Friday, 22 Nov 2024

വ്യാപാരവിജയത്തിന് എല്ലാ ലക്ഷ്മിമാരും ലയിക്കുന്ന സിദ്ധലക്ഷ്മിയെ ഭജിക്കാം

തരവത്ത് ശങ്കരനുണ്ണി
ഐശ്വര്യാഭിവൃദ്ധിക്കായി അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്ന 16 ദിവസത്തെ സിദ്ധലക്ഷ്മി വ്രതം
2024 സെപ്തംബർ 11 ബുധനാഴ്ച ആരംഭിക്കും. ഭാദ്രപദത്തിലെ വെളുത്ത അഷ്ടമിയിലാണ് തുടക്കം. അടുത്ത കൃഷ്ണപക്ഷ അഷ്ടമിയിൽ സമാപിക്കും.
ഈ 16 ദിവസത്തെ ആരാധന ഉത്തരേന്ത്യയിലാണ്
വലിയ വിശേഷം. തെക്കേ ഇന്ത്യയിൽ ആദ്യ ദിവസം
മാത്രം സിദ്ധലക്ഷ്മി വ്രതമായി ആചരിക്കുന്നു.
ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഭദ്രകാളി ബാലകുമാരി എന്നിങ്ങനെ ഭിന്നഭാവങ്ങളിൽ ഭക്തർക്ക് ദർശനം നൽകുന്ന ദേവിയാണ് സിദ്ധലക്ഷ്മി. ആദികാരണിയായ ഈ ദേവിയെപ്പറ്റി പറയുന്നത് ബ്രഹ്മപുരാണത്തിലാണ്. ദേവിക്ക് ആറുകൈകളും നാലുമുഖങ്ങളും മൂന്നു കണ്ണുകളും ഉള്ളതായി പറയപ്പെടുന്നു. ബാക്കിയുള്ളത് അന്തർനേത്രങ്ങളാണ്. ഖഡ്ഗം, ത്രിശൂലം, പത്മം, ചക്രം, ഗദ ഇവ കൈകളിൽ ധരിച്ചിരിക്കുന്നു. മഞ്ഞവസ്ത്രമാണ് ഇഷ്ടം. അലങ്കാരപ്രിയയാണ്. തേജസ്‌ ശരീരത്തിൽ നിന്നും സ്ഫുരിച്ചു കൊണ്ടേയിരിക്കുന്നു. ബാലികയാണ്.

അ, ഉ, മ എന്നിവ ചേർന്ന ഓങ്കാരം ലക്ഷ്മി, വിഷ്ണു, അവ്യയമായ ഹൃദയം, ആനന്ദം എന്നിവയെ സൂചിപ്പിക്കുന്നു. ഹ്രീം കാരം ഭൂവനേശ്വരീ ബീജമാണ്. ക്ലീം കാരം ജരാനരകളില്ലാത്ത അമൃതനന്ദിനിയെയും ഭദ്രയേയും അതിയായ ആനന്ദം നൽകുന്നവളെയും ശ്രീം കാരം അസുരന്മാരെ നിഗ്രഹിക്കുന്ന ശക്തിയെയും മാലിനിയെയും ശത്രുമർദ്ദിനിയെയും സൂചിപ്പിക്കുന്നു.

തേജസിനെ പ്രകാശിപ്പിക്കുന്നവളാണ് ദേവി. ഇഷ്ടവരം നൽകും. ശുഭകാരിണിയാണ്. ബ്രാഹ്മി, വൈഷ്ണവി, രൗദ്രി, കാളികാരൂപിണീ എന്നിങ്ങനെ രൂപഭാവങ്ങളുണ്ട്.
‘അ’കാരത്തിൽ ലക്ഷ്മിയും ‘ഉ’കാരത്തിൽ വിഷ്ണുവ ‘മ’കാരത്തിൽ അവ്യക്തമായ പുരുഷനുമായി ദേവി ‘പ്രണവം’ (ഓം) തന്നെയായിരിക്കുന്നു.

കോടി കോടി സൂര്യചന്ദ്രന്മാരുടെ സമമായ പ്രഭയോടുകൂടിയ ബ്രഹ്മരൂപത്തിന്റെ മദ്ധ്യത്തിലാണ് ദേവി സ്ഥിതിചെയ്യുന്നത്. ‘ഓം’ കാരം ഉൽകൃഷ്ടമായ ആനന്ദമാണ്. സിദ്ധലക്ഷ്മി, മോഹലക്ഷ്മി, ആദ്യലക്ഷ്മി, അനന്തലക്ഷ്മി, സന്താനലക്ഷ്മി തുടങ്ങി എല്ലാ ലക്ഷ്മിമാരും ഈ ദേവിയിൽ ലയിക്കുന്നു.

വ്യാപാരവിജയത്തിനും വാണിജ്യ പുരോഗതിക്കും
ശ്രീ മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താൻ ഉത്തമമായ ഒരു
മന്ത്രവും സിദ്ധലക്ഷ്മിയുടെ പേരിലുണ്ട്. ദിവസവും സന്ധ്യയ്ക്ക് ശ്രീദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 108 തവണ വീതം ഈ മന്ത്രം ജപിക്കണം. കുറച്ചു നാൾ സിദ്ധലക്ഷ്മി മന്ത്രം പതിവായി ജപിച്ചാൽ വ്യാപാരത്തിലും വാണിജ്യത്തിലും അത്ഭുതകരമായ വിജയം നിങ്ങൾക്ക് അനുഭവിച്ചറിയാം.

സിദ്ധലക്ഷ്മി മന്ത്രം
ഓം ശ്രീം ഹ്രീം ശ്രീം ക്ലീം ശ്രീ സിദ്ധലക്ഷ്മ്യൈ നമഃ

ബിസിനസ്സിൽ മാത്രമല്ല ജീവിതത്തിന്റെ സമസ്ത
മേഖലകളിലും എല്ലാ വിധത്തിലുമുള്ള ഉയർച്ചയ്ക്കും
ഉത്തമമായ അത്ഭുതകരമായ ഫലസിദ്ധി പ്രതീക്ഷിക്കാവുന്ന മറ്റൊരു സിദ്ധലക്ഷ്മി മന്ത്രവും
പ്രസിദ്ധമാണ്. ഈ മന്ത്രം ദിവസവും സന്ധ്യയ്ക്ക്
ശ്രീദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 108 തവണ ജപിക്കണം.

സിദ്ധലക്ഷ്മി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ശ്രീ സിദ്ധലക്ഷ്മ്യൈ നമഃ

ഈ മന്ത്രങ്ങൾ ജപിക്കാൻ പ്രത്യേകിച്ച് വ്രത നിഷ്ഠകൾ ബാധകമല്ല. എന്നാൽ ശരീര ശുദ്ധിയും മന:ശുദ്ധിയും ബാധകമാണ്. ജപിക്കുന്നത് വൃത്തിയും ശുദ്ധിയുമുള്ള
ഒരു സ്ഥലത്തിരുന്ന് വേണം.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: +919847118340

Story Summary: Sidda Lakshmi Vritham and Powerful
Sidda Lakshmi Mantras for success in business and Life

error: Content is protected !!
Exit mobile version