Friday, 10 Jan 2025

ശിവനെ തണുപ്പിക്കുന്ന ശിവാഷ്ടകം ജപിച്ചാൽ ജീവിതസുഖങ്ങൾ എല്ലാം ലഭിക്കും

മംഗള ഗൗരി
അഭീഷ്ടങ്ങൾ സഫലീകരിക്കുന്നതിന് ഉത്തമമായതും അഷ്‌ടൈശ്വര്യങ്ങൾ സമ്മാനിക്കുന്നതുമായ വിശിഷ്ട ശിവ സ്തുതിയാണ് ശിവാഷ്ടകം. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശിവഭഗവാനെ ശാന്തനാക്കാൻ
ഏറെ നല്ലതാണ് ശിവാഷ്ടകജപം. ഇത് നിത്യേന രാവിലെ ജപിക്കുക. ധന, ധാന്യ, മിത്ര, കളത്രാദികളെല്ലാം കിട്ടും.
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജം ഭവൽ ഭവ്യ ഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശംഭു മീശാന മീഢേ എന്നാണിത് തുടങ്ങുന്നത്.

ബ്രഹ്മവൈവർത്ത പുരാണത്തിലാണ് ശിവാഷ്ടകം ഉൾപ്പെട്ടിരിക്കുന്നത്. ഭഗവാൻ ശിവശങ്കരനാൽ അസാധ്യമായതൊന്നുമില്ല. സകലചരാചരങ്ങളുടെയും പരമാത്മാവായ ഭഗവാനെ അഭയം പ്രാപിച്ചാൽ ജീവിതസുഖങ്ങൾ എല്ലാം ലഭിക്കും. ജീവിതാന്ത്യത്തിൽ മോക്ഷം ലഭിക്കുമെന്നും ശിവപുരാണത്തിൽ പറയുന്നു. ഭസ്മധാരണം ശിവ പ്രീതികരമാണ്. പ്രഭാതത്തിൽ കുളിച്ചു ഭസ്മം തൊട്ടശേഷം ശിവാഷ്ടകം ഭക്തിയോടെ ജപിക്കുക. എല്ലാ മാനോകാമനകളും സഫലമാക്കുക.

1
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവത് ഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ശ്രീപരമേശ്വരൻ പ്രഭുവും പ്രാണനാഥനുമാണ്. ലോകാധിപതിയാണ്. ജഗന്നാഥനാണ്. എപ്പോഴും
സന്തുഷ്ടനാണ്. ത്രികാല അധിപനും ശിവശങ്കരനും ശംഭുവുമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഭഗവാനെ നമസ്‌കരിക്കുന്നു. )

2
ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാധിപാലം
ജടാചൂട ഗംഗോത്തരം ഗൈർവിശിഷ്യം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(തലയോട്ടി കൊണ്ടുള്ള ഹാരം കഴുത്തിൽ അണിഞ്ഞ, ശരീരത്തിൽ സർപ്പങ്ങളെ ധരിക്കുന്ന കാലകാലനും ഗണപാലകനും ജടക്കെട്ടിൽ ഗംഗയുടെ തിരയിളക്കത്തോടു കൂടിയവനുമായ ഭഗവാനെ ഞാൻ പ്രണമിക്കുന്നു.)

3
മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിം യപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ഐശ്വര്യത്തിന്റെ ഇരിപ്പിടവും ആഭരണങ്ങൾ ധരിച്ചവനും സദാ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നവനും ഭസ്മം പൂശിയവനും ആദിയും അന്തവും ഇല്ലാത്തവനും മോഹങ്ങളെ സംസ്‌കരിക്കുന്നവനുമായ ഭഗവാനെ ഞാൻ സ്തുതിക്കുന്നു.)

4
വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ആകാശത്തിനു കീഴിൽ പാർക്കുന്നവനും, ഉച്ചത്തിൽ അട്ടഹസിക്കുന്നവനും പാപത്തെ സംഹരിക്കുന്നവനും പ്രകാശ പൂരിതനും ഗിരീശനും ഗണേശനും മഹേശനുമായ ശിവ ഭഗവാനെ ഞാൻ വണങ്ങുന്നു.)

5
ഗിരീന്ദ്രാത്മജാ സംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാപന്നഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(സ്വശരീരം പാർവ്വതിദേവിക്കു പകുത്തുനൽകിയ അർദ്ധനാരീശ്വരനും പർവതവാസിയും ഭവനമില്ലാത്തവനും ബ്രഹ്മാദികളാൽ സ്തുതിക്കപ്പെടുന്നവനും ശിവനും ശങ്കരനും ഗർവനുമായ പരമേശ്വരനെ നമിക്കുന്നു.)

6
കപാലം ത്രിശൂലം കരാഭ്യാം ദധാനം
പദാംഭോജ നമ്രായ കാമം ദധാനം
വലീവർദ്ദയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(തലയോട്ടിയും ത്രിശൂലവും കൈകളിൽ വഹിച്ചവനും പാദങ്ങളിൽ നമിക്കുന്ന ഭക്തർക്ക് ആഗ്രഹങ്ങളെ സാധിച്ചുകൊടുക്കുന്നവനും കാള വാഹനനും ദേവദേവനുമായ ഈശ്വരനു മുന്നിൽ കൈകൂപ്പുന്നു.)

7
ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ശരച്ചന്ദ്രന്റെ വെൺമയെ വെല്ലുന്ന തിളങ്ങുന്ന മേനിയുള്ള അഷ്ടഗുണങ്ങൾക്കും അഷ്ടൈശ്വര്യങ്ങൾക്കും ഇരിപ്പിടവും മൂന്നു നയനങ്ങളുള്ളവനും കുബേരമിത്രനും പാർവതീ
വല്ലഭനും അദ്ഭുത ചരിതനുമായ പരമേശ്വരനെ പ്രാർത്ഥിക്കുന്നു.)

8
ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ

(ഹരനും സർപ്പഹാരമണിഞ്ഞവനും ശ്മശാനത്തിൽ വിഹരിക്കുന്നവനും വേദപ്പൊരുളും നിർവികാരനും കാമനെ ചുട്ടുചാരമാക്കിയവനുമായ സംഹാര മൂർത്തിയുടെ പാദാരവിന്ദങ്ങളിൽ പ്രണമിക്കുന്നു.)

9
സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹപ്രാപ്യരത്നം
സു പുത്രം സു ധാന്യം സു മിത്രം കളത്രം
വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി

(ശിവഷ്ടകം നിത്യവും രാവിലെ ഭക്തിയോടെ പാരായണം ചെയ്യുന്നവർക്ക് സൽസന്താനം, ധനം, ധാന്യം, മിത്രം, കളത്രം, മോക്ഷം എന്നിവ ലഭ്യമാകുമെന്ന് പറയുന്നു )

Story Summary: Significance and Benefits of Siva Ashtaka Japam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version