Friday, 22 Nov 2024

തുളസി വിവാഹനാൾ നെയ് വിളക്ക് തെളിക്കൂ ദാമ്പത്യ ക്ലേശവും വിവാഹതടസവും മാറും

മംഗള ഗൗരി
ദാമ്പത്യബന്ധം ദൃഢമാകാനും ദാമ്പത്യകലഹങ്ങളും വിവാഹ തടസ്സങ്ങളും നീങ്ങാനും കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ പിറ്റേന്ന് വരുന്ന തുളസീ വിവാഹപൂജ ആചരിക്കുന്നത് ഉത്തമാണ്. വിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ വിശുദ്ധ സസ്യം തുളസിയും തമ്മിൽ വിവാഹിതരായ സുദിനം എന്ന സങ്കല്പത്തിലാണ് കാർത്തിക മാസത്തിലെ ദ്വാദശി നാൾ, ഇത്തവണ 2024 നവംബർ 13 ന് തുളസി വിവാഹപൂജയായി ആഘോഷിക്കുന്നത്. തെലുങ്ക്ദേശത്തും ഗുജറാത്തിലും ഹിന്ദി ഭൂമിയിലുമെല്ലാം തുളസീമംഗല്യ പൂജ, മൺസൂൺ കാലം കഴിഞ്ഞുള്ള വിവാഹ സീസണിന്റെ പ്രാരംഭമാണ്. കാർത്തിക മാസത്തിലെ പന്ത്രണ്ടാം നാൾ തുളസി വിവാഹ പൂജ ആഘോഷിക്കുന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവാഹ സീസൺ ആരംഭിക്കും. തുളസി പൂജ ചില സ്ഥലങ്ങളിൽ കാർത്തിക മാസത്തിലെ ദ്വാദശി മുതൽ 5 ദിവസം പൗർണ്ണമി വരെ ആഘോഷിക്കാറുണ്ട്. കാർത്തിക പൗർണ്ണമി നാളിൽ തുളസീ മംഗല്യപൂജയോടെ ആഘോഷങ്ങൾ സമാപിക്കും. തുളസീമംഗല്യ ദിവസമായ നവംബർ 13 ന് മംഗല്യതടസ്സം മാറാൻ യുവതികളും ദാമ്പത്യ ബന്ധം ദൃഢമാകുന്നതിന് മംഗല്യവതികളും വ്രതമെടുത്ത് വഴിപാടുകൾ നടത്തുന്നത് പതിവാണ്. ഈ ദിവസം നെയ് വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കും

ഹൈന്ദവർ മാത്രമല്ല എല്ലാവരും പരിശുദ്ധമായി കരുതുന്ന ചെടിയാണ് തുളസി. വിഷ്ണുപത്‌നിയായ ലക്ഷ്മിദേവിയാണ് തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചതെന്ന് ദേവീ ഭാഗവതത്തിൽ പറയുന്നു. ഗംഗയും ലക്ഷ്മിയും സരസ്വതിയും ഒരുകാലത്ത് മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്നു. അക്കാലത്ത് ഒരിക്കൽ ഇവർ തമ്മിൽ കലഹം മൂത്തപ്പോൾ ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി തീരട്ടെയെന്ന് സരസ്വതി ശപിച്ചു. ഇതു കേട്ടു നിന്ന ഗംഗ സരസ്വതിയെ ശപിച്ച് നദിയാക്കി. ഗംഗ നദിയായി ഭൂമിയിൽ ഒഴുക്കട്ടെ എന്ന് സരസ്വതിയും ശപിച്ചു.

കലഹം കഴിഞ്ഞപ്പോൾ മഹാവിഷ്ണു ലക്ഷ്മിയോട് പറഞ്ഞു: ദേവീ ഇങ്ങനെയെല്ലാം സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യമായ ആവശ്യമാണ് ; അത് ഒഴിവാക്കാൻ ആർക്കും കഴിയില്ല. ദേവി സങ്കടപ്പെടരുത്;
ദേവി ഭൂമിയിൽ ധർമ്മധ്വജന്റെ പുത്രിയായി ജനിച്ച് വളരും. അവിടെ ദേവി ഈശ്വരേശ്ചയാൽ മൂന്നു ലോകങ്ങളെയും വിമലീകരിക്കുന്ന ചെടിയായിത്തീരും. ആ ചെടിക്ക് തുളസി എന്നു പേരു കിട്ടും. ആ ഘട്ടത്തിൽ തന്നെ എന്റെ അംശമായി ശംഖചൂഡൻ എന്ന അസുരൻ ഭൂമിയിൽ ജനിക്കും. ആ അസുരൻ നിന്നെ ഭാര്യയാക്കും. ഈ ദൈവഹിതം പൂർത്തിയാക്കിയ ശേഷം ദേവിക്ക് തിരിച്ചു പോരാം എന്ന് അരുളിച്ചെയ്തു.

അങ്ങനെ ധർമ്മധ്വജന് മാധവി എന്ന ഭാര്യയിൽ ലക്ഷ്മി ദേവി തുളസിയായി ജനിച്ചു. സുദാമാവെന്ന ഗോപാലൻ ശംഖചൂഡൻ എന്ന അസുരനായും ജനിച്ചു. ഈ അസുരൻ വിഷ്ണു കവചം സമ്പാദിച്ച് തുളസിയെ വിവാഹം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ശംഖചൂഡൻ പരമശിവനുമായി യുദ്ധത്തിന് മുതിർന്നു. ഭഗവാൻ ശംഖചൂഡനെ വധിച്ചപ്പോൾ മഹാവിഷ്ണു തുളസിയുടെ അടുത്തെത്തി ശാപമോക്ഷം നൽകി.

തുളസിയുടെ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തിൽ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്നു ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരുമെന്നും മഹാവിഷ്ണു അനുഗ്രഹിച്ചു. അതിനു ശേഷം ലക്ഷ്മീരൂപം തിരിച്ചു കിട്ടിയ ദേവി മഹാവിഷ്ണുവിനൊപ്പം വൈകുണ്ഠത്തിലേക്കു പോയി.

തുലാസപ്പെടുത്താൻ കഴിയാത്തവൾ, ഉപമിക്കാൻ . കഴിയാത്തവൾ എന്നാണ് തുളസി എന്ന വാക്കിന്റെ അർത്ഥം. തുളസി ദേവിക്ക് ഒരു അഷ്ടകമുണ്ട്; എട്ടു നാമങ്ങൾ ചേർന്ന നാലുവരിയാണ് തുളസീനാമാഷ്ടകം:

വൃന്ദ, വൃന്ദാവനീ വിശ്വ-
പൂജിതാ വിശ്വപാവനീ
നാന്ദിനീ പുഷ്പസാരാഖ്യ
തുളസീ കൃഷ്ണ ജീവനി

ഈ അഷ്ടകം തുളസി ദളാർച്ചനയോടെ നിത്യവും ജപിക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യവുമുണ്ടാകും. അങ്ങേയറ്റം ശ്രേഷ്ഠമായ ഒരു കർമ്മമാണിത്. കാർത്തിക മാസത്തിലെ 12 ദിവസമാണ് തുളസി പൂജയ്ക്ക് വിധിച്ചിരിക്കുന്നത്. ദാമോദര മാസമായാണ് കാർത്തികയെ സങ്കല്പിക്കുന്നത്. തുളസീ പൂജാ കാലത്ത് ഒരു ദിവസം ശ്രീകൃഷ്ണനെ സകല്പിച്ച് ഒരു നെയ് വിളക്ക് കത്തിച്ച് ഭഗവാന്റെ ചിത്രത്തിൽ മുന്നിൽ ഏഴ് തവണ ഉഴിഞ്ഞ് സമർപ്പിച്ച് ഒരു കോടി ദീപം തെളിച്ച പുണ്യം ലഭിക്കും.

Story Summary: Significance and Rituals of Thulasi Vivaha Pooja on the Sukla paksha Dwadashi of month of Kartik

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version