Friday, 20 Sep 2024

ദൈവങ്ങൾ പ്രസാദിക്കാൻ കർക്കടക വാവ് ബലി അനിവാര്യം

ജ്യോതിഷി പ്രഭാസീന സി പി
ജീവിതത്തിൽ നിർബന്ധമായും അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിൽ ഏറ്റവും പ്രധാന യജ്ഞമാണ് പിതൃയജ്ഞം അഥവാ പിതൃബലി. മനുഷ്യ ജന്മമെടുത്ത നാം ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അഞ്ചു വിധം പാപങ്ങളുടെയും കടങ്ങളുടേയും പരിഹാരത്തിനാണ് ഈ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്. ദോഷങ്ങളിൽ വച്ച് ഏറ്റവും വലുത് പിതൃദോഷമാണെന്ന് പറയപ്പെടുന്നു . അതുകൊണ്ട് പിതൃദോഷമുള്ളവർ
ബലിയിടാതെ പുലയോ ജപമോ വഴിപാടുകളോ എന്ത് അനുഷ്ഠിച്ചാലും അതിന് യാതൊരു വിധ പ്രയോജനവും ലഭിക്കില്ല എന്നാണ് വിശ്വാസം. പിതൃക്കൾ പ്രസന്നരായെങ്കിലേ ദൈവങ്ങളും പ്രസാദിക്കുകയുള്ളൂ.

അതിനാൽ എന്തെല്ലാം തിരക്കുകൾ വരിഞ്ഞു മുറുക്കിയാലും പിതൃക്കളെ ഒരിക്കലും വിസ്മരിക്കരുത്. ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാവിധ ഐശ്വര്യങ്ങൾക്ക് പിന്നിലും പിതൃക്കളുടെ അനുഗ്രഹവും വാത്സല്യവുമാണുള്ളത് എന്നത് പ്രത്യേകം ഓർക്കണം. അതിനാൽ പിതൃക്കളോടുള്ള ഉപകാരസ്മരണ നമുക്ക് എന്നും ഉണ്ടായിരിക്കണം. വരും തലമുറ ഇത് നമ്മിൽ നിന്ന് കണ്ടു മനസ്സിലാക്കുകയാണ് എന്നതാണ് സത്യം.

ആരൊക്കെയാണ് പിതൃക്കൾ
പൂർവ്വികർ എന്നു പറയുന്നതും പിതൃക്കൾ എന്നു പറയുന്നതും ഉറ്റ ബന്ധുക്കൾ മാത്രമല്ല. അദ്ധ്യാപകർ, സുഹൃത്തുക്കൾ, ഉപദേശകർ, മാതൃകാപുരുഷൻമാർ എന്നിങ്ങനെ നമ്മുടെ വളർച്ചയ്ക്കും ഉന്നതിക്കും സഹായിച്ചവരെല്ലാം ഈ ഗണത്തിൽ വരും. അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിത്യദോഷമുണ്ടാകുന്നത്. ബലികർമ്മങ്ങൾ അനുഷ്ഠിക്കുബോൾ അവരെയും സ്മരിക്കണം

പിതൃദോഷ ലക്ഷണങ്ങൾ
പിതൃദോഷമുള്ളവർക്ക് അത് സ്വന്തം അനുഭവങ്ങളിൽ നിന്നും ബോധ്യമാകുമെന്നാണ് ജ്യോതിഷം പറയുന്നത്.
അതിനാൽ പ്രധാനപ്പെട്ട ചില പിതൃദോഷ ലക്ഷണങ്ങൾ
പറയാം:
▪️കുഞ്ഞുങ്ങൾക്ക് ആവർത്തിച്ചാവർത്തിച്ച് രോഗം വരിക.
▪️ വിവാഹിതർക്ക് ഗർഭം ധരിക്കാൻ തടസ്സമുണ്ടാകുക
▪️കുടുംബത്തിൽ തുടർച്ചയായി പെൺകുട്ടികൾ മാത്രം ജനിക്കുക
▪️ മതിയായ കാരണമില്ലാതെ കുടുംബ കലഹം പതിവാകുക
▪️ വിദ്യാഭ്യാസത്തിനോ തൊഴിലിനോ മുരടിപ്പോ
തടസ്സമോ നേരിടുക
▪️ വിദ്യാഭ്യാസം , തൊഴിൽ മറ്റ് കാര്യങ്ങളിലെ വിജയം എന്നിവയ്ക്ക് അനുകൂലമല്ലാത്ത അവസ്ഥയുണ്ടാകുക
▪️ കുടുംബത്തിന് ഉന്നതി ലഭിക്കാതിരിക്കുകയും സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുക
▪️ മന്ത്രവാദത്തിന്റെയും അഭിചാരത്തിന്റെയും ഫലമായി കുടുംബം തകരുക. കുടുംബാംഗങ്ങളിൽ ചിലർക്ക് ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാകുക. ഇത്തരത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാവും

കർക്കടകം, തുലാം വാവ് പ്രധാനം
വർഷത്തിൽ രണ്ട് വാവിനാണ് പ്രാധാന്യം. കർക്കടത്തിലെയും തുലാത്തിലെയും വാവുകൾ പിതൃക്കളുടെ രണ്ട് സന്ധ്യകൾ അതായത് പ്രഭാത സന്ധ്യയും പ്രദോഷ സന്ധ്യയുമാണ് എന്നാണ് കണക്കാക്കുന്നത്. ഇത്തവണ കർക്കടകവാവ് 2024 ആഗസ്റ്റ് 3 ആണ് കൂടുതൽ പേരും ആചരിക്കുന്നത്. അമാവാസി തിഥി രാവിലെയുള്ള ആഗസ്റ്റ് 4 ന് രാവിലെ ബലിതർപ്പണം ആചരിക്കുന്നവരുമുണ്ട്.

ബലിതർപ്പണം സ്നേഹാഞ്ജലി
ശരീരം വിട്ട് പോകുവാൻ നിർബദ്ധിതരാകുന്ന പ്രാണൻ സ്വശരീര പ്രേമത്താൽ അവിടെ തന്നെ ഒട്ടി നിൽക്കാതിരിക്കുവാൻ ശരീരം അഗ്നിയിൽ ദഹിപ്പിച്ച് വെണ്ണീറാക്കി അതിനെ ജലത്തിൽ ലയിപ്പിക്കുന്നു. അവശേഷിക്കുന്ന അസ്ഥികൾ വേദമന്ത്രത്താൽ നീരാജനം ചെയ്യുന്നു. അങ്ങനെ ശരീര പ്രേമം വെടിഞ്ഞ് ആത്മാവിനെ പിതൃലോകം പൂകുവാൻ പ്രേരിപ്പിച്ച് മോക്ഷഗതിക്കായി പ്രാർത്ഥിക്കുന്നു. ഇങ്ങനെ പിതൃലോകത്ത് എത്തുന്ന ആത്മാക്കൾക്ക് വേണ്ടി ശ്രദ്ധയോടെ നമ്മുക്ക് ശ്രാദ്ധം ചെയ്യാം. “ശ്രദ്ധയാ ക്രിയ മാണം കർമ്മ ശ്രാദ്ധം” എന്ന് ആചാര്യമതം. ഇത് അനന്തര തലമുറയുടെ കടമയും കർത്തവ്യവും ആണ്. നമുക്ക് വേണ്ടി ഈ ജന്മം സമർപ്പിച്ചവർക്ക് നാം നൽകുന്ന സ്നേഹാഞ്ജലി.

ജ്യോതിഷി പ്രഭാസീന . സി.പി. .
+91 9961442256

Email ID: prabhaseenacp@gmail.com

Story Summary: Significance and importance of Karkidaka Vavu Bali Tharppanam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version