Friday, 10 Jan 2025

സുബ്രഹ്മണ്യനെ ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം പ്രസാദിക്കും

മംഗളഗൗരി
ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം പ്രസാദിക്കുന്ന മൂർത്തിയാണ് സുബ്രഹ്മണ്യസ്വാമി. ദുരിതങ്ങളകറ്റാനും സർവവിധ അനുഗ്രഹത്തിനും സുബ്രഹ്മണ്യഭജനം അത്യാവശ്യമാണ്. ഭഗവാന്റെ രൂപം നിത്യേന രാവിലെയും വൈകിട്ടും സങ്കല്പിച്ച് പ്രാർത്ഥിച്ചാൽ ദുഃഖനിവാരണവും കാര്യസിദ്ധിയും അതിലുപരിയായി മന:ശാന്തിയും ലഭിക്കും. ഭഗവാൻ്റെ ധ്യാന ശ്ലോകം ജപിച്ച് രൂപം നന്നായി മനസ്സിൽ ഉറപ്പിച്ച ശേഷം വേണം ഏത് മന്ത്രവും ജപിക്കാൻ. സുബ്രഹ്മണ്യസ്വാമിക്ക് നിരവധി ധ്യാനങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ പരക്കെ ജപിക്കുന്ന ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ഇവിടെ നൽകുന്നത്. ആദ്യം ധ്യാന ശ്ലോകവും തുടർന്ന് അർത്ഥവും മനസ്സിലാക്കാം:

സുബ്രഹ്മണ്യ ധ്യാനം
സ്ഫുരന്മകുടപത്രകുണ്ഡലവിഭൂഷിതം ചമ്പക–
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവീം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

(തിളങ്ങുന്ന കിരീടവും കാതിലോലയും കൊണ്ട് അലങ്കരിക്കപ്പെട്ട് കഴുത്തിൽ ചമ്പകമാല അണിഞ്ഞവനും, കൈകളിൽ വേലും വജ്രായുധവും ധരിച്ചവനും ഇടതുകൈ അരയിൽ ചേർത്ത് വലതുകൈയിൽ വരദമുദ്ര ധരിച്ചവനും, കുങ്കുമം പോലെ ചുവന്ന നിറത്തോടു കൂടിയവനും, മഞ്ഞ പട്ടുടുത്തവനുമായ രൂപത്തിലുമുള്ള ഭഗവാനെയാണ് ധ്യാനിക്കേണ്ടത്.)

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

സുബ്രഹ്മണ്യ രായം
ഓം ശരവണ ഭവഃ
സുബ്രഹ്മണ്യ മന്ത്രങ്ങൾ ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വയുടെ കാലഹോരയില്‍ ജപിച്ചു തുടങ്ങണം. പൊതുവേ സുബ്രഹ്മണ്യമന്ത്രങ്ങളും മറ്റ് ജപങ്ങളും 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. അതില്‍ സുബ്രഹ്മണ്യ രായം എന്നാണോ 21,000 സംഖ്യ പൂര്‍ത്തിയാകുന്നത്, അന്നുമുതല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍റെ അനുഗ്രഹം ലഭിച്ചുതുടങ്ങുമെന്ന് അനുഭവസാക്ഷ്യം.

സുബ്രഹ്മണ്യ ഗായത്രി
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും, ഒരു ജാതകത്തില്‍ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാം. രാഹു ദശയില്‍ ചൊവ്വയുടെ അപഹാരകാലം അതായത് രാഹു ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം ഉള്ളവര്‍ സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും. സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം. വളരെയധികം ശക്തിയുള്ളതാണ് സുബ്രഹ്മണ്യ ഗായത്രി ഇത് 36 വീതം രണ്ട് നേരം ജപിക്കണം. നിത്യേന ജപിക്കാം. മനോദുഃഖമകലാനും, അതിശക്തമായ മുൻജന്മദോഷങ്ങളും പാപദോഷങ്ങളും മാറുന്നതിനും ഇത് ഫലപ്രദമാണ്. സുബ്രഹ്മണ്യ ഗായത്രി ഇതാണ് :
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ പഞ്ചരത്നം
കുക്കെ സുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന അതിമനോഹരമായ കീർത്തനമാണ് ശ്രീ സുബ്രഹ്മണ്യ
പഞ്ചരത്നം. കർണ്ണാടകയിലെ മംഗലാപുരത്ത് നിന്നും 100 കിലോമീറ്റർ ദൂരെയുള്ള കുമാരധാരാ നദിക്കരയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആദിശങ്കരൻ കുറച്ചുനാൾ താമസിച്ചതായി പറയുന്നു. ഇവിടെ വച്ചാണ്
സര്‍പ്പരൂപിയായി സഞ്ചരിച്ച സുബ്രഹ്മണ്യ ഭഗവാന്‍ മഹാവിഷ്ണു സ്പര്‍ശനത്താല്‍ സ്വരൂപത്തിലേക്ക് തിരിച്ചെത്തിയത് എന്ന് വിശ്വസിക്കുന്നു. അതിനാൽ സര്‍പ്പശാപത്താലുള്ള മഹാരോഗങ്ങള്‍, സന്തതിദുഃഖം, ത്വക് രോഗങ്ങൾ ഇവയില്‍ നിന്നുള്ള മോചനത്തിന് സുബ്രഹ്മണ്യ പഞ്ചരത്നം ജപിക്കുന്നത് ഉത്തമമാണ്.

ഗുഹ സ്തവം
സാമ്പത്തിക ദുരിതങ്ങൾ കാരണം വിഷമിക്കുന്നവർ ദാരിദ്ര്യദുഃഖം നശിപ്പിക്കുന്ന ഗുഹസ്വാമിയെ സ്‌തുതിക്കുന്ന ഗുഹസ്തവം ദിവസവും രാവിലെയും വൈകിട്ടും ആറ് തവണ വീതം ജപിക്കുന്നത് നല്ലതാണ്; അല്ലെങ്കിൽ 6 തവണ കേൾക്കുക. എപ്പോഴും പ്രസന്നമൂർത്തിയായിരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയെ ഗുഹസ്‌തവത്താൽ ഭക്തിപൂർവം ഭജിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും നശിക്കും. സർവ്വാർത്ഥസിദ്ധി പ്രദമായ ഈ സ്തോത്രം പതിവായി ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്ന ഭക്തരുടെ വീടുകളിൽ ദാരിദ്ര്യദുഃഖം ഉണ്ടാകില്ല. ഇത് ജപിക്കാൻ മന്ത്രോപദേശവും വ്രതവും വേണ്ട. ചൊവ്വാഴ്ച, ഷഷ്ഠി, സ്കന്ദ ഷഷ്ഠി, തൈപ്പൂയം, വൈകാശി വിശാഖം എന്നീ ദിവസങ്ങളിൽ ഭക്തിപൂർവ്വം ഗുഹസ്തവം ജപിച്ചാൽ അതിവേഗം ഫലസിദ്ധിയുണ്ടാകും. 12 ചൊവ്വാഴ്ച വ്രതമനുഷ്ഠിച്ച് ജപിച്ചാൽ കടബാധ്യതകളകറ്റി സമ്പൽ സമൃദ്ധി ഉറപ്പ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഗുഹസ്തവം കേൾക്കാം:

Story Summary: Significance of Powerful Subramaniya Dhayanam, Moola Mantram, Gayatri , Subramaniya Rayam, Subramaniya Pancharathnam and Guhasthavam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version