Tuesday, 11 Feb 2025

തൈപ്പൂയവും ചൊവ്വാഴ്ചയും ഒന്നിച്ച്; ആഗ്രഹസാഫല്യം നേടാൻ അതിവിശേഷം

ജ്യോതിഷി പ്രഭാസീന സി പി
പരബ്രഹ്മസ്വരൂപനും സുഖദായകനും അഭിഷേക പ്രിയനുമായ ഭഗവാൻ ശ്രീമുരുകനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ദുഃഖമകറ്റി ഭൗതികവും ആദ്ധ്യാത്മികവുമായ ആഗ്രഹസാഫല്യം നേടാൻ ഷഷ്ഠിവ്രതം പോലെ ശ്രേഷ്ഠമായ തൈപ്പൂയം 2025 ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ്. സുബ്രഹ്മണ്യ പൂജയ്ക്ക് വിശേഷമായ ചൊവ്വാഴ്ച, തൈപ്പൂയം കൂടി വരുന്നത് അതിവിശിഷ്ടമായി കരുതുന്നു. ഇതിന് വ്രതമെടുക്കുന്നവർ തൈപ്പൂയത്തിന് മൂന്ന് ദിവസം മുമ്പ് മത്സ്യമാംസാദികൾ വെടിഞ്ഞ് വ്രതം തുടങ്ങണം. തലേദിവസം ഒരുനേരമേ അരിയാഹാരം പാടുള്ളൂ. തൈപ്പൂയദിവസം പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. അതിന് സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ച് കരിക്കും പഴവർഗ്ഗങ്ങളും മറ്റും കഴിച്ച് വ്രതമെടുക്കുക. വ്രതദിവസങ്ങളിൽ രാവിലെ കുളിച്ച് സുബ്രഹ്മണ്യക്ഷേത്രത്തിൽ ദർശനം നടത്തി ഓം വചത് ഭവേ നമഃ , ഓം ശരവണ ഭവഃ തുടങ്ങിയ മന്ത്രങ്ങൾ
108 പ്രാവശ്യം ജപിക്കണം. പകലുറക്കം പാടില്ല. വ്രത ദിനങ്ങളിൽ രാവിലെയും വൈകിട്ടും സുബ്രഹ്മണ്യ ധ്യാന
ശ്ലോകം, സുബ്രഹ്മണ്യ ഗായത്രി, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം , സുബ്രഹ്മണ്യ
സഹസ്രനാമം തുടങ്ങിയവ ചൊല്ലുന്നത് ഉത്തമമാണ്. തൈപ്പൂയത്തിന്റെ പിറ്റേന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. സന്താനമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ ഒരുമിച്ച് ഈ വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ സന്താനഭാഗ്യം ഉണ്ടാകും. സന്താനങ്ങൾക്ക് അഭിവൃദ്ധി, ശത്രുദോഷ ശമനം, മുജന്മ ദോഷശാന്തി, വിവാഹഭാഗ്യം, പ്രണയസാഫല്യം തുടങ്ങിയ ഗുണാനുഭവങ്ങളും തൈപ്പൂയ വ്രതാനുഷ്ഠാനത്തിന്റെ
ഫലമായി ലഭിക്കും. ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം ലഭിക്കാത്തവർ മകരത്തിലെ തൈപ്പൂയം മുതൽ എല്ലാമാസവും പൂയം നക്ഷത്രദിവസം ഒരു വർഷം വ്രതം അനുഷ്ഠിച്ചാൽ ദോഷശാന്തിയുണ്ടായി മംഗല്യഭാഗ്യം കൈവരും.

സുബ്രഹ്മണ്യ ധ്യാനം
സ്ഫുരന്മകുടപത്രകുണ്ഡലവിഭൂഷിതം ചമ്പക–
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവീം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

(തിളങ്ങുന്ന കിരീടവും കാതിലോലയും കൊണ്ട് അലങ്കരിക്കപ്പെട്ടവനും, കഴുത്തിൽ ചമ്പക മാലയണിഞ്ഞവനും, കൈകളിൽ വേലും വജ്രായുധവും ധരിച്ചവനും ഇടതുകൈ അരയിൽ ചേർത്ത് വലതുകൈയിൽ വരദമുദ്ര ധരിച്ചവനും, കുങ്കുമം പോലെ ചുവന്ന നിറത്തോടു കൂടിയവനും, മഞ്ഞ പട്ടുടുത്തവനും ആയ സുബ്രഹ്മണ്യനെ ധ്യാനിക്കണം.)

സുബ്രഹ്മണ്യ ഗായത്രി
ഓം സനല്ക്കുമാരായ
വിദ്മഹേ ഷഡാനനായ ധീമഹേ
തന്നോ സ്‌കന്ദ: പ്രചോദയാൽ

തൈപ്പൂയ വ്രതാനുഷ്ഠാനം സംബന്ധിച്ച വിശദ വിവരങ്ങൾ പ്രസിദ്ധ താന്ത്രിക ആചാര്യൻ പുതുമന
മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്ന വീഡിയോ
കാണുക:

ജ്യോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Significance of Thaipooyam 2025

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version