രണയം പൂവണിയും. രോഗവിമുക്തി . മുടങ്ങിക്കിടന്ന പണികൾ പൂർത്തിയാക്കും. സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സ് വിപുലീകരിക്കാനാകും. പഠന ഗുണം, പരീക്ഷ വിജയം, തൊഴിൽ ലാഭം, വിവാഹം എന്നിവ നടക്കും. അകന്നിരുന്ന ദമ്പതികൾ അടുക്കും. ഗുണകരമായ ഉദ്യോഗമാറ്റമുണ്ടാകും. കാർഷിക മേഖലകളിൽ ഗുണം. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വ്യാപാരം വിപുലമാക്കും.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
കുംഭക്കൂറുകാർക്ക് ശനി രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. ഈശ്വരാധീനം വർദ്ധിപ്പിക്കണം. ധനം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. മറ്റുള്ളവരെ പിണക്കാതെ സൂക്ഷിക്കണം. പഴയകാല ശത്രുക്കൾ തലപൊക്കും. അവരെ ക്ഷമയും ബുദ്ധിയും കൊണ്ട് നേരിടണം.. തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത വേണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടരുത്. ജാമ്യം, മധ്യസ്ഥത എന്നിവ ഒഴിവാക്കുക. കുടുംബത്തിൽ വാക്കിലും പ്രവർത്തിയിലും ക്ഷമ പുലർത്തുക. തെറ്റിദ്ധാരണ, വാശി, മടി ദുർചിന്തകൾ ഒഴിവാക്കുക. ബുദ്ധിപൂർവ്വം നീങ്ങിയാൽ എവിടെയും വിജയിക്കാവുന്ന സമയം. വർഷത്തിൻ്റെ പകുതി കഴിഞ്ഞാൽ സമയം വളരെ നന്നാവും. ഭാഗ്യ അനുഭവങ്ങൾ തേടിവരും. പുതിയ സ്വപ്ന പദ്ധതികൾ നടക്കും. അതുവരെ എന്ത് കാര്യത്തിനും രണ്ടു തവണ ആലോചിക്കണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
മീനക്കൂറുകാർക്ക് ശനി ജന്മത്തിലേക്ക് മാറുകയാണ്. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ഈശ്വര ചിന്ത വർധിപ്പിക്കണം. രഹസ്യ ഇടപാടുകൾ തിരിച്ചടിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് പേരുദോഷം വരുത്തരുത്. വാക്കിൽ നിയന്ത്രണം വേണം. ആരോഗ്യത്തിൽ ശ്രദ്ധ അനിവാര്യം. പൊതുപ്രവർത്തകർക്ക് വിശ്വസ്തരിൽ നിന്ന് ബുദ്ധിമുട്ടുണ്ടാകാം. ആരേയും അമിതമായി വിശ്വസിക്കരുത്. തർക്കം, കേസ് , വഴക്ക് ഇവ ഒത്തുതീർപ്പിന് ശ്രമിക്കുക. എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച മനോഭാവം വേണം. സൗഹൃദങ്ങൾ ഗുണം ചെയ്യും. അകന്നിരുന്നവരുമായി രമ്യതയിൽ എത്താൻ ശ്രമിക്കണം. സ്വസ്ഥത വീണ്ടെടുക്കാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണം. അപകീർത്തി ഉണ്ടാകാവുന്ന സമയദോഷകാലമാണ്. ദുശ്ശീലങ്ങൾ, ദുഷിച്ച കൂട്ടുകെട്ട് ഇവയിൽ നിന്നും വിട്ടു നിൽക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം ഗുണം ചെയ്യും. സമാധാനമായി പ്രശ്നങ്ങൾ പരിഹരിക്കുക. വൈരാഗ്യബുദ്ധി ഉപേക്ഷിച്ച് ഈശ്വര ചിന്ത വളർത്തുക.

ശനിദോഷശാന്തിക്ക്
ശനിയാഴ്ച എള്ളു കലർന്ന ഭക്ഷണം കാക്കയ്ക്ക് നൽകുക. ഭദ്രകാളി, ഹനുമാൻ, ശാസ്താവ് ശനീശ്വരൻ കാലഭൈരവൻ എന്നീ ദേവതമന്ത്ര ജപം ദോഷകാഠിന്യം കുറയ്ക്കും. ഹനുമാൻ സ്വാമിക്ക് അവൽനിവേദ്യം, ശാസ്താവിന് എള്ള് പായസം പാനകം നല്ലെണ്ണ സമർപ്പണം ഇവയും ശനിദോഷ കാഠിന്യം കുറയ്ക്കും. വികലാംഗർ വയോധികർ, രോഗികൾ ഇവരെ സഹായിക്കുന്നതും ശനിദോഷ ശാന്തി നൽകും. ശനിദോഷത്താൽ ആരോഗ്യപ്രശ്നം വരുന്നവർ ശനിയുടെ ആയുർവേദ മൗലികകളാൽ സ്നാനം ചെയ്യുന്നതും ഗുണകരം. ശാസ്താവിന് കരിക്കഭിഷേകം ശനി ദുരിതശാന്തിക്കും ആരോഗ്യ വർദ്ധനവിനും ഉത്തമമാണ്. വിദ്യാവിജയത്തിനും വിഘ്ന നിവാരണത്തിനും ത്വക്ക് രോഗശാന്തിക്കും അയ്യപ്പ ക്ഷേത്രങ്ങളിൽ അഭിഷേകം ഗുണകരം. നീരാജനം തെളിയിക്കൽ, എള്ള് പായസം എന്നിവ അഭീഷ്ട സിദ്ധി, പാപശാന്തി എന്നിവയ്ക്കെല്ലാം ഉത്തമം. നീല ശംഖു പുഷ്പാർച്ചന ശനിദോഷ നിവാരണത്തിന് അതിവിശേഷമാണ്.
ശനി രാശിമാറ്റ ദോഷങ്ങൾ ശമിപ്പിക്കാൻ
ദശരഥ വിരചിതമായ ശനി സ്തോത്രം
എന്നും രാവിലെയും വൈകിട്ടും കേൾക്കുക അല്ലെങ്കിൽ ജപിക്കുക:

ജ്യോതിഷരത്നം വേണുമഹാദേവ്
+91 8921709017

Story Summary : Shani ( Saturn ) Transit in Pisces on March 29 ; Predictions for all Zodiac Signs

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version