Saturday, 14 Sep 2024

നിത്യവും ലളിതാസഹസ്രനാമം ജപിച്ചാൽ എല്ലാ ദുരിതവും ശമിക്കും

മംഗള ഗൗരി
സകല ദു:ഖദുരിതങ്ങളും അവസാനിക്കുന്ന എല്ലാ രീതിയിലും ശ്രേഷ്ഠമായ ലളിതാസഹസ്രനാമം സ്തോത്രം
നിത്യ ജപത്തിന് ഉത്തമമാണ്. ഭക്തിയുള്ള ആർക്കും ഇത് പതിവായി ജപിക്കാം. ഒരു ആപത്തും അവരെ ബാധിക്കില്ല. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഇതിൻ്റെ ജപഫലങ്ങളാണ്. ദിവസവും ജപിക്കാൻ കഴിയാത്തവർ ചൊവ്വ, വെള്ളി ദിനങ്ങളിലും, ജന്മനക്ഷത്ര ദിവസവും നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം ജപിക്കുകയോ കേൾക്കുകയോ ചെയ്യണം. ആബാലവൃദ്ധർക്കും സ്ത്രീ പുരുഷ ഭേദമില്ലാതെ എപ്പോൾ വേണെങ്കിലും ജപിക്കാം. ജപത്തിലൂടെ എല്ലാ ഗ്രഹപ്പിഴകളും അകലും. കുടുംബത്തില്‍ ഐശ്വര്യമുണ്ടാകും. ഇതിലെ ഓരോ നാമവും ഓരോ മന്ത്രം ആണ്. ചന്ദ്രൻ, ശുക്രൻ, കുജൻ, രാഹു എന്നീ ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിച്ചാൽ എല്ലാ ഗ്രഹദോഷങ്ങളും മാറിക്കിട്ടും. മറ്റു മൂര്‍ത്തികളുടെ സഹസ്രനാമങ്ങളില്‍ പല നാമങ്ങളും ഒന്നോ അതിലധികമോ തവണ ആവര്‍ത്തിക്കുന്നതായി കാണാം. എന്നാല്‍ ലളിതാ സഹസ്രനാമത്തില്‍ ഒറ്റ നാമം പോലും ആവര്‍ത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ പാദവും അര്‍ത്ഥപൂര്‍ണവും വൃത്തബദ്ധവുമാണ്.
മന്ത്രപ്രയോഗത്തില്‍ സ്‌തോത്രത്തിനുള്ള പ്രാധാന്യം തന്നെയാണ് ഇതിന്റെ പിന്നില്‍. മന്ത്രോപാസനയിലൂടെ ബ്രഹ്മജ്ഞാനം നേടുക എന്നതാണ് ഉപാസനയുടെ ലക്ഷ്യം.നിത്യവും ലളിതാസഹസ്രനാമം ചൊല്ലുന്ന വീട്ടില്‍ അന്നത്തിനോ, വസ്ത്രത്തിനോ കുറവ് ഉണ്ടാവുകയില്ല. സര്‍വാഭീഷ്ടപ്രദായനിയായ ദേവി അവരെ സദാ കാത്തു രക്ഷിച്ചു കൊള്ളും എന്നാണ് വിശ്വാസം. എല്ലാ ദിവസവും രാവിലെ സ്‌നാനം ചെയ്തു ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കു തെളിച്ച് അതിന് മുന്നില്‍ സൗകര്യപ്രദമായ രീതിയിൽ ഇരുന്നു കൊണ്ട് ധ്യാനശ്ലോകം ഭക്തിപൂര്‍വ്വം ജപിച്ച് മനസ്സ് ഏകാഗ്രമാക്കണം. ദേവിയില്‍ മനസ്സ് ലയിക്കുന്തോറും ശരീരത്തിന് ഭാരം കുറയുന്നതായി അനുഭവപ്പെടും. ദേവീ ചൈതന്യത്തെ മനസ്സിലുറപ്പിച്ച ശേഷം സഹസ്രനാമജപം ആരംഭിക്കാം. ഏതാനും ദിവസം കൊണ്ട് തന്നെ ജീവിതരീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം.

ഭസ്മമോ, കുങ്കുമമോ, രക്തചന്ദനമോ പ്രസാദമായി വയ്ക്കാം. ജപത്തിനു ശേഷം അല്‍പം എടുത്തണിയാം. അതിനുശേഷം പുഷ്പങ്ങള്‍ യഥാവിധി അര്‍ച്ചന ചെയ്ത് നമസ്‌കരിച്ച് എഴുന്നേല്‍ക്കാം. നാമം മനസ്സിലുറച്ചാല്‍ പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പം വീതം അര്‍ച്ചിക്കാം. എല്ലാദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നതും ഉത്തമ ഫലം നല്‍കും. അല്ലാത്തപക്ഷം വെള്ളിയാഴ്ചകളിലോ, സംക്രമങ്ങളിലോ പൗര്‍ണമി, അമാവാസി ദിനങ്ങളിലോ ജപിക്കണം.

ലളിതാമന്ത്രത്തിന്റെ ശക്തി എല്ലാത്തിനും അതീതമാണ്. നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാവുകകയും രോഗങ്ങള്‍ കുറഞ്ഞു തുടങ്ങുകയും ചെയ്യും.അതുവരെ അനുഭവിക്കാത്തൊരു ആനന്ദത്തില്‍ നാം ലയിക്കുന്നതായി തോന്നും. അര്‍ത്ഥംകൂടിയറിഞ്ഞു ജപിച്ചാല്‍ ജ്ഞാനം അത്ഭുതകരമായി വര്‍ധിക്കും. എല്ലാ അറിവുകളും ക്രമേണ സ്വായത്തമാകും. സമ്പത്തും, ഐശ്വര്യവും വര്‍ധിക്കും. ആയുസ്സും, ആരോഗ്യവും ലഭിക്കും. ന്യാസവും ധ്യാനവും ചൊല്ലിയതിന് ശേഷം ജപിക്കുന്നത് കൂടുതൽ നല്ലത്. മണക്കാട് ഗോപൻ ആലപിച്ച ലളിതാസഹസ്രനാമ സ്തോത്രം കേൾക്കാം:


Story Summary: Significance of Lalitha Sahasranama and Benefits of Daily Chanting

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version