Monday, 3 Feb 2025

ഭീഷ്മാഷ്ടമി ബുധനാഴ്ച ; വിഷ്ണു സഹസ്രനാമം ജപിച്ചാൽ ഐശ്വര്യം

മംഗള ഗൗരി
മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീഷ്മർ സ്വർഗ്ഗാരോഹണം ചെയ്ത പുണ്യദിനമാണ് ഭീഷ്മാഷ്ടമി. കുരുക്ഷേത്രയുദ്ധാനന്തരം സ്വജീവൻ വെടിയാൻ ശുഭകരമായ ഉത്തരായന പുണ്യകാലം കാലം കാത്ത് 58 ദിവസമാണ് ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടന്നത്. ഒടുവിൽ മകര സംക്രമം കഴിഞ്ഞ് മാഘമാസ ശുക്ലപക്ഷ
അഷ്ടമിയിൽ ഭീഷ്മർ സ്വർഗ്ഗ പ്രാപ്തി നേടി. ഫെബ്രുവരി 5 ബുധനാഴ്ചയാണ് ഇത്തവണ ഭീഷ്മാഷ്ടമി.

ഈ ജന്മത്തിൽ മാത്രമല്ല കഴിഞ്ഞ നൂറു ജന്മങ്ങളിലും ഒരു പാവവും ചെയ്യാത്ത തനിക്ക് എന്തുകൊണ്ടാണ് 58 ദിനം ശരശയ്യയിൽ കഴിയേണ്ടി വന്നത് എന്ന് പിതാമഹൻ വിശ്വസാക്ഷിയും സൃഷ്ടികർത്താവുമായ മധുസൂദനനോട് ചോദിക്കുന്നുണ്ട് . അതിന് മറുപടിയായി 100 ജന്മങ്ങൾക്ക് മുൻപ് ഭീഷ്മർ രാജകുമാരനായി ജനിച്ചതും ആ ജന്മത്തിൽ മൃഗയാ വിനോദ വേളയിൽ ചെയ്ത പാപവും ഭഗവാൻ ശ്രീകൃഷ്ണൻ ഓർമ്മിപ്പിക്കുന്നുണ്ട്. അന്ന്
അദ്ദേഹത്തിന്റെ കുതിരപ്പുറത്ത് വീണ ജീവിയെ ഭീഷ്മർ എടുത്തെറിഞ്ഞപ്പോൾ അത് ചെന്ന് വീണത് മുള്ളു നിറഞ്ഞ കുറ്റിക്കാട്ടിലാണ്. അവിടെ മുൾമുനയിൽ 58 ദിവസമാണ് ആ ജീവി നരകയാതന അനുഭവിച്ചത്.
പിന്നെ എന്തുകൊണ്ടാണ് അടുത്ത 100 ജന്മങ്ങളിൽ ഈ പാപഫലം അനുഭവിക്കേണ്ടി വരാതിരുന്നതെന്ന്
ഭീഷ്മർ ഭഗവാനോട് ചോദിക്കുന്നു.

അതിന് ശ്രീ കൃഷ്ണൻ നൽകിയ മറുപടി ഇതാണ്: കഴിഞ്ഞ നൂറ് ജന്മങ്ങളിലും അങ്ങയ്ക്ക് ധർമ്മച്യുതി
സംഭവിച്ചില്ല. എന്നാൽ ഈ ജന്മത്തിൽ അത് സംഭവിച്ചു. അന്ന് കൗരവസഭയിൽ ദ്രൗപതിയെ ദുര്യോധനൻ അപമാനിച്ചപ്പോൾ അങ്ങ് ആഗ്രഹിച്ചെങ്കിൽ അത് തടയാമായിരുന്നു. പക്ഷേ അത് ചെയ്തില്ല…. നൂറ് ജന്മങ്ങളായി ആർജ്ജിച്ച പുണ്യമത്രയും ഒരു നിമിഷം കൊണ്ടു ക്ഷയിച്ചു. അങ്ങനെ ഈ ജന്മത്തിൽ പഴയ പാപഫലം അനുഭവിക്കേണ്ടി വന്നു. കർമ്മ ഫലങ്ങൾ പിൻതുടരുക തന്നെ ചെയ്യും. അത് അനുഭവിച്ചു തീർത്തേപറ്റു. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും. അത്ര തന്നെ.

അഷ്ടവസുക്കളിലൊരാളിൻ്റെ പുനർജന്മമായ ഭീഷ്മർ 18 ദിവസത്തെ കുരുക്ഷേത്ര യുദ്ധത്തിൽ 10 ദിവസം
പോരാടി. ശേഷം പാണ്ഡവർക്ക് തന്നെ വധിക്കാനുള്ള ഉപായം പിതാമഹൻ തന്നെയാണ് ഉപദേശിച്ചത്.
ഗംഗാപുത്രനായ ദേവവ്രതൻ രാജാധികാരം ഏറ്റെടുക്കില്ല വിവാഹം പോലും ചെയ്യില്ല എന്ന ഉഗ്രപ്രതിജ്ഞയാൽ ഭീഷ്‌മരായി. അങ്ങനെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതമെന്ന ചന്ദ്രവംശചരിതത്തിലെ പ്രധാന കഥാപാത്രമായി മാറി. കുരുക്ഷേത്രയുദ്ധാനന്തരം തൻ്റെയടുക്കലേക്കെത്തുന്ന യുധിഷ്‌ഠിരന് രാജ്യധർമ്മം, ആപദ്ധർമ്മം, മോക്ഷധർമ്മം തുടങ്ങിയ ധർമ്മരഹസ്യം മുഴുവൻ ശരശയ്യയിൽ കിടന്ന് ഭീഷ്‌മപിതാമഹൻ ഉപദേശിക്കുന്നു. തുടർന്നുള്ള യുധിഷ്‌ഠിരൻ്റെ ആറു ചോദ്യങ്ങൾക്ക് മറുപടിയായാണ് വിഷ്‌ണുസഹസ്രനാമം ഉപദേശിച്ചത്. സ്വേച്ഛാമൃത്യുവായ ഭീഷ്‌മർ ശരശയ്യയിലെ വേദനകൾ സഹിച്ചുകൊണ്ട് താൻ കാത്തിരുന്ന ശുഭമുഹൂർത്തം സമാഗതമായപ്പോൾ ശ്രീകൃഷ്‌ണ പരമാത്മാവിനെ നേരിട്ട് കണ്ടുകൊണ്ട് സഹസ്രനാമം ചൊല്ലി ഭഗവത്പാദങ്ങളിൽ വിലയം പ്രാപിക്കുന്നു. ഈ പുണ്യതിഥിയാണ് ഭീഷ്‌മാഷ്‌ടമി. ഭീഷ്‌മപിതാമഹനെ അനുസ്മ‌രിച്ച് ഈ ദിവസം വിഷ്ണുസഹസ്രനാമം ജപിക്കുന്നവക്ക് എല്ലാ ക്ഷേമങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് പറയുന്നു.

Story Summary : Significance of Bhishma Ashtami , The death anniversary of Bhishma Pitamah is observed during Magha Shukla Ashtami.

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version