Wednesday, 16 Apr 2025

സുബ്രഹ്മണ്യൻ്റെ ഓരോ  മുഖത്തിനും പ്രത്യേകം പേര്, മൂലമന്ത്രം, സഹസ്രനാമം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി

സുബ്രഹ്മണ്യൻ സ്വാമി ജ്ഞാനത്തിന്റെ ദേവനാണ്. ജ്ഞാനപ്പഴം എന്നാണ് ഭഗവാനെ പറയുന്നത് തന്നെ. അങ്ങനെയുള്ള മുരുകസ്വാമിക്ക് ആറു മുഖങ്ങളുണ്ട്. ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനാണ് സുബ്രഹ്മണ്യൻ ഗുഹൻ എന്ന പേരിൽ ശിവന്റേയും , സ്കന്ദൻ എന്ന പേരിൽ പാർവതിയുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെടുന്നു. ഈ ഓരോ മുഖത്തിനും പ്രത്യേകം പേരുകളും പ്രത്യേകം മൂല മന്ത്രങ്ങളും പ്രത്യേകം സഹസ്ര നാമങ്ങളും ഉണ്ട്. ഈ ആറ് മുഖങ്ങളും പഞ്ചഭൂതങ്ങളുടെയും ആത്മജ്ഞാനത്തിൻ്റെയും പ്രതീകമാണ്.

ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസ്സിനെ കുറിക്കുന്ന സു എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. മുരുകൻ, ഷണ്മുഖൻ, കല്യാണസുന്ദരൻ,
ശിഖിവാഹനൻ, അറുമുഖ സ്വാമി, ജ്ഞാനശക്തിധരൻ എന്നിങ്ങനെ ഒട്ടേറെ പേരുകളുണ്ട് .


ശരവണക്കാട്ടിലാണ് മുരുകൻ ജനിച്ചത്. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാലാണ് സുബ്രഹ്മണ്യൻ
കാർത്തികേയനായത്. ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായ സുബ്രഹ്മണ്യൻ യോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു.
ശ്രീ മുരുകന്റെ 18 പേരുകൾ

1) ശരവണഭവ എന്ന ആറ് അക്ഷരത്തിന്റെ ഉടമയായതിനാൽ ക്ഷഡാക്ഷരൻ
2) മയിലിനെ വാഹനമാക്കിയ മുരുകൻ
ശിഖിവാഹനൻ
3) ശക്തി ദേവിയിൽ നിന്നു ശക്തിവേൽ നേടി ശൂരപത്മനേ സംഹരിച്ച മുരുകൻ
ജ്ഞാനശക്തിധരൻ
4) പ്രണവത്തിന്റെ പൊരുൾ അറിയാത്ത
ബ്രഹ്മാവിനെ തടവറയിൽ അടച്ച് ഗർവ്വ് അടക്കിയ മുരുകൻ ബ്രഹ്മ ശാസ്താ
5) വള്ളിയേ വിവാഹം ചെയ്ത മുരുകൻ
വള്ളി കല്യാണസുന്ദരൻ
6) ഐരാവതം എന്ന വെളുത്ത ആനപ്പുറത്ത് ഏറി അനുഗ്രഹം ചൊരിയുന്ന മുരുകൻ ഗജാരൂഡൻ
7 ) പ്രണവ മന്ത്രം പിതാവിന് വിശദമാക്കിയ മുരുകൻ തങ്കപ്പ സ്വാമി
8) ശിവന്റെ തൃക്കണ്ണിൽ നിന്നും നിർഗ്ഗമിച്ച അഗ്നി
അഗ്നി സ്ഫുലിംഗങ്ങൾ ആറു പൂക്കളിൽ വീണ് ആറു കുഞ്ഞുങ്ങളായി ഉമാദേവിയാൽ ആറു മുഖത്തോടെ ഏക ശരിരം എടുത്ത മുരുകൻ, അറുമുഖ സ്വാമി
9 ) ആറ് കൃത്തികകന്യകമാർ വളർത്തിയതിനാൽ മുരുകൻ കാർത്തികേയൻ
10) വിനായക ദേവന്റെ അനുജനായതിനാൽ മുരുകൻ വിഘ്നേശ്വരാനുജൻ
11) ശൂരപത്മനേ നിഗ്രഹിച്ചതിനുള്ള സമ്മാനമായി ദേവേന്ദ്രന്റെ മകൾ ദേവയാനിയെ വിവാഹം കഴിച്ച്  മുരുകൻ ദേവസേനാപതിയായി
12) ഉമാദേവിയായ ഗൗരിയുടെ പുത്രനാകയാൽ
മുരുകൻ ഗൗരീശ ഗർഭ ജാതൻ
13) വിശാഖം നക്ഷത്രത്തിൽ പിറന്നതു കൊണ്ട്
മുരുകൻ വിശാഖൻ
14) പൂവൻകോഴിയെ കൊടി അടയാളമാക്കിയ
മുരുകൻ കുക്കുടധ്വജൻ
15) വേദങ്ങൾ പ്രശംസിക്കുന്ന ജ്ഞാനത്തിന് ഉടമയായ മുരുകൻകൻ ജ്ഞാനപണ്ഡിതൻ
16) ഗുഹ പോലെ സദാ ഇരുണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളിൽ ജ്യോതിയായി പ്രത്യക്ഷപ്പെടുന്ന മുരുകൻ ഗുഹൻ
17) അറുമുഖനായി പന്ത്രണ്ട് കൈകളും പന്ത്രണ്ട് കണ്ണുകളുകൊണ്ട് അനുഗ്രഹിച്ച മുരുകൻ ദ്വാദശ നേത്ര ബാഹു
18 ) മഹാവിഷ്ണുവിന്റെ തമിഴ് നാമമായ തിരുമാലിലെ മാൽ ചേർത്ത മുരുകൻ മാൽ മുരുകൻ

Story Summary: Significance of Lord Murugans Six faces

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version