Saturday, 23 Nov 2024

സ്കന്ദഷഷ്ഠി വ്രതമെടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട കാര്യങ്ങൾ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

സുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍
ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷ പ്രഥമ കഴിഞ്ഞ്‌ വരുന്ന ആറാം തിഥിയിലാണ് സ്കന്ദഷഷ്ഠി ആചരണം. ഇത്തവണ നവംബർ 7, തുലാം 22 വ്യാഴാഴ്ചയാണ് ഇത്.
ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതീയുടെയും പുത്രനായി അവതരിച്ച മുരുകൻ വരബലത്താൽ അഹങ്കരിച്ച് ലോകത്തെ മുഴുവൻ ദ്രോഹിച്ച ശൂരപത്മാസുരനെ നിഗ്രഹിച്ച ദിവസമായതിനാലാണ് സ്കന്ദ ഷഷ്ഠിക്ക് ഇത്ര വലിയ പ്രാധാന്യം വന്നത്. താരകാസുരനെ നിഗ്രഹിച്ച ദിനമായും നാഗരൂപം വെടിഞ്ഞ് പാര്‍വ്വതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദിനമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
ക്ഷിപ്രഫലസിദ്ധിയാണ് സ്കന്ദഷഷ്ഠി വ്രത ഫലം.

സ്കന്ദഷഷ്ഠി വ്രതമെടുക്കുന്നവർ പരമാവധി സമയം ക്ഷേത്രത്തില്‍ തന്നെ കഴിയുക. യഥാശക്തി മുരുക മന്ത്രങ്ങൾ, പ്രാര്‍ത്ഥനകള്‍ ജപിക്കണം. സ്‌കന്ദപുരാണം പാരായണം ചെയ്യുന്നത് ഉത്തമം. കീര്‍ത്തനങ്ങള്‍, ശ്ലോകങ്ങള്‍ എന്നിവ ചൊല്ലുന്നത് നല്ലതാണ്.
വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ മൂല മന്ത്രമായ ഓം വചത്‌ഭുവേ നമഃ , സുബ്രഹ്മണ്യ രായം ഓം ശരവണ ഭവഃ സുബ്രഹ്മണ്യ ഗായത്രികൾ സുബ്രഹ്മണ്യകവചം, സുബ്രഹ്മണ്യ അഷ്ടകം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ സഹസ്രനാമം എന്നിവ ജപിക്കുകയോ കേൾക്കുകയോ വേണം.

സുബ്രഹ്മണ്യ ഗായത്രികൾ പലതുണ്ട്. അവയിൽ ചിലത പറഞ്ഞു തരാം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും സക്ന്ദഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യജപത്തിനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്.

സുബ്രഹ്മണ്യ ഗായത്രികൾ

1
ഓം സനൽ കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
(ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ്
നിത്യവും 108 തവണ ജപിക്കുക)

2
ഓം തത്കുമാരായ വിദ്മഹേ
കാർത്തികേയായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

(ഈ മന്ത്രം ദാമ്പത്യ സൗഖ്യത്തേയും
സന്താനലാഭത്തെയും പ്രദാനം ചെയ്യും നിത്യം
41 തവണ ജപിക്കുക)

3
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
(ഈ മന്ത്രം കർമ്മ തടസ്സങ്ങൾ ഇല്ലാതാക്കും.
നിത്യവും 36 തവണ ജപിക്കുക)
4
ഓം കാർത്തികേയായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
5
ഓം കുക്കുട ധ്വജായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സുബ്രഹ്മണ്യ പ്രചോദയാത്
(മനോദുഃഖമകലുന്നതിനും, അതിശക്തമായ മുന്‍ജന്മ ദോഷങ്ങളും പാപങ്ങള്‍ മാറും )

വ്രതമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ

സ്കന്ദ ഷഷ്ഠി വ്രതമെടുക്കാൻ കഴിയാത്തവർ
സുബ്രഹ്മണ്യ ഭഗവാൻ്റെ അനുഗ്രഹത്തിന് സ്കന്ദഷഷ്ഠി ദിവസം സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തുകയെങ്കിലും ചെയ്യണം. എല്ലാ മാസവും ഷഷ്ഠിവ്രതം അനുഷ്ഠിക്കണം എന്ന് നിര്‍ബന്ധമില്ല. ഒരു വ്രതം മാത്രമായി സ്വീകരിക്കാം. 6 വ്രതം, 11 വ്രതം, 12 വ്രതം, 13 വ്രതം എന്നിവയും ഉത്തമമാണ്. ഒരു മാസത്തില്‍ രണ്ടു ഷഷ്ഠി വരും. കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും . വെളുത്തവാവിന് മുമ്പും, കറുത്ത വാവിന് മുമ്പുമായി മാസത്തില്‍ രണ്ട് ഷഷ്ഠികള്‍ ഉണ്ട്. ഇതിൽ വെളുത്തപക്ഷ ഷഷ്ഠിയാണ് ആചരിക്കുന്നത്. വൃശ്ചിക മാസത്തിൽ തുടങ്ങി തുലാമാസത്തിൽ അവസാനിക്കും വിധം 12 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. സുബ്രഹ്മണ്യ ഭഗവാനെ ഷഷ്ഠി വ്രതം നോറ്റ് ഭജിച്ചാൽ പെട്ടെന്ന് ദോഷനിവ‍ൃത്തി വരുമെന്നാണ് വിശ്വാസം.

തടസ്സങ്ങള്‍ നീങ്ങും, ഭാഗ്യം തെളിയും

ക്ഷിപ്രഫലസിദ്ധിയാണ് മുരുക പ്രാര്‍ത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് മുരുകനെ പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും.
ഇഹത്തിലേക്കും പരത്തിലേക്കും സുബ്രഹ്മണ്യഭജനം
മന:ശുദ്ധിക്കും പാപശാന്തിക്കും ഒരേപോലെ ഗുണകരമാണ് സുബ്രഹ്മണ്യ ആരാധന. ഏതൊരു വിഷയത്തിലെയും തടസ്സങ്ങള്‍ നീങ്ങുന്നതിനും, ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണ് സുബ്രഹ്മണ്യ ആരാധന. നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാകും. ദോഷദുരിതങ്ങള്‍ നീക്കുന്നതിന് സുബ്രഹ്മണ്യഭജനം ഏറ്റവും നല്ലതാണ്. സന്താനദുരിതം, ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം എന്നിവക്കെല്ലാം സുബ്രഹ്മണ്യഭജനം ഉത്തമ പരിഹാരമാണ്. രോഗദുരിതശാന്തിക്കും, ഇഷ്ടകാര്യ വിജയത്തിനും ചൊവ്വാദോഷ മുക്തി, കുടുംബസൗഖ്യം, സർപ്പദോഷ ശാന്തി, ജീവിതസൗഭാഗ്യം എന്നിവയ്ക്ക് ക്ഷിപ്രഫലപ്രദം. ഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍ത്തൃ , സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ലെന്നും വിശ്വസിക്കപ്പെടുന്നു.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 09447020655

Story Summary: Significance Of Skanda Shashti Vritham and Benefits of Subramanya Swami Worshipping

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version