Wednesday, 18 Dec 2024

ഗുരുവായൂർ ഏകാദശി ദർശനത്തിന് കഴിയാത്തവർക്ക് ഇതെല്ലാം ചെയ്യാം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ശകവർഷത്തിലെ മാര്‍ഗ്ഗശീര്‍ഷ
മാസത്തിൽ വ തന്ന ഈ ദിവസത്തെ ഉത്ഥാനഏകാദശി, പ്രബോധിനി ഏകാദശി എന്നെല്ലാം പറയാറുണ്ട്. വിഷ്ണു ഭഗവാന്‍ ചതുർമാസ്യം കഴിഞ്ഞ് പള്ളിയുറക്കം ഉണരുന്ന ദിവസമായും ഗോവര്‍ദ്ധനോദ്ധാരണം വഴി ദേവേന്ദ്രന്റെ അഹങ്കാരം ശമിപ്പിച്ച ശ്രീകൃഷ്ണഭഗവാനെ കാമധേനു പാലഭിഷേകം നടത്തിയ ദിനമായും ഇതിനെ പറയുന്നു. ഓരോ ഏകാദശിക്കും അവയുടെ പ്രത്യേകതകൾ പ്രകാരം ഓരോ പേരുണ്ട്. ഓരോന്നിന്റെയും പ്രാധാന്യം മനസ്സിലാക്കി വേണം അനുഷ്ഠാനം. ദുരിതശാന്തിയും സമ്പൽ സമൃദ്ധിയും മോക്ഷവുമാണ് ഗുരുവായൂർ
ഏകാദശിയുടെ ഫലം. ഡിസംബർ 11ബുധനാഴ്ചയാണ് ഗുരുവായൂർ ഏകാദശി .

മൂന്ന് ദിവസം വ്രതം
ഏകാദശി വ്രതാനുഷ്ഠാന ലക്ഷ്യം ഭൗതികമായസുഖമല്ല; പരമമായ മോക്ഷപ്രാപ്തിയാണ്. എന്നാൽ ഏകാദശി
അനുഷ്ഠിക്കുന്നവർക്ക് സാധാരണഗതിയിൽ അളവറ്റ ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകുന്നത് മിക്കവരുടെയും അനുഭവമാണ്. എങ്കിലും ഈ മോഹത്തോടെയാകരുത് വ്രതാനുഷ്ഠാനം. മോക്ഷദായകനായ വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തി മോക്ഷം നേടുക തന്നെയാകണം ലക്ഷ്യം. ജന്മജന്മാന്തര പാപങ്ങൾ പോലും അകറ്റി ഒരുവനെ മോക്ഷപദത്തിൽ എത്തിക്കാൻ ഈ വ്രതത്തിന് കഴിയും. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിൽ നീണ്ടു കിടക്കുന്നതാണ് ഏകാദശി വ്രതം.

വ്രത നിഷ്ഠകൾ
ഏകാദശിയുടെ തലേദിവസമായ ദശമിക്ക് ഒരിക്കൽ എടുക്കണം. ഏകാദശി ദിനം പൂർണമായി ഉപവസിക്കുക. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരം ഒഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചനയും തുളസിമാല, നെയ്‌വിളക്ക് എന്നിവയും നടത്തി പ്രാർത്ഥിക്കണം. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. കഴിയുന്നത്ര തവണ ഓം നമോ നാരായണായ , ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. കാമ – ക്രോധ ലോഭ വികാരങ്ങൾ ബാധിക്കാതെ മനസ്സിനെ സൂക്ഷിക്കണം. തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും അരയാലിന് 7 പ്രദക്ഷിണം ചെയ്യുന്നതും ഉത്തമം. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശി ദിനം മുഴുവൻ വിഷ്ണുക്ഷേത്രത്തിൽ പൂജാദികർമങ്ങളിൽ പങ്കുകൊള്ളുന്നത്‌ ഉത്തമമാണ്. അന്ന് ഉറക്കമൊഴിയുന്നതും മൗനം ആചരിക്കുന്നതും നന്ന്. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി കഴിയുന്നതിന് 2 നാഴിക (48 മിനിറ്റ്) മുമ്പേ പാരണ വീട്ടി വ്രതം മുറിക്കാം. ദ്വാദശി തിഥിയുള്ളപ്പോൾ വേണം പാരണ വിടാൻ. മലരും തുളസിയിലയുമിട്ട തീർത്ഥം സേവിച്ച് പാരണ വിടാം. ദ്വാദശി നാളിലും ഒരിക്കലൂണ് പാലിക്കണം.

ഹരിവാസരവേള
ഏകാദശി വ്രതത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണ് പറയുക. ഈ സമയം അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്. 2024 ഡിസംബർ 11 ബുധനാഴ്ച രാത്രി 7 മണി 48 മിനിട്ടിന് തുടങ്ങുന്ന ഹരിവസര വേള 12 ന് രാവിലെ 6 മണി 44 മിനിട്ടിന് അവസാനിക്കും. ശ്രീഹരി വിഷ്ണു സാന്നിധ്യം ഭക്തർക്ക് ഏറ്റവുമധികം
അനുഭവിക്കാൻ കഴിയുന്ന ഹരിവാസരസമയത്ത് പൂർണ ഉപവാസം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ഈ സമയത്ത് ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന കലിദോഷനിവാരണ മന്ത്രം 108 തവണ വീതം ജപിക്കുന്നത് നല്ലതാണ്. വിഷ്ണു സഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശത നാമ സ്തോത്രം എന്നിവ ജപിക്കണം.

ഗുരുവായൂർ ദർശനം നടത്താൻ
കഴിയാത്തവർ ചെയ്യേണ്ടത്

ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ ദർശനം നടത്താൻ കഴിയാത്തവർ തലേന്ന് മുതൽ വ്രതം നോറ്റ് ഉദയത്തിന് മുൻപ് കുളിച്ച് വിഷ്ണു, ശ്രീകൃഷ്ണഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കിൽ വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അർച്ചന നടത്തുകയും വേണം. വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശത നാമ സ്തോത്രം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഗുരുവായൂർ ഏകാദശി ദിവസം വ്രതം നോൽക്കാൻ കഴിയാത്തവർ വിഷ്ണു ക്ഷേത്ര ദർശനം നടത്തി ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുന്നത് ഈശ്വരാനുഗ്രഹത്തിന് ഗുണപ്രദമാണ്.
ഗുരുവായൂർ ഏകാദശി നാൾ അഷ്ടാക്ഷരമന്ത്രവും ദ്വാദശാക്ഷര മന്ത്രവും കലിസന്തരണ മന്ത്രവും ഏറ്റവും കുറഞ്ഞത് 108 തവണ ജപിക്കണം

അഷ്‌ടാക്ഷരമന്ത്രം
ഓം നമോ നാരായണായ

ദ്വാദശാക്ഷരമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ

കലിസന്തരണ മന്ത്രം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ
ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

സപ്ത മന്ത്രം
1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ
5 ഓം ക്ലീം ഹൃഷീകേശായ നമ
6 ഓം ക്ലീം കൃഷ്ണായ ഗോഗോപീസുന്ദരായ ക്ലീം ശ്രീം
സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ

    ഈ ഏഴ് മന്ത്രങ്ങളും എല്ലാ ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ചൊല്ലുന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ
    മന്ത്രങ്ങൾ ചൊല്ലണം. ഒരു കാര്യം പ്രത്യേകം അറിയണം ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് വിശേഷമാണ്.

    വിഷ്ണു അഷ്ടോത്തരം


    തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
    +91 094-470-20655

    Significance, Myth, Rituals and Mantras of Guruvayoor Ekadeshi

    Copyright 2024 Neramonline.com. All rights reserved

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !!
    Exit mobile version