Thursday, 21 Nov 2024

ആയില്യപൂജ, നാഗപഞ്ചമി, ഷഷ്ഠി വ്രതം; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2024 ജൂലായ് 7- 13 )
ജ്യോതിഷരത്നം വേണു മഹാദേവ്

2024 ജൂലായ് 7 ന് കർക്കടകക്കൂറ് പൂയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ആയില്യം പൂജ, നാഗപഞ്ചമി, ഷഷ്ഠി വ്രതം എന്നിവയാണ്. ജൂലൈ 8 നാണ് മിഥുനമാസത്തിലെ ആയില്യം പൂജ. നാഗദേവതകളുടെ അനുഗ്രഹം നേടാൻ ഉത്തമമായ ദിവസമാണിത്. ജൂലൈ 11 വ്യാഴാഴ്ച നാഗപഞ്ചമിയാണ്. ആഷാഢ മാസം ശുക്ലപക്ഷത്തിലെ പഞ്ചമിതിഥിയാണ് നാഗപഞ്ചമിയായി ആചരിക്കുന്നത്. നാഗദേവതാ പൂജകൾക്ക് അതിവേഗം സദ് ഫലം ലഭിക്കുന്ന നാഗപഞ്ചമി ശ്രീകൃഷ്ണന്‍ കാളിയന്റെ മേല്‍ നേടിയ വിജയത്തിന്റെ ഓർമ്മയാണ് ഒരു കൂട്ടര്‍ക്ക്. കുരുവംശ രാജാവ് ജനമേജയന്‍ നടത്തിയ സര്‍പ്പസത്രത്തില്‍ നിന്നും നാഗകുലം രക്ഷപ്പെട്ട ദിവസം എന്നാണ് നാഗപഞ്ചമിയെപ്പറ്റിയുളള മറ്റൊരു ഐതിഹ്യം. സുബ്രഹ്മണ്യ ഭഗവാനെ പ്രീതിപ്പെടുത്തി സന്താനഭാഗ്യവും സന്താനക്ഷേമവും നേടാൻ പറ്റിയ മിഥുനത്തിലെ കുമാര ഷഷ്ഠി വ്രതം ജൂലൈ 12 വെള്ളിയാഴ്ചയാണ്. വ്രതം എടുക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠി നാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. ഷഷ്ഠി നാൾ ഉച്ചയ്ക്ക് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് കഴിച്ച് വ്രതം അവസാനിപ്പിക്കാം. ജൂലൈ 13 ന് കന്നിക്കൂറിൽ ചിത്തിര നക്ഷത്രം രണ്ടാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:


മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
അകാരണമായി വിഷമിക്കാം. ആരോഗ്യം കുറയും. ചെലവുകൾ വളരെയധികം വർദ്ധിക്കും. ദാമ്പത്യജീവിതം മികച്ചതായിരിക്കും. കുടുംബാംഗത്തിൻ്റെ ദു:ശീലങ്ങൾ കാരണം വിഷമിക്കും. കോപം നിയന്ത്രിക്കാൻ കഴിയും. ജോലിയിൽ ആഗ്രഹിക്കുന്ന അവസരങ്ങൾ ലഭിക്കാൻ സാധ്യത. മത്സരപരീക്ഷയിൽ പൂർണ്ണ വിജയം ലഭിക്കും. ദിവസവും ഓം ഹനുമതേ നമഃ 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. കലഹങ്ങൾ ഒഴിവാക്കാൻ കഴിയും. രോഗങ്ങളിൽ നിന്നും മുക്തി നേടും. വേണ്ടത്ര ആലോചിക്കാതെ തീരുമാനം എടുക്കുന്നത് നിയന്ത്രിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. പങ്കാളിയുമായി തർക്കങ്ങൾ ഒഴിവാക്കണം. മനസ്സിലുള്ള പദ്ധതികൾ കാണുന്നവരുമായെല്ലാം പങ്കിടരുത്. ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
അഭിപ്രായസ്ഥിരതയും നിശ്ചയദാർഢ്യവും ജീവിത
പുരോഗതിക്ക് അനുപേക്ഷണീയമാണ്. സംസാരത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും നല്ല നിയന്ത്രണം വേണം. അല്ലെങ്കിൽ പേരുദോഷം ഉണ്ടാകും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. പണം ചെറിയ സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ചില ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകാം. വിവാഹത്തിന് തടസ്സം നേരിടും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ദിവസവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ വീതം ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സമ്പാദ്യശീലം ഇല്ലാത്തത് ധാരാളം പ്രശ്‌നങ്ങളുണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി കുടുംബത്തിലെ മറ്റുള്ളവരുടെ മുന്നിൽ ലജ്ജിപ്പിക്കും. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ മാനസിക അസ്വസ്ഥതകൾ സൃഷ്ടിക്കും. പങ്കാളിയുമായി തുറന്ന് സംസാരിച്ച് എല്ലാ പ്രശ്നങ്ങളും ഉടൻ തീർക്കണം. വിദ്യാർത്ഥികൾക്ക് സമയം വളരെ ശുഭകരമായിരിക്കും.
ചങ്ങാതിമാർ‌ സഹായിക്കും. തടസ്സങ്ങളിൽ‌ നിന്നും മുക്തി നേടും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടിവരും. മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം അല്ലെങ്കിൽ സ്ഥാനക്കയറ്റം ലഭിക്കും. കൂടുതൽ പണം സമ്പാദിക്കും. ഒപ്പം ചെലവുകളും വർദ്ധിക്കും. ചിലർക്ക് നഷ്ടപ്പെട്ട വിലയേറിയ വസ്തുക്കൾ തിരിച്ച് ലഭിക്കും. വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും. പ്രണയ ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ഓം നമഃ ശിവായ എന്നും 108 തവണ വീതം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2)
സാമ്പത്തിക കാര്യങ്ങളിൽ തിരിക്കിട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. നല്ല പെരുമാറ്റത്തിലൂടെ
മറ്റുള്ളവരെ ആകർഷിക്കും. ആഗ്രഹിച്ച പുതിയ വാഹനം സ്വന്തമാക്കും. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ സാധിക്കും. കരാറുകൾ വീണ്ടും വിശദമായി പരിശോധിക്കുന്നത് നല്ലതായിരിക്കും. ജോലി യഥാസമയം പൂർത്തിയാക്കാൻ ശ്രമിക്കണം. വിദേശയാത്രയ്ക്ക് നേരിട്ട തടസ്സം മാറും. ദിവസവും ലളിതാ സഹസ്രനാമം ജപിക്കണം.


തുലാക്കൂറ്
(ചിത്തിര 2, 3, ചോതി, വിശാഖം 1, 2, 3)
ആരോഗ്യം ഏറെ മികച്ചതായിരിക്കും. വരുമാനം കൂട്ടാൻ ധാരാളം അവസരങ്ങൾ ലഭിക്കും. ചെലവ് ചുരുക്കി പണം ലാഭിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ നല്ല പിന്തുണ ലഭിക്കും. ജോലിയിൽ പ്രതീക്ഷിച്ചത്ര ഫലം കിട്ടിയില്ലെന്ന് വരും. സഹപ്രവർത്തകരുടെ അസംതൃപ്തി ദോഷം ചെയ്യും. അവിവാഹിതർക്ക് ചതിപറ്റാൻ സാധ്യതയുണ്ട്. ദിവസവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ജോലിയിൽ വൻവിജയം ലഭിക്കും. അഭൂതപൂർവമായ വെല്ലുവിളികളും പ്രതിബന്ധങ്ങളും അഭിമുഖീകരിച്ച് പുരോഗതി കൈവരിക്കാൻ കഴിയും. വേണ്ടപ്പെട്ടവരോട് അസുഖകരമായി സംസാരിച്ചതിൽ പശ്ചാത്തപിക്കേണ്ടി വരും. അതിനാൽ എന്തെങ്കിലും പ്രതികരണം നടത്തും മുമ്പ് നന്നായി ആലോചിക്കണം. ചില അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ഭാഗ്യം പിന്തുണയ്ക്കും.
ദിവസവും ഓം ശരവണ ഭവഃ 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കഴിയും. മുതിർന്നവരുടെ ഉപദേശവും അനുഭവവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായകമാകും. കോപം നിയന്ത്രിക്കണം. ഒരു കുടുംബാംഗവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ജീവിതപങ്കാളിയുടെ പ്രധാനപ്പെട്ട
ചില കാര്യങ്ങൾക്കായി വിദൂരയാത്ര പോകേണ്ടി വരാം.
ആരോഗ്യ സംബന്ധമായി നില അല്പം മെച്ചപ്പെടും. ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. നിത്യവും 108 ഉരു ഓം നമോ നാരായണായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാകും.
സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. മാനസികമായ പിരിമുറുക്കത്തിൽ നിന്ന് മോചനം കിട്ടും. അടിയന്തര ആവശ്യങ്ങൾക്ക് സ്വരൂപിച്ചതിലധികം ചെലവ് നേരിടും. അനാവശ്യമായ സംസാരം വീട്ടിൽ പ്രശ്നം സൃഷ്ടിക്കും. ജീവിതപങ്കാളിയുമായുള്ള അകൽച്ച പരിഹരിക്കാൻ കഴിയും. ജോലിയിൽ അഭിമാനകരമായ പുരോഗതി നേടും. ഓം നമഃ ശിവായ നിത്യവും 108 ഉരു ജപിക്കണം.


കുംഭക്കൂറ്
(അവിട്ടം 3,4, ചതയം, പൂരുരുട്ടാതി 1, 2, 3)
ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ വേണ്ട സമയമാണ്.
കുടുംബത്തിലെ സമ്മർദ്ദവും പിരിമുറുക്കവും കാരണം മാനസികമായി വളരെയധികം ഉത്കണ്ഠാകുലരാകും.
സ്വത്തുമായി സംബന്ധമായ ഇടപാട് പൂർത്തിയാക്കും.
നിറവേറ്റാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രം നൽകാൻ ശ്രമിക്കുക. ശത്രുവായി കരുതിയ ആൾ യഥാർത്ഥത്തിൽ അഭ്യുദയകാംക്ഷിയാണെന്ന് തിരിച്ചറിയും. ഭൂമി വിൽക്കും.
നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ശാരീരികമായ ക്ഷീണം വർദ്ധിക്കും. ബിസിനസിൽ കൂടുതൽ നല്ല ഫലം ലഭിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവർക്ക് ഒരു വലിയ ഇടപാടിൽ നല്ല ലാഭം കിട്ടും. എത്ര പണം സമ്പാദിക്കുന്നുവോ അത്രയും ചെലവും കൂടും. ഭൂമി, വാഹനം എന്നിവയിൽ നിക്ഷേപം നടത്തും. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. പ്രണയത്തിൽ നിസ്സഹായതയോ ആശയക്കുഴപ്പമോ അനുഭവപ്പെടും. പ്രമോഷൻ കിട്ടും. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

error: Content is protected !!
Exit mobile version