Saturday, 14 Sep 2024

ഈ ശനിയാഴ്ച അപൂർവ്വമായ പ്രദോഷം; ശിവ പ്രീതി നേടിയാൽ 12 ഇരട്ടിഫലം

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക് പൗർണമി പോലെ, വിഷ്ണുവിന് ഏകാദശി പോലെ മഹാദേവ ഉപാസനയ്ക്ക് ശ്രേഷ്ഠമായ ദിവസമാണ് പ്രദോഷം. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷവ്രതം മാത്രം അനുഷ്ഠിക്കുന്നവരുമുണ്ട്.

അപൂർവം ശനി പ്രദോഷം
2024 ആഗസ്റ്റ് 31 ശനിയാഴ്ച വരുന്ന ചിങ്ങമാസത്തിലെ കറുത്തപക്ഷ പ്രദോഷം ശനി പ്രദോഷം എന്ന് അറിയപ്പെടുന്നു. ഇത് അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ 12 ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം എന്ന് പറയാറുണ്ട്. കാരണം മാസന്തോറും കറുത്ത പക്ഷത്തിൽ പ്രദോഷ വ്രതം നോറ്റ ഫലം അപൂർവ്വമായി വരുന്ന ശനി പ്രദോഷം നോറ്റാൽ ലഭിക്കും. 12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു ശനി പ്രദോഷം നോറ്റാൽ ലഭിക്കും എന്നർത്ഥം.

പ്രദോഷ വ്രതവിധി
പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തണം. സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. അന്ന് ഓം നമഃ ശിവായ, ശിവ അഷ്ടോത്തരശത നാമാവലി, ശിവ സ്വരൂപ വർണ്ണന ശങ്കര ധ്യാനപ്രകാരം, ഉമാമഹേശ്വര സ്തോത്രം, പ്രദോഷ
സ്തോത്രം തുടങ്ങി ശിവപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ജപിക്കണം. ക്ഷേത്രത്തിൽ പോകാനും വ്രതം എടുക്കാനും കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. ഓം നമഃ ശിവായ പരമാവധി പ്രാവശ്യം ജപിക്കുന്നത് കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. ശിവ ലീലകളടങ്ങുന്ന ശിവപുരാണം പാരായണത്തിന് ഏറ്റവും നല്ല ദിവസവുമാണിത്. അന്ന് ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ മിതമായി മാത്രം ഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷമായി കണക്കാകുന്നത്. അസ്തമയത്തിന് ഒന്നര മണിക്കൂർ മുൻപും പിൻപുമായി വരുന്ന സമയം. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പ്രദോഷ പൂജ കണ്ട് തൊഴണം. പൂജാ തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

എന്ത് ചോദിച്ചാലും തരും
ത്രയോദശിയിലെ പ്രദോഷസന്ധ്യയിൽ പാർവ്വതിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് സകല ദേവഗണങ്ങളും ശിവ സന്നിധിയിലെത്തും എന്നാണ് വിശ്വാസം. അപ്പോൾ പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയ മുഹൂർത്തമായാണ് പ്രദോഷ സമയം. കാല കാലനാണ് ശിവൻ. അതായത് കാലന്‍റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദോഷ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്‍റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടുതന്നെ എല്ലാ മൃത്യു ദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ഭഗവാൻ ഏറ്റവും പ്രസാദിക്കുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. അതിനാൽ ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിനും പ്രാർത്ഥനകൾക്കും ഉടൻ ഫലസിദ്ധി ലഭിക്കും.

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Significance, Observation and Benefits of Shani Pradosh Vritham on August 31, 2024

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version