Friday, 22 Nov 2024

ആശ്വിന പൗർണ്ണമിയിലെ കൗമുദീവ്രതം ആഗ്രഹസാഫല്യവും സമ്പത്തും നൽകും

മംഗള ഗൗരി
ഭഗവാൻ ശ്രീകൃഷ്ണന്റെയും ലക്ഷ്മി ഭഗവതിയുടെയും
ഉമാമഹേശ്വരന്മാരുടെയും പ്രീതിയാൽ ആഗ്രഹസാഫല്യം, വ്യാധിനാശം തുടങ്ങിയവ കൈവരിക്കാൻ കഴിയുന്ന പുണ്യ ദിവസമാണ് ആശ്വിന പൗർണ്ണമി. അശ്വതി നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസമാണ് ആശ്വിനം. ഈ പൗർണ്ണമിയെ ശാരദാ ആശ്വിന പൗർണ്ണമിയെന്നും പറയുന്നു. 2024 ഒക്ടോബർ 17, 1200 തുലാം 1 വ്യാഴാഴ്ച
ആണ് ഇത്തവണ ആശ്വിന പൗർണ്ണമി. ചന്ദ്രോദയത്തിൽ പൗർണ്ണമിയുള്ളത് തലേന്ന് ബുധനാഴ്ചയായതിനാൽ ക്ഷേത്രങ്ങളിൽ പൗർണ്ണമി പൂജയും ഐശ്വര്യ പൂജയും 14 ന് വൈകിട്ട് നടക്കും.

എല്ലാ മാസത്തിലെയും പൗർണ്ണമിക്ക് വ്യത്യസ്തമായ ഫലങ്ങളുള്ളതുപോലെ ആശ്വിന പൗർണ്ണമിക്കും പ്രത്യേക ഫലമുണ്ട്. ശ്രീകൃഷ്ണ ഭഗവാൻ രാസോത്സവം നടത്തിയ ദിവസമായതിനാൽ ആഗ്രഹങ്ങൾ പൂവണിയാനും വിവാഹതടസ്സം മാറുന്നതിനും ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢമാകാനും ദാമ്പത്യക്ലേശം പരിഹരിക്കാനും
ഈ ദിനം നല്ലതാണ്. അന്ന് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും പ്രാർത്ഥനയും, നടത്തുന്നത് ഐശ്വര്യദായകമായി കരുതുന്നു. തൃക്കൈ വെണ്ണ, പാൽപാൽപ്പായസം എന്നിവ ഭഗവാന് നിവേദിക്കുന്നത് വിശേഷമാണ്. അതു പോലെ തന്നെ ലക്ഷ്മിപൂജയ്ക്ക് വിശേഷപ്പെട്ട ദിവസവുമാണിത്.

ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിന് “കൗമുദീവ്രതം” എന്നു പറയുന്നു. പാലാഴിയിൽ നിന്നും ലക്ഷ്മിദേവി ഉയർന്നുവന്നത് ഈ ദിവസമായി ചിലർ കരുതപ്പെടുന്നു. അന്ന് അർദ്ധരാത്രിയിൽ ലക്ഷ്മിദേവി ലോകം ചുറ്റുമെന്ന വിശ്വാസം പൗരാണികമായുണ്ട്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന പൗർണ്ണമിയാണിത്. ചന്ദ്രന്റെ പതിനാറു കലകളും പൂർണ്ണമായി ഭൂമിയിൽ പതിക്കുന്ന ദിവസമായതിനാൽ അത്തരത്തിലും ഈ പൗർണ്ണമിക്ക് പ്രാധാന്യമുണ്ട്. ചന്ദ്രന് അമൃതകിരണൻ എന്ന് പേരുണ്ട്. ശാരദാപൂർണ്ണമിക്ക് ചന്ദ്രകിരണത്തോടൊപ്പം അമൃതവർഷവും ഉണ്ടാകുന്നുവെന്ന് പറയപ്പെടുന്നു. ഈ ദിവസം ശിവക്ഷേത്രങ്ങളിൽ നെയ് വിളക്ക് തെളിയിക്കുന്നതും, പിൻവിളക്ക് തെളിയിക്കുന്നതും ഉമാ മഹേശ്വര പ്രീതികരമാണ്.

ദേവീപ്രീതി നേടാൻ ഏറ്റവും ഉത്തമ ദിവസമായി എല്ലാ മാസത്തെയും പൗർണ്ണമിയെ കണക്കാക്കുന്നു. ഒരിക്കലൂണ്, പുലർച്ചെയുള്ള കുളി, ദേവീക്ഷേത്രദർശനം എന്നിവയാണ് ഈ ദിവസത്തെ മുഖ്യ അനുഷ്ഠാനങ്ങൾ.
ഐശ്വര്യം, സമ്പത്ത്, കീർത്തി, വിജ്ഞാനം, മനോബലം തുടങ്ങിയവ പൗർണ്ണമി വ്രതാനുഷ്ഠാനത്തിന്റെ പ്രധാന ഫലങ്ങളാണ്. ചന്ദ്രദശാകാലമുള്ളവരും ജാതകത്തിലെ
ചന്ദ്രന്റെ ബലക്കുറവിനാൽ വിഷമങ്ങളും തിരിച്ചടികളും അനുഭവിക്കുന്നവരും പതിവായി പൗർണമി നാളിൽ വ്രതം അനുഷ്ഠിക്കുന്നത് ശ്രേയസ്കരമാണ്.

Story Summary: Significance of Sree Krishna, Maha Lakshmi and Umamaheswa Pooja on Aswina Powrnami

Copyrights 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version