രാഹുകേതുക്കൾ പ്രസാദിച്ചാൽ അപ്രതീക്ഷിത സമ്പത് സമൃദ്ധി
ജ്യോതിഷി പ്രഭാസീന സി പി
ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിൽ അതിശക്തമായ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളാണ്
രാഹുവും കേതുവും. പലപ്പോഴും ക്ലേശ ഫലങ്ങൾ കൂടുതൽ നൽകുന്നവയാണ് ഈ രണ്ടു ഗ്രഹങ്ങളും.
ശുഭ ഭാവത്തിൽ ശുഭ ഫലദായകരായി നിൽക്കുമ്പോൾ സദ്ഫലങ്ങൾ നൽകുമെങ്കിലും ഇടയ്ക്കിടെ ദുരിതവും
സൃഷ്ടിക്കും. ഒരാൾക്ക് ചിന്തിക്കുന്നതിനും കാര്യങ്ങൾ ഗ്രഹിക്കുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുന്നതാണ്
രാഹുകേതു ദോഷത്തിൻ്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
സൂര്യനും ചന്ദ്രനുമാണ് ജ്യോതിഷ പ്രകാരം രാഹുകേതുക്കളുടെ ശത്രുക്കൾ. ദുർവാസാവിൻ്റെ
ശാപം കാരണം ജരാനരകൾ ബാധിച്ച ദേവന്മാർ അമരത്വത്തിനായി അസുരന്മാരുടെ കൂടി സഹായത്തോടെ പാലാഴി കടഞ്ഞ് അമൃത് നേടി. അസുരന്മാരെ കബളിപ്പിച്ച് മോഹിനി അതുമായി
കടന്ന് ദേവന്മാർക്ക് വിളമ്പാൻ തുടങ്ങിയപ്പോൾ സർവഭാനു എന്ന അസുരൻ വേഷപ്രച്ഛന്നനായി
സർപ്പരൂപത്തിൽ പന്തിയിൽ കടന്ന് ആദ്യം തന്നെ അമൃത് നേടി. പെട്ടെന്ന് സൂര്യചന്ദ്രന്മാർ ഇക്കാര്യം
മോഹനിയായ വിഷ്ണുവിനെ അറിയിച്ചു. ഭഗവാൻ ഉടൻ സുദർശനം പ്രയോഗിച്ച് സർവഭാനുവിൻ്റെ കഴുത്തറുത്തു. അതിനകം തന്നെ അമൃത് കഴിച്ച് അമരത്വം നേടിയതിനാൽ മരിച്ചില്ല. അങ്ങനെ തല
രാഹുവും ഉടൽ കേതുവുമായി. ഭൂമിയിൽ മനുഷ്യ ജീവിതത്തിൻ്റെ ഭാഗധേയങ്ങൾ നിശ്ചയിക്കാനുള്ള ചുമതലയും ഇവർക്ക് ലഭിച്ചു. അതു കാരണം രാഹുവും കേതുവും അപഹാരമായ സ്വാധീനമാണ് നമ്മുടെ ജീവതത്തിൽ ചെലുത്തുന്നത്. അതു കൊണ്ടു തന്നെ എല്ലാവരും ഭയത്തോടെ മാത്രമാണ് എപ്പോഴും വക്രത്തിൽ സഞ്ചരിക്കുന്ന ഈ നിഴൽ ഗ്രഹങ്ങളെ കാണുന്നത്.
മനോരോഗം, അതൃപ്തി, മോഷണം, തിന്മ, ഭയം, വിധേയത്വം, ആശയക്കുഴപ്പം, രാഷ്ട്രീയ നേതാക്കൾ, മാന്ത്രിക കർമ്മികൾ ഇവയുടെ പ്രതീകമാണ് രാഹു. കേതുവാകട്ടെ നഷ്ടം, ജീവിത വിരക്തി, നിർമ്മമത, അലച്ചിൽ, സങ്കീർണ്ണത എന്നിവയുടെയും കാരകനാന്ന്. മോക്ഷം തരുന്നതും സന്ന്യാസ ജീവിതത്തിന് കാരണമാകുന്നതും കേതുവിൻ്റെ സ്വാധീനമാണ്. ജാതകത്തിൽ കേതു നല്ല സ്ഥാനത്തുള്ളവർ ഉന്നത സ്ഥാനങ്ങളിലെത്തും; പ്രത്യേകിച്ച് ആത്മീയമായി.
ദുഷ്ഫലങ്ങൾക്കൊപ്പം ചില സദ്ഫലങ്ങളും നൽകാൻ കഴിവുള്ളവയാണ് രാഹു, കേതുക്കൾ. മറ്റ് ഗ്രഹങ്ങൾ സമ്മാനിക്കുന്ന ദോഷഫലങ്ങൾ രാഹുപ്രീതി വരുത്തിയാൽ കുറയ്ക്കാൻ കഴിയും. കേതു പ്രീതി നേടിയാൽ മറ്റ് ഗ്രഹങ്ങൾ നൽകേണ്ട സദ്ഫലങ്ങൾ ഉറപ്പിക്കാനും വർദ്ധിപ്പിക്കാനും സാധിക്കും.
രാഹുവിൻ്റെ പ്രീതി നേടാനും രാഹുദോഷം കുറയ്ക്കാനും ദേവീ ഉപാസന ഉത്തമമാണ്. ശനിയാഴ്ചകളിൽ വ്രതമെടുത്ത് സ്വരസ്വതി ദേവിയെ ഭജിച്ചാൽ നല്ല ഫലം ലഭിക്കും. ചൊവ്വാഴ്ചകളിൽ രാഹുകാലത്ത് നാരങ്ങാ വിളക്ക് തെളിച്ചാൽ രാഹു ദോഷങ്ങൾ ഒഴിഞ്ഞു പോകും. കേതു ദോഷങ്ങൾ തീർക്കാൻ ഗണപതി ഭഗവാനെ
ഉപാസിച്ചാൽ മതി. രാഹുകേതുക്കളുടെ അനുഗ്രഹം ഒരു പോലെ ലഭിക്കുന്നതിന് ശ്രീപരേശ്വരനെയാണ് പ്രാർത്ഥിക്കേണ്ടത്. രാഹു കേതു ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ സന്നിധി കാളഹസ്തിയാണ്.
കഷ്ടപ്പാടുകളിൽ മുങ്ങിയവർക്ക് രാഹുകേതുക്കളുടെ അനുഗ്രഹം മുക്തി നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റി സമ്പത്തും സമുദ്ധിയും കെെവരാൻ രാഹുകേതുക്കൾ സഹായിക്കും. ഇതിനായി രാഹുവിനെയും കേതുവിനെയും ഇഷ്ട മന്ത്രം ചൊല്ലി ഭക്തി പൂർവ്വം ഉപാസിച്ച് പ്രസാദിപ്പിക്കണം. രാഹുകേതുക്കൾ പ്രസാദിച്ചാൽ അപ്രതീക്ഷിതമായി സമ്പത്തുണ്ടാകും എന്ന് അനുഭവസ്ഥർ ശരിവയ്ക്കുന്നു.
ദാരിദ്ര്യ ദുരിതം അനുഭവിക്കുന്നവർ രാഹു കേതു പ്രീതി വരുത്തുന്നതിനൊപ്പം തുടർച്ചയായി 41ദിവസം എല്ലാം ത്യജിച്ച് ചുടല ഭസ്മം ധരിച്ച ശ്മശാനവാസിയായ ശിവനെ സങ്കല്പിപിച്ച് പ്രാർത്ഥിക്കണം. എല്ലാം കളഞ്ഞ്
എരുതിലേറിവരുന്ന ശംഭു തീർച്ചയായും അനുഗ്രഹിക്കും. ശിവമന്ത്രങ്ങൾ ചൊല്ലി ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് തന്നെ പ്രാർത്ഥനയും പറ്റുമെങ്കിൽ തേനും വഴിപാട് നടത്തണം. അതു കഴിഞ്ഞ് ചെയ്താൽ ഫലമുണ്ടാകില്ല. മുടങ്ങാതെ 41ദിവസം ഈ സങ്കല്പത്തിൽ ശിവപൂജ ചെയ്താൽ ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ കണ്ടു തുടങ്ങും. സമ്പത്ത്, മനോബലം, വീര്യം, സന്തോഷം, സമാധാനം ഇവയെല്ലാം കൈവരും.
ഏതൊരു കാലത്തും ഈ ഉപസനയിലൂടെ നേടുന്ന ശിവപ്രീതി ധനാഗമനത്തിനു വഴി തുറക്കുന്നതിനൊപ്പം രാഹു, കേതു, ശനി ഗ്രഹങ്ങൾ സൃഷ്ടിക്കുന്ന ദോഷങ്ങളുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യും.
ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com
Summary: Shiva Pooja for removing Rahul Kethu Dosha
Copyright 2024 Neramonline.com. All rights reserved