Saturday, 14 Sep 2024

സന്താന സൗഖ്യത്തിനും ദുരിതങ്ങൾ മാറാനും ആയില്യത്തിന് നാഗാരാധന

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം
പ്രധാനമാണ്. രോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദേവതകളായ നാഗങ്ങൾക്ക് രക്ഷിക്കാനും ശിക്ഷിക്കാനും കഴിയും. ശരീരശുദ്ധിയും മന:ശുദ്ധിയും നാഗാരാധനയിൽ അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇതിന് ശരിയായ ഫലം ലഭിക്കുകയുള്ളൂ. തലമുറകളായി പിൻതുടരുന്ന ശാപദുരിതങ്ങൾ പോലും മാറുന്നതിന് നാഗാരാധന ഗുണകരമാണ്.

ആയില്യം ദിവസം ക്ഷേത്രങ്ങളിൽ നൂറും പാലും കമുകിൻ പൂക്കുലയും കരിക്കും സമർപ്പണം ആയില്യ
പൂജ തുടങ്ങിയ വഴിപാടുകൾ കഴിപ്പിക്കാം. അന്ന് ക്ഷേത്രദർശനം നടത്തി നാഗാരാജാവിനെ തൊഴണം, മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുക, തിരിതെളിക്കുക എന്നിവയും നല്ലതാണ്. 2024 സെപ്തംബർ 1 ഞായറാഴ്ചയാണ് ചിങ്ങമാസത്തിലെ ആയില്യം പൂജ.

എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും അനുഭവിച്ചു വരുന്ന ഒരു വ്യക്തിയെപ്പോലും നശിപ്പിക്കാൻ നാഗശാപത്തിന് കഴിയും. നാഗശാപ സൂചന തോന്നിയാലുടൻ ഒരു ഉത്തമ ജ്യോത്സ്യനെയോ പൂജാരിയെയോ താന്ത്രികനെയോ സമീപിച്ച് ആവശ്യമായ പരിഹാരങ്ങൾ ചെയ്യണം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തണം. മഞ്ഞൾ അഭിഷേകം നടത്തുക, പാലും പഴവും നിവേദിക്കുക എന്നിവ നല്ലതാണ്. ദോഷാധിക്യത്തിൽ നാഗർക്ക് പത്മമിട്ട് പ്രത്യേകമായി പൂജിക്കുക. സർപ്പബലി നടത്തുക. എല്ലാം ഉത്തമനായ ഒരു കർമ്മിയെക്കൊണ്ട് ചെയ്യിക്കുക.

വെട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുംമേക്കാട്, അത്തിപ്പറ്റ മന, നാഗംപൂഴിമന, ആമേടം ഇല്ലം, കോളപ്പുറം ഇല്ലം, പറമ്പൂർ മന, പെരളശേരി, മദനന്തേശ്വരം, പൂജപ്പുര നാഗർക്കാവ്, കളർകോട്, തിരുവനന്തപുരം അനന്തൻകാട് നാഗരാജക്ഷേത്രം, പൂജപ്പുര നാഗരുകാവ് തുടങ്ങിയവ കേരളത്തിലെ ചില പ്രധാന നാഗാരാധന സന്നിധികളാണ്. വേറെയും നൂറുകണക്കിന് നാഗാരാധനാ കേന്ദ്രങ്ങളുണ്ട്. പുറത്ത് കർണ്ണാടകത്തിലെ കുക്കി, (ധർമ്മസ്ഥലയ്ക്കടുത്ത്) നാഗർകോവിൽ (കന്യാകുമാരി ജില്ല) തിരുനാഗേശ്വരം (കുംഭകോണത്തിനടുത്ത്) എന്നിവ പ്രസിദ്ധങ്ങളാണ്.

ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ,തിങ്കൾ എന്നിവയാണ് നാഗമന്ത്രങ്ങളുടെ ജപാരംഭത്തിന് ഉത്തമദിവസങ്ങൾ. നാഗമന്ത്രങ്ങൾക്ക് അത്ഭുതശക്തിയുണ്ട്. അതിവേഗം അനുഗ്രഹിക്കാനും
അതുപോലെ തന്നെ നശിപ്പിക്കാനും നാഗങ്ങൾക്ക് കഴിയും. അതിനാൽ നാഗമന്ത്രങ്ങൾ വളരെ ശ്രദ്ധിച്ച് ഉപാസിക്കണം. വ്രതനിഷ്ഠയോടെ ജപിച്ചാൽ ഉറപ്പായും അത്ഭുതഫലം ഉണ്ടാകും.

നാഗരാജമന്ത്രം
ഓം നമഃ കാമരൂപീണേ
നാഗാരാജായ മഹാബലായ സ്വാഹ

എന്ന നാഗരാജമന്ത്രം നാഗരാജപ്രീതിക്ക് അത്യുത്തമമാണ്. 108 പ്രാവശ്യം ആയില്യം ദിവസം രാവിലെ ജപിക്കുക. അത്ഭുതശക്തിയുള്ള ഈ മന്ത്രം ആയില്യം ദിവസംതുടങ്ങി 21 ദിവസം ജപിച്ചാൽ നാഗശാപം മാറി ഐശ്വര്യം ഉണ്ടാകും.

നാഗമോഹനമന്ത്രം
ഓം നമഃ ശിവായ
നാഗായ നാഗമോഹനായ
നാഗാധിപതയേ
വിശ്വായ വിശ്വംഭരായ
വിശ്വപ്രാണായ
നാഗരാജായ ഹ്രീം നമഃ

എന്ന അത്ഭുതശക്തിയുള്ള നാഗമോഹനമന്ത്രം മന്ത്രം ദിവസവും
12 പ്രാവശ്യം വീതം രണ്ടുനേരം ജപിക്കുക.
18 ദിവസംമുടങ്ങാതെ ജപിച്ചാൽ
ആഗ്രഹ സാഫല്യം, മന:ശാന്തി,
പാപശാന്തി എന്നിവയുണ്ടാകും.

നവനാഗസ്തോത്രം
അനന്തം വാസുകിം ശേഷം പത്മനാഭശ്ച കംബളം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി നാഗശ്ച മഹാത്മനാം
സായംകാലേ പഠേന്നിത്യം പ്രാത കാലേ വിശേഷത:
തസ്യ വിഷഭയം നാസ്തി സർവ്വത്ര വിജയീ ഭവേൽ

നാഗരാജ അഷ്ടോത്തരം കേട്ട് ജപിക്കാൻ:

ആയില്യ വ്രതം
ആയില്യ വ്രതമെടുക്കുന്നവർ തലേന്ന് മുതൽ മത്സ്യമാംസാദികളും മദ്യവും മറ്റു ലഹരി വസ്തുക്കളും ത്യജിക്കണം. ആയില്യം ദിവസം കഴിയുമെങ്കിൽ ഉപവസിക്കുക. ആയില്യത്തിന്റെ പിറ്റേദിവസം രാവിലെ ശിവക്ഷേത്രത്തിൽനിന്നും തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കണം.

ഓം നമഃ ശിവായ മന്ത്രം വ്രതദിവസങ്ങളിൽ 336 പ്രാവശ്യം വീതം ജപിക്കുക. സർപ്പക്ഷേത്രത്തിലും നാഗപ്രതിഷ്ഠയ്ക്ക് 5 പ്രാവശ്യം പ്രദക്ഷിണം വയ്ക്കുക. ഉദയം കഴിഞ്ഞും അസ്തമയത്തിനു മുമ്പും ഉള്ള സമയമാണ് നാഗപ്രദക്ഷിണത്തിന് ഉത്തമം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94-470-20655

( ഈശ്വര ചിന്ത പോലെ പുണ്യകരമാണ് ഈശ്വര കഥകളും ആരാധനാ രീതികളും ദുരിതമോചനത്തിനുള്ള മാർഗ്ഗങ്ങളും കഴിയുന്നത്ര ഭക്തർക്ക് പകർന്നു നൽകുന്നത്. വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് പോലെ സൽക്കർമ്മം വേറെയില്ല. അതിന് ഉപകരിക്കുന്ന ഈ ലേഖനം പ്രിയപ്പെട്ടവർക്കും പങ്കിട്ട് ഈശ്വരാനുഗ്രഹം നേടുക )

Story Summary: Significance of Ayilya Pooja on September 1, 2024

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version