വ്യാഴഗ്രഹപ്പിഴകൾക്ക് ഏറ്റവും ഉത്തമപരിഹാരം മഹാസുദർശന മാലാ മന്ത്രം
മംഗള ഗൗരി
ജ്യോതിഷത്തിലെ നവഗ്രഹങ്ങളില്‍ വളരെയധികം പ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. സന്താനം, ബന്ധുക്കള്‍, ധനം, സ്വര്‍ണ്ണം, കീര്‍ത്തി, ഈശ്വരഭക്തി, ബുദ്ധിവൈഭവം, ചൈതന്യം, സുഖം, ദയ, ഭാര്യാഭര്‍ത്തൃസുഖം, സാത്വികമായകര്‍മ്മം, ശുഭപ്രവൃത്തി, സത്ഗതി, വടക്കുകിഴക്ക് ദിക്ക് ഇവയുടെ കാരകനായ വ്യാഴം ജാതകവശാലോ ഗോചരത്തിലോ അനുകൂലമായാല്‍ ഇവയില്‍ നിന്നൊക്കെ സദ്‌ഫലം ലഭിക്കും. പ്രതികൂലമായാല്‍ ദുഷ്ഫലങ്ങൾ നേരിടേണ്ടി വരും. ഗ്രഹങ്ങൾ എത്ര ദോഷകരമായ സ്ഥാനങ്ങളിൽ നിന്നാലും സർവദേവതാ സാന്നിദ്ധ്യമുള്ള വ്യാഴത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കിൽ ലക്ഷം ദോഷങ്ങളെ ഹനിക്കും എന്നാണ് ജോതിഷ പ്രമാണം. ഗ്രഹനിലയിൽ വ്യാഴം ബലവാനായി നിന്നാൽ സർവ്വ സൗഭാഗ്യം ഫലം. എന്നാൽ വ്യാഴവും ശനിയും ഗോചരവശാല്‍ മോശമാകുകയും ഒപ്പം അവയുടെ ദശാപഹാരകാലവും മോശമാകുകയും ചെയ്താല്‍ അതീവദോഷപ്രദം തന്നെയായിരിക്കും. അതുകൊണ്ടാണ് ജാതകത്തിലെ വ്യാഴസ്ഥിതിയും മിക്കവാറും വർഷന്തോറും സംഭവിക്കുന്ന അതിൻ്റെ രാശിമാറ്റവും എല്ലാവരുടെയും ജീവിതത്തിൽ വളരെ പ്രധാനമാകുന്നത്.
ഗോചരാൽ വ്യാഴം ഇപ്പോൾ
ഇവർക്ക് ഭാഗ്യകരം
ഗോചരാൽ വ്യാഴത്തിൻ്റെ ഇപ്പോഴത്തെ ഇടവം രാശിയിലെ സ്ഥിതി മേടം, കർക്കടകം, കന്നി, വൃശ്ചികം, മകരം കൂറുകാർക്ക് ഭാഗ്യകരമാണ്. ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം, മീനം കൂറുകാർ സമ്മിശ്രമായ ഫലം അനുഭവിക്കുന്നു. മഹാവിഷ്ണു ക്ഷേത്രദർശനം, പ്രാർത്ഥന, വഴിപാട്, വ്യാഴാഴ്ച നവഗ്രഹ പ്രതിഷ്ഠയുള്ളിടത്ത് വ്യാവ്യാഴത്തിന് അർച്ചന നടത്തുക, കുടുംബ ദേവതാപ്രീതി നേടുക, ശ്രീകൃഷ്ണ, ശ്രീരാമ, നരസിംഹ, വരാഹമൂർത്തി ക്ഷേത്രദർശനം നടത്തുക, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ നിത്യവും 108 ഉരു ജപിക്കുക എന്നിവയാണ് പൊതുവേയുള്ള വ്യാഴ ദോഷ പരിഹാരങ്ങൾ. എന്നാൽ വ്യാഴഗ്രഹ ദോഷങ്ങൾ ശമിക്കുന്നതിനുള്ള ഏറ്റവും ഉത്തമായ പരിഹാരമാണ് നിത്യേനയുള്ള സുദർശനമാലാ മന്ത്രജപം. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും വ്യാഴ ഗ്രഹ ദോഷങ്ങൾ കണ്ടാൽ മഹാസുദർശന മന്ത്രജപവും ചക്രഹോമവും ഏറ്റവും നല്ല പരിഹാരമാണ്. സുദർശന ഹോമത്തെ ചക്രഹോമം എന്നും പറയും. വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമല്ലാത്തവരെല്ലാം പതിവായി മഹാ സുദർശന മന്ത്രം ജപിച്ചാൽ എല്ലാവിധ വ്യാഴദോഷങ്ങളും നീങ്ങും. മിക്ക ഭക്തരുടെയും അനുഭവമാണിത്.
സുദർശന മാലാ മന്ത്രം
108 തവണ ജപിക്കുക
ദിവസവും 108 തവണ സുദർശന മാലാ മന്ത്രം ജപിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. അസുഖങ്ങൾ മാറും. ദാമ്പത്യ ക്ലേശങ്ങൾ അകലും. വിവാഹതടസം നീങ്ങും. അങ്ങനെ സകല ദോഷങ്ങളും അകന്ന് ഭാഗ്യം തെളിയും. ദിവസവും ജപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ചകളിൽ മാത്രം 108 തവണ ജപിക്കുക. ശത്രുദോഷം, ആഭിചാരദോഷം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹസ്ഥിതി ജാതകത്തിൽ വന്നാൽ സുദർശന മന്ത്രജപവും, ഹോമവുമാണ് മികച്ച പരിഹാരം. വ്യാഴ, ബുധ ദശാകാലമുള്ളവർക്കും, ശത്രു , ആഭിചാരദോഷം നേരിടുന്നവർക്കും പരിഹാരമായി മഹാസുദർശനയന്ത്രം ധരിക്കാം. ഒരു കർമ്മിയെക്കൊണ്ട് ശരിയായ രീതിയിൽ ചെയ്യിച്ച് ധരിച്ചാൽ പ്രയോജനപ്പെടും. ലോകത്തിലെ ഏതൊരു ദുഷ്ട ശക്തിയെയും സംഹരിക്കാനുള്ള ശേഷി മഹാസുദർശനത്തിനുണ്ട്.
കേൾക്കാം മഹാസുദര്‍ശന മാലാമന്ത്രം:
മഹാസുദര്‍ശന മാലാമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്ര
ഔഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ്വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട്
Story Summary Significance of Maha Sudershana Mala Mantra Chanting for removing Malefic influnce of Jupiter (Vyazha Dosha Pariharam )
Copyright 2024 Neramonline.com. All rights reserved