ശബരിമല ദർശനത്തിന് ഭക്തർ അയ്യപ്പമുദ്ര ധരിക്കുന്നതെന്തിന് ?
മംഗള ഗൗരി
ശബരീഗിരീശ ദർശനത്തിന് വ്രതമെടുക്കുന്ന ഘട്ടത്തിൽ ഭക്തർ അതിന്റെ അടയാളമായി അയ്യപ്പ സ്വാമിയുടെ
മുദ്രയുള്ള മാല ധരിക്കുന്നത് എന്തിനാണ്?
അയ്യപ്പന്റെ രൂപമുള്ള ലോഹപതക്കത്തോടുകൂടിയ ഒരു മാല ധരിക്കുന്നത് താൻ വ്രതത്തിലാണെന്ന് സദാതന്നെ തന്നെ സ്വയം ഓർമ്മിപ്പിക്കുന്നതിനും ചുറ്റുമുള്ളവരെ അറിയിക്കുന്നതിനുമാണ്.
പ്രത്യേക മോതിരം ധരിക്കുക, താടിവളർത്തുക, തുടങ്ങിയവയാണ് മറ്റു ചില വ്രതങ്ങളിൽ വ്രതമുദ്രകളായി സ്വീകരിക്കുന്നത്. പക്ഷേ ശബരിമല തീർത്ഥാടനത്തിൽ പ്രധാനം അയ്യപ്പമുദ്രയുള്ള മാലയിടുന്നതും നീല അല്ലെങ്കിൽ കറുപ്പ് വസ്ത്രം ധരിക്കുന്നതുമാണ്.
പ്രത്യേക ഫലങ്ങൾ നേടുവാൻ വിവിധ വ്രതങ്ങൾ പുരാണങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്. മനുഷ്യരുടെ ഏത് പരിവർത്തനത്തിനും അടിസ്ഥാനം മനസ്സും അതിന്റെ സൂക്ഷ്മ ശക്തിതലങ്ങളുമാണ്. ആ ശക്തിയെ പ്രത്യേക മാർഗ്ഗങ്ങളിലൂടെ പ്രത്യേക രീതിയിൽ കേന്ദ്രീകരിപ്പിച്ചാൽ പ്രത്യേക ഫലങ്ങൾ ഉളവാകും. മൂല്യാധിഷ്ഠിതമാണ് വ്രതങ്ങൾ. സത്യസന്ധത, സമയനിഷ്ഠ, സഹനശീലം, സ്വാശ്രയത്വം, ബ്രഹ്മചര്യം, സംതൃപ്തി എന്നീ ഗുണങ്ങൾ വ്രതം അനുഷ്ഠിക്കുന്ന ഭക്തർ പാലിക്കേണ്ടതാണ്.
ഈ ഗുണങ്ങൾ പാലിച്ച് വ്രതത്തിൽ ഏർപ്പെടുന്നയാൾ അഗ്‌നി, വായു, സൂര്യൻ, ചന്ദ്രൻ, വ്രതപതി എന്നീ ദേവശക്തികളെ പ്രീതിപ്പെടുത്തുവാനായി ആലപിക്കുന്ന മന്ത്രത്തിലൂടെ ഒരു പ്രതിജ്ഞയെടുക്കണം. നിഷ്ഠയോടെ
ഞാൻ ഈ വ്രതം പാലിക്കും. എന്നിലുള്ള ക്രമക്കേടുകൾ മാറ്റി സത്യ ധർമ്മങ്ങളാൽ വഴിതെളിയിക്കപ്പെട്ട് ഞാൻ ജീവിക്കും. വ്രതനിഷ്ഠയിൽ എന്തെങ്കിലും പിഴവുകൾ സംഭവിക്കുകയാണെങ്കിൽ ക്ഷമായാചനം ചെയ്ത് വീണ്ടും ആത്മാർത്ഥതയോടെ വ്രതം ആചരിച്ച് തീർക്കും.
ശബരിമല തീർത്ഥാടന വ്രതത്തിന്റെ കാലഘട്ടം പൊതുവെ വൃശ്ചികം ഒന്നു മുതൽ മകരം ഒന്നു വരെ ആണ്. 41 ദിവസത്തെ വ്രതമാണ് തീർത്ഥാടകർക്ക് പറയുന്നത്. ആന്തരികമായ ആദ്ധ്യാത്മിക ശക്തികളെ വ്രതം ഉണർത്തുകയും ശാരീരികവും മാനസികവും ആത്മീയവുമായ താളൈക്യം ജീവിതത്തിന് പകർന്നു നൽകുകയും ചെയ്യുന്നു.
പല വർഷങ്ങളിൽ ഈ വ്രതചര്യയിൽ ഏർപ്പെടുമ്പോൾ അത് മഹത്തായ ശ്രേയസ്സും സമാധാനവും ആത്മീയമായ ശക്തിയും പ്രദാനം ചെയ്യുന്നു. തീർത്ഥാടനത്തിനുള്ള വ്രതം ആരംഭിക്കുന്ന ദിവസം മുതൽ തീർത്ഥാടകർ
അയ്യപ്പസ്വാമിയാണ്. അല്ലെങ്കിൽ മാളികപ്പുറമാണ്. തന്റെ മനുഷ്യാവസ്ഥയുടെ പരിമിതികളെ ലംഘിച്ച് തന്നിലുള്ള അനശ്വരമായ ആന്തരിക സത്യത്തിലേക്ക് വികസിക്കുവാനായി ശ്രമിക്കുന്ന ആൾ എന്ന നിലയിൽ എല്ലാവരും ബഹുമാനപുരസ്‌സരം അദ്ദേഹത്തെ സ്വാമി എന്ന് വിളിക്കുന്നു.
Story Summary: Significance of Ayyappa Mudra during Sabarimala Pilgrimage
Copyright 2024 Neramonline.com. All rights reserved