Friday, 10 Jan 2025

സ്വർഗ്ഗവാതിൽ ഏകാദശി നോറ്റാൽ സർവഐശ്വര്യം സർവരോഗശമനം ഫലം

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്

വിഷ്ണു ഭക്തർക്ക് ഏറ്റവും പ്രധാന ദിവസമായ സ്വർഗ്ഗവാതിൽ ഏകാദശി ഇത്തവണ 2025 ജനുവരി 10
വെള്ളിയാഴ്ചയാണ്. വ്രതം വ്യാഴാഴ്ച തുടങ്ങണം.

മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിനം എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമാണ്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തിരുപ്പതി
ശ്രീ വെങ്കടാചലപതി ക്ഷേത്രം, തൃശൂർ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ് ക്ഷേത്രം എന്നിവിടങ്ങളിൽ ഇത് വിപുലമായായി ആചരിക്കുന്നു. എല്ലാശുക്ലപക്ഷ ഏകാദശിയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഹരിവലം പതിവാണ്. പുറത്തെ പ്രദക്ഷിണ പാതയിലൂടെ മഹാമന്ത്രജപത്തോടെയുള്ള ചടങ്ങാണ്
ഏകാദശി ഹരിവലം.

ഏറ്റവും പ്രധാന ഏകാദശി
എല്ലാ ഏകാദശികളും ഒരുപോലെ വിശേഷമാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്ന് പറയുന്നു.

സർവഐശ്വര്യ ലബ്ധിയും സർവരോഗശമനവും സർവപാപമുക്തിയുമാണ് സ്വർഗ്ഗവാതിൽ ഏകാദശി
ആചരണ ഫലം. ശകവർഷപ്രകാരം മാർഗ്ഗശീർഷം അല്ലെങ്കിൽ പൗഷമാസത്തിലാണ് ഭക്തർക്കായി
വൈകുണ്ഠ ലോകം തുറക്കുന്ന ഈ ദിവസം വരുന്നത്.

വ്രതവിധി
ഏകാദശി വ്രതവിധി ഇപ്രകാരമാണ്: ദശമി ദിവസം ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ച്, കഴിയുമെങ്കിൽ വെള്ള വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആദിവസം മുഴുവനും വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നതാണ് ഉത്തമം. ഊണുറക്കങ്ങൾ ആ ദിവസം തീർത്തും വർജ്ജ്യമാണ്.

ഏകാദശി ദിനത്തിലെ പൂർണ്ണോപവാസം ഏവർക്കും സാധിച്ചെന്ന് വരില്ല. അവർക്ക് ഒരുനേരം ഫലവർഗ്ഗങ്ങളോ മറ്റോ കഴിക്കാം. നെല്ലരിച്ചോറ്, അരികൊണ്ടുള്ള പലഹാരങ്ങൾ തുടങ്ങിയവ വർജജ്യമാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ആ മൂന്ന് ദിവസങ്ങളിൽ അരിയാഹാരം നിർബന്ധമായും ഉപേക്ഷിക്കണം. ഹരിവാസരസമയത്ത് അതായത് ഏകാദശി തിഥിയുടെ അവസാന 15 നാഴികയും ദ്വാദശി തിഥിയുടെ ആദ്യ 15 നാഴികയും വരുന്ന 12 മണിക്കൂർ വിഷ്ണു നാമങ്ങളും മന്ത്രങ്ങളും കഴിയുന്നത്ര തവണ ജപിക്കണം. ദ്വാദശി ദിവസം കാലത്ത് കുളികഴിഞ്ഞ് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിക്കുക. അതിനുശേഷം അരിഭക്ഷണം കഴിക്കാം. അന്നേ ദിവസം ഉച്ചക്ക് ഉറങ്ങരുത്. ക്ഷേത്രദർശനം ഉത്തമം ഏകാദശി ദിവസം പ്രഭാത സ്നാന ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തുകയും മഹാവിഷ്ണു മന്ത്രങ്ങൾ ജപിക്കുകയും വേണം. ദ്വാദശി ദിവസം ഹരിവാസര ശേഷം വ്രതം മുറിക്കാം. ധനുവിലെ കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി, വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്നിവ ഏറെ വിശേഷമാണ്.

ജപിക്കേണ്ട മന്ത്രങ്ങൾ
വ്രതം നോൽക്കുന്നവർ ദശമി, ഏകാദശി ദ്വാദശി ദിവസങ്ങളിൽ മഹാവിഷ്ണു മൂലമന്ത്രം ഓം നമോ നാരായണായ, ദ്വാദശാക്ഷര മന്ത്രം ഓം നമോ ഭഗവതേ വാസുദേവായ, വിഷ്ണു ശതനാമ സ്തോത്രം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത ഇവ ജപിക്കണം, അല്ലെങ്കിൽ ശ്രവിക്കണം.

ശതനാമ സ്തോത്രം
ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന ഒന്നാണ് വിഷ്ണു ശതനാമ സ്തോത്രം.
വിഷ്ണു അഷ്ടോത്തരത്തെക്കാൾ പ്രസിദ്ധം ശതനാമ സ്തോത്രമാണ്. ഭഗവാനെ ഈ 100 നാമങ്ങളാൽ എന്നും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം:

തരവത്ത് ശങ്കരനുണ്ണി , പാലക്കാട്
+91 9847118340

Story Summary: Significance of Swrgavathil Ekadashi falls on Dhanu, Malayalam Month

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version