ശനിപ്രദോഷം ജനുവരി 11 ന് ; ശിവപൂജ നടത്തിയാൽ എല്ലാ ഗ്രഹപ്പിഴകളും മാറ്റാം
ജോതിഷരത്നം വേണുമഹാദേവ്
ശനിദോഷങ്ങൾ അകറ്റുന്നതിന് ശനിപ്രദോഷ ദിവസം സന്ധ്യയ്ക്ക് ശിവക്ഷേത്ര ദർശനം നടത്തുന്നതും അന്ന്
പ്രദോഷം വ്രതം അനുഷ്ഠിക്കുന്നതും ഏറ്റവും നല്ലതാണ്. ശനിഗ്രഹദോഷം അകറ്റാനുള്ള ശക്തി പ്രദോഷ
വ്രതാനുഷ്ഠാനത്തിനും ശിവക്ഷേത്ര സന്നിധിയിൽ അന്ന് നടത്തുന്ന ജലധാര, കൂവളാർച്ചന, പിന്‍വിളക്ക് തുടങ്ങിയ വഴിപാടുകൾക്കും ഉണ്ട്. 2025 ജനുവരി11 ശനിയാഴ്ച വരുന്ന ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം ശനി പ്രദോഷമാണ്. ഈ ദിവസം വ്രതമെടുത്ത് ശിവപൂജ ചെയ്യുന്നവരുടെ എല്ലാ ശനിദോഷങ്ങളും മാറും.
ഗോചരാൽ ഇപ്പോൾ ശനിദോഷം അനുഭവിക്കുന്നവരും ശനിദശയിലും ശനി അപഹാരത്തിലും കഴിയുന്നവരും ശനിപ്രദോഷം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ ശനിദോഷം മാത്രമല്ല സർവ്വദു:ഖങ്ങളും അകലും. ഏഴരശനി
കണ്ടകശനി, അഷ്ടമശനി തുടങ്ങിയവയുടെ ദോഷങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് മകരം, കുംഭം, മീനം, ഇടവം, ചിങ്ങം, കർക്കടകം, വൃശ്ചികം എന്നീ രാശിക്കാരാണ്. അതായത് കാർത്തിക (ഇടവക്കൂറ്) രോഹിണി, മകയിരം (ഇടവക്കൂറ്), പുണർതം ( മിഥുനക്കൂറ്), പൂയം, ആയില്യം, മകം, പൂരം, ഉത്രം (ചിങ്ങക്കൂറ്), വിശാഖം ( വൃശ്ചികക്കൂറ്) അനിഴം, തൃക്കേട്ട, ഉത്രാടം ( മകരക്കൂറ് ), തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്ര ജാതരാണ്. 2025 മാർച്ച് 29 ന് ശനി മീനം രാശിയിൽ പകരുമ്പോൾ ഇതിൽ മകരം, ഇടവം, വൃശ്ചികം, രാശിക്കാർക്ക് ഗോചര ശനിദോഷങ്ങളിൽ നിന്നും മോചനം ലഭിക്കും.
എന്തായാലും ശനിപ്രദോഷ നാളിൽ ഒരുപിടി കറുകയോ അരിയോ ശർക്കരയോ ശിവക്ഷേത്രത്തിൽ സമർപ്പിച്ച് നെയ്യ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ ശനിദോഷത്തിന്റെ ഉഗ്രത കുറയുമെന്നാണ് വിശ്വാസവും അനുഭവവും.
മുപ്പത്തിമുക്കോടി ദേവകളും ശിവഭഗവാനെ വണങ്ങുന്ന ത്രയോദശി പ്രദോഷവേളയിൽ ശിവക്ഷേത്രത്തിൽ പ്രദോഷപൂജയിൽ പങ്കെടുക്കുന്നവർക്ക് സർവ്വനന്മകളും ഉണ്ടാകും. പ്രദോഷവ്രതം നോറ്റാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല. രണ്ടുപക്ഷത്തിലും ത്രയോദശി തിഥി സസ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷം.
അസ്തമയത്തിന്ന് തൊട്ടുമുമ്പുള്ള ഒന്നര മണിക്കൂറും പിന്നീടുള്ള ഒന്നര മണിക്കൂറും ഉൾപ്പെടുന്ന മൂന്ന് മണിക്കൂർ, അതായത്, വൈകിട്ട് ഏകദേശം 5 മണി മുതൽ 8 മണിവരെ പ്രദോഷവേള തന്നെയാണ്. ഇങ്ങനെ നിത്യവും പ്രദോഷവേളയുണ്ടെങ്കിലും ത്രയോദശിനാളിൽ വരുന്ന പ്രദോഷം സവിശേഷവും ശിവപ്രീതികരവുമാണ്.
രാവിലെ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ വിളക്ക് കത്തിച്ച് കഴിയുന്നത്ര നേരം ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപുരാണം, അഷേ്ടാത്തര ശതനാമാവലി, സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമം. പകൽ ഉപവാസിക്കണം. അല്ലെങ്കിൽ പാലോ പഴച്ചാറോ മാത്രം കഴിച്ച് വ്രതമെടുക്കാം. വൈകുന്നേരം പ്രദോഷ സമയത്ത് സമീപമുള്ള ശിവക്ഷേത്രത്തിൽ ശിവദർശനം നടത്തി അവിടെ നിന്ന് നല്കുന്ന ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.
മൂലമന്ത്രം
ഓം നമഃ ശിവായ
പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം
ജോതിഷരത്നം വേണുമഹാദേവ്
+91 9847475559
Story Summary: Significance and Benefits of Shani Pradosha Vritham
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved