Sunday, 13 Apr 2025

പ്രദോഷം ഭക്തരുടെ  ഭാഗ്യദിനം; എന്ത് ചോദിച്ചാലും ഭഗവാൻ തരും

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

ജോതിഷി പ്രഭാ സീന
പാര്‍വ്വതിദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷസന്ധ്യകൾ. പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്ര ദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലും പ്രദോഷ ദിവസം വ്രതമെടുക്കണം. മീന മാസത്തിലെ വെളുത്തപക്ഷ
പ്രദോഷം 2025 ഏപ്രിൽ 10 വ്യാഴാഴ്ചയാണ്.
സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷകാലം.  വ്യാഴാഴ്ച 6:41 മണിക്കാണ് അസ്തമയം. പ്രദോഷ പൂജാകാലത്ത് ക്ഷേത്രങ്ങളിൽ ആരാധനയും അഭിഷേകവും നടക്കും. അപ്പോൾ ധാര, കൂവളാർച്ചന, പിന്‍വിളക്ക് വഴിപാടുകള്‍ നടത്തുന്നത് പുണ്യപ്രദമാണ്.

പ്രദോഷ വ്രതം ചിട്ടകൾ
രണ്ട് രീതിയിൽ പ്രദോഷ വ്രതം എടുക്കാം – ഒരിക്കലായും പൂർണ്ണ ഉപവാസമായും . ഒരുനേരം ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന ഉണക്കലരിച്ചോറ് കഴിച്ച് വ്രതം എടുക്കുന്നത് ഒരിക്കൽ. ദിവസം മുഴുവൻ ഒന്നും കഴിക്കാതെ വ്രതം എടുക്കുന്നത് ഉപവാസം. ആരോഗ്യം അനുവദിക്കുന്ന തരത്തിൽ വ്രതം എടുക്കുക. പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങുന്നതാണ് ഉത്തമം. അന്ന് ഒരിക്കൽ ആചരിക്കണം. മത്സ്യമാംസാദി ഭക്ഷണം തലേന്നും പ്രദോഷ ദിവസവും പിറ്റേന്നും ഉപേക്ഷിക്കണം. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കുന്നതാണ് പതിവ്.
സൗകര്യപ്രദമായത് സ്വീകരിക്കാം.

ജപം, വഴിപാടുകൾ
പ്രദോഷ നാളിൽ കഴിയുന്നത്ര പഞ്ചാക്ഷരി ജപിക്കണം. ശിവധ്യാനം, അഷേ്ടാത്തരം സഹസ്രനാമം, പ്രദോഷ സ്തുതി, ശങ്കരധ്യാനപ്രകാരം, ഉമാമഹേശ്വര സ്തോത്രം, ശിവപഞ്ചാക്ഷര സ്തോത്രം, ലിംഗാഷ്ടകം, ബില്വാഷ്ടകം തുടങ്ങിയവയും പാരായണം ചെയ്യുക. പ്രദോഷപൂജാ വേളയിൽ ധാര, കൂവളമാല, പിന്‍വിളക്ക്, മറ്റ് വഴിപാടുകള്‍ നടത്തുന്നത് പുണ്യപ്രദമാണ്. ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിനും പ്രദോഷ വ്രതം ഏറെ ഉത്തമമാണ്.

നന്ദിദേവന്‍റെ പ്രാധാന്യം
ശിവലിംഗത്തോളം തന്നെ ശക്തി അതിനു മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്‍റെ അനുമതിയില്ലാതെ ശിവ പ്രതിഷ്ഠയുള്ള ശ്രീകോവിലിലേക്ക് ആർക്കും പ്രവേശിക്കുവാൻ കഴിയില്ല; ആരാധിക്കുവാനും സാധിക്കില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത്‌ മതി; അതിവേഗം ഭഗവാൻ പ്രസാദിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും. കാര്യസാദ്ധ്യത്തിന് പിന്നീട് ഒട്ടും തന്നെ താമസമുണ്ടാകില്ല.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക. സമ്പൽസമൃദ്ധി, പുത്രപൗത്ര സൗഭാഗ്യം, ആയുരാരോഗ്യം തുടങ്ങിയവയാണ് പ്രദോഷ അനുഷ്ഠാന ഫലങ്ങൾ.

ഭഗവാൻ്റെ അതിമനോഹരമായ സ്വരൂപവർണ്ണനയായ ശങ്കരധ്യാന പ്രകാരം 11 പ്രദോഷനാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു. കേൾക്കാം, പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം:

മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

ശിവ പഞ്ചാക്ഷരീ സ്തോത്രം കേൾക്കാം :

ശിവ പഞ്ചാക്ഷരീ സ്തോത്രം വരികൾ
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ

മന്ദാകിനീ സലില ചന്ദനചര്‍ച്ചിതായ
നന്ദീശ്വര പ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശനായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാര്‍‌ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ


ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)

Story Summary: Significance of Meenam Month Shuklapaksh Pradosham

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version