Monday, 30 Sep 2024

മഹാളയശ്രാദ്ധം പിതൃദോഷം തീർക്കും; ഉഗ്രമൂര്‍ത്തി ഭജനത്തിനും ഉത്തമം

ജ്യോതിഷി പ്രഭാസീന സി. പി
ഒട്ടേറെ പ്രത്യേകളുള്ളതാണ് കന്നി മാസത്തിലെ അമാവാസി. പിതൃദോഷ ദുരിതങ്ങൾക്ക് ഏറ്റവും നല്ല
പരിഹാരമായ കർക്കടക വാവുബലി പോലുള്ള മറ്റൊരു പ്രതിക്രിയയാണ് മഹാളയശ്രാദ്ധം. അശ്വനി മാസ നവരാത്രി ദിനങ്ങൾക്ക് നാന്ദിയാകുന്ന അമാവാസി എന്നതാണ് മറ്റൊരു പ്രത്യേകത. പിതൃക്കൾക്ക് ശ്രാദ്ധകർമ്മങ്ങൾ ചെയ്യാതെയും അവരെ ആദരിക്കാതെയും ഉണ്ടാകുന്ന ശാപങ്ങൾ മൂലമോ, പൂർവ്വികർ ചെയ്ത ദുഷ്‌കർമ്മങ്ങളുടെ ഫലമായി ഉണ്ടായ പാപങ്ങൾ മൂലമോ സംഭവിക്കുന്ന കഠിന ദോഷമാണ് പിതൃദോഷം. സന്താനദുരിതം, മംഗല്യ തടസം, ധനനാശം, ദാമ്പത്യ ക്ലേശം, ഗർഭഛിദ്രം, മാനസിക പ്രശ്‌നം, ആപത്ത്, കലഹം, മാറാ രോഗങ്ങൾ, തൊഴിൽ നഷ്ടം എന്നിവയ്ക്ക് ഇടവരുത്തും. ജാതക – പ്രശ്‌ന ചിന്തകളിലൂടെ ഈ ദോഷം കണ്ടെത്തി പരിഹരിക്കാൻ കർക്കടകത്തിലെ വാവുബലി പോലുള്ള ഉത്തമമായ പരിഹാരമാണ് മഹാളയശ്രാദ്ധം.

മഹാളയ ശ്രാദ്ധം ബുധനാഴ്ച മഹാളയപക്ഷം ആരംഭിക്കുന്നതോടെ പരേതാത്മാക്കൾ ഭൂമിയിൽ തിരിച്ചെത്തി അവരുടെ പിൻതലമുറയിൽപ്പെട്ട ബന്ധുജനങ്ങളുമായി വസിച്ചിട്ട് മഹാളയപക്ഷ അവസാനത്തോടെ തിരിച്ചു പോകുമെന്നാണ് വിശ്വാസം. ഭാദ്രപദമാസത്തിലെ കൃഷ്ണപക്ഷപ്രഥമതിഥി മുതൽ ആശ്വിനമാസാരംഭത്തിന് തൊട്ടുമുമ്പ് വരുന്ന മഹാളയ അമാവാസി വരെയുള്ള ദിവസങ്ങളാണ് മഹാളയ പക്ഷം ഈ വർഷം മഹാളയപക്ഷം ഒക്‌ടോബർ 2 ബുധനാഴ്ച തീരും. പരേതാത്മാക്കളുടെ മരിച്ച ദിവസമോ നക്ഷത്രമോ തിഥിയോ അറിയില്ലെങ്കിൽ അവർക്കുവേണ്ടി മഹാളയ അമാവാസി ദിവസം ശ്രാദ്ധം ചെയ്യുന്നത് ഏറ്റവും ഉത്തമ പരിഹാരമാണ്. സർവ്വപിതൃമോക്ഷ അമാവാസി എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. അമാവാസി, പൗർണ്ണമി, ചതുർദ്ദശി, തിഥികളിൽ മരണമടഞ്ഞവർക്കു വേണ്ടിയും കന്നിമാസത്തിൽ ഈ ദിവസം ശ്രാദ്ധകർമ്മങ്ങൾ ചെയ്യാൻ ഉത്തമമാണ്. ശ്രാദ്ധം ചെയ്യുന്നവർ അന്നും തലേദിവസവും രാത്രി ഭക്ഷണം ഉപേക്ഷിക്കണം. ഈ ദിവസം എണ്ണതേച്ചു കുളിക്കരുത്. കോപം ഒഴിവാക്കണം. ദൂരെ ദേശയാത്രപാടില്ല. മന:ശുദ്ധിയോടെ ബ്രാഹ്മചര്യം പാലിക്കണം. മത്സ്യ-മാംസാദികൾ വർജ്ജിക്കണം. പാപിസംസർഗ്ഗം പാടില്ല. യോഗ്യരായവർക്ക് ദക്ഷിണയും വയറു നിറയെ ഭക്ഷണവും നൽകണം. മഹാളയശ്രാദ്ധം യഥാവിധി ചെയ്യാൻ കഴിയാത്തവർ മഹാളയ അമാവാസി ദിവസം പിതൃക്കൾക്ക് വിഷ്ണു, ശിവക്ഷേത്രങ്ങളിൽ പിതൃപൂജ നടത്തുകയും പിതൃപൂജകഴിച്ച് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം കാക്കക്ക് കൊടുക്കുകയും വേണം. അതു കാക്ക എടുത്തില്ലെങ്കിൽ ജലത്തിൽ ഒഴുക്കണം. വ്രതനിഷ്ഠകൾ പാലിച്ച് സ്വഗൃഹത്തിൽ വച്ച് പാൽപ്പായസമുണ്ടാക്കി പരേതാത്മക്കൾക്ക് വെള്ളിപാത്രത്തിൽവിളമ്പുന്നതും പിതൃദോഷശാന്തിക്കും ഐശ്വര്യലബ്ധിക്കും ഇടയാക്കും.

ഉപാസനകൾക്ക് അതിവേഗം ഫലം
പിതൃപ്രീതി നേടാൻ മാത്രമല്ല സര്‍വ്വദേവതാ പ്രാർത്ഥനയ്ക്കും മികച്ച ദിവസമാണ് അമാവാസി. ഈ ദിവസത്തെ ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കും. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡീ, ബഹളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ എന്നിവരുടെ ഉപാസനയ്ക്കാണ് ഏറ്റവും ശ്രേഷ്ഠം. ക്ഷിപ്രകാര്യസിദ്ധിക്ക് ഈ ദിവസം ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേന്ന് തുടങ്ങി കറുത്തവാവ് വരെ നിത്യവും ഇത് 108 തവണ വീതം ജപിക്കുക. ഇങ്ങനെ 5 മാസം കൃത്യമായി ചെയ്താല്‍ കാര്യസിദ്ധിയുണ്ടാകും. ഈ ദിവസം ഭദ്രകാളി അഷ്ടോത്തരം, ഭദ്രകാളിപ്പത്ത് എന്നിവ ജപിക്കുന്നതും ക്ഷിപ്രകാര്യസിദ്ധിക്ക് നല്ലതാണ്. ശുഭകർമ്മങ്ങൾ ആരംഭിക്കുന്നതിന് ഏറെ മോശമായി കണക്കാക്കുറുണ്ടെങ്കിലും ഉഗ്രമൂര്‍ത്തി ഭജനത്തിന് കറുത്തപക്ഷവും കറുത്തവാവും നല്ലതാണ്. വെളുത്ത പക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമാണെന്നും വിശ്വസിക്കുന്നു. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. ഇത് നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

അഘോരമന്ത്രം, ഭദ്രകാളിപ്പത്ത് ജപിക്കാം
ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം.
രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ അഞ്ചു മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത്:


ജ്യോതിഷി പ്രഭാസീന സി. പി.
+91 9961442256

Email ID: prabhaseenacp@gmail.com

Story Summary: Significance of Amavasya Worshipping on Month Kanni

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version